ഈ മനുഷ്യന്‍ ഞെട്ടിച്ചുകളഞ്ഞു, ടെസ്റ്റില്‍ വീണ്ടും ചരിത്രം; ആന്‍ഡേഴ്‌സന് മുന്നില്‍ പ്രായം വെറും നമ്പര്‍
Sports News
ഈ മനുഷ്യന്‍ ഞെട്ടിച്ചുകളഞ്ഞു, ടെസ്റ്റില്‍ വീണ്ടും ചരിത്രം; ആന്‍ഡേഴ്‌സന് മുന്നില്‍ പ്രായം വെറും നമ്പര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 9th March 2024, 11:39 am

ഇംഗ്ലണ്ടിനെതിരെ അവസാന ടെസ്റ്റിലെ ആദ്യ ഇന്നിങ്സില്‍ ഇന്ത്യയുടെ ബാറ്റിങ് അവസാനിച്ചിരിക്കുകയാണ്. 477 റണ്‍സിന് ഇന്ത്യ ഓള്‍ ഔട്ട് ആവുകയായിരുന്നു. ആദ്യ ഇന്നിങ്സില്‍ ഇംഗ്ലണ്ടിനെ 218 റണ്‍സിനാണ് ഇന്ത്യ തകര്‍ത്തത്. ഇംഗ്ലണ്ട് സ്പിന്‍ ബൗളര്‍ ഷൊയ്ബ് ബഷീര്‍ അഞ്ച് വിക്കറ്റ് നേടി തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. ടോം ഹാര്‍ട്‌ലിയും ജെയിംസ് ആന്‍ഡേഴ്‌സനും ചേര്‍ന്ന് രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോഴേക്കും ഇന്ത്യ തകരുകയായിരുന്നു.

അവസാനം കുല്‍ദീപ് യാദവ് 30 റണ്‍സും ജസ്പ്രീത് ബുംറ 20 റണ്‍സും നേടി പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കുല്‍ദീപ് യാദവിന്റെ വിക്കറ്റ് നേടിയത് ആന്‍ഡേഴ്‌സനാണ്. ഇതോടെ ആന്‍ഡേഴ്‌സണ്‍ തന്റെ ടെസ്റ്റ് കരിയറിലെ നിര്‍ണായക നേട്ടത്തില്‍ എത്തിയിരിക്കുകയാണ്. 700 ടെസ്റ്റ് വിക്കറ്റുകള്‍ തികക്കാനാണ് താരത്തിന് സാധിച്ചത്. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന മൂന്നാമത്തെ താരമാകാനും ആന്‍ഡേഴ്‌സണ് കഴിഞ്ഞു.

ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് സ്വന്തമാക്കുന്ന താരം, ടീം, വിക്കറ്റ്

മുത്തയ്യ മുരളീധരന്‍ – ശ്രീലങ്ക – 800

ഷെയ്ന്‍ വോണ്‍ – ഓസ്‌ട്രേലിയ – 708

ജെയിംസ് ആന്‍ഡേഴ്‌സണ്‍ – 700*

 

ടെസ്റ്റിലെ ലെജന്റ്‌സ് ക്ലബില്‍ മൂന്നാമത് എത്താനും ഇംഗ്ലണ്ടിന് വേണ്ടി 700 ടെസ്റ്റ് വിക്കറ്റ് നേടുന്ന ആദ്യ താരമാകാനും ആന്‍ഡേഴ്‌സണ് സാധിച്ചു. പ്രായത്തെ വെല്ലുന്ന പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്.

ഇന്ത്യയുടെ ബാറ്റിങ് ആരംഭിച്ചപ്പോള്‍ ഓപ്പണര്‍ യശസ്വി ജെയ്‌സ്വാള്‍ 58 പന്തില്‍ നിന്നും മൂന്ന് സിക്സറുകളും അഞ്ച് ബൗണ്ടറികളും അടക്കം 57 റണ്‍സ് നേടിയാണ് പുറത്തായത്.

രോഹിത് 162 പന്തില്‍ നിന്ന് 13 ഫോറും മൂന്ന് സിക്സും അടക്കം 103 റണ്‍സ് നേടിയാണ് പുറത്തായത്. ബെന്‍ സ്റ്റോക്സിന്റെ പന്തിലാണ് താരം പുറത്തായത്. ഗില്‍ 150 പന്തില്‍ നിന്ന് 13 ഫോറും അഞ്ച് സിക്സറും അടക്കം 110 റണ്‍സെടുത്താണ് പുറത്തായത്. ജെയിംസ് ആന്‍ഡേഴ്‌സനാണ് വിക്കറ്റ് നേടിയത്.
അരങ്ങേറ്റം കുറിച്ച ദേവ്ദത്ത് പടിക്കല്‍ 103 പന്തില്‍ 65 റണ്‍സും സര്‍ഫറാസ് ഖാന്‍ 60 പന്തില്‍ 56 റണ്‍സും നേടി മികച്ച പ്രകടനം കാഴ്ചവെച്ചാണ് പുറത്തായത്.

രവീന്ദ്ര ജഡേജ (15), ധ്രുവ് ജുറെല്‍ (15), രവിചന്ദ്രന്‍ അശ്വിന്‍ (0) എന്നിവര്‍ കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കാതെയാണ് പുറത്തായത്.

 

 

Content highlight: James Anderson Get 700 Wickets In Test Cricket