കൊച്ചി: നീണ്ട ഇടവേളയ്ക്ക് ശേഷം നടി ജലജയുടെ തിരിച്ചുവരവ് രേഖപ്പെടുത്തിയ ചിത്രമാണ് മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മാലിക്. ചിത്രത്തില്‍ ജലജയുടെ ചെറുപ്പം അവതരിപ്പിച്ചത് മകളായ ദേവിയാണ്.
തിരിച്ചുവരവിനൊപ്പം സിനിമാലോകത്തെ മകളുടെ അരങ്ങേറ്റവും തനിക്ക് ഇരട്ടി സന്തോഷം നല്‍കിയെന്ന് പറയുകയാണ് ജലജ. മീഡിയവണ്ണിനോടായിരുന്നു ജലജയുടെ പ്രതികരണം.
‘ഈ പടത്തില്‍ എന്റെ ചെറുപ്പം അവതരിപ്പിച്ചിരിക്കുന്നത് എന്റെ മകളാണ്. അവളുടെ ആദ്യത്തെ കാല്‍വെയ്പ്പ്. അത്രയും മികച്ച ടീമിനോടൊപ്പം മികച്ച ആര്‍ട്ടിസ്റ്റുകളോടൊപ്പം അവള്‍ സിനിമാലോകത്ത് കാല്‍വെച്ചത് തന്നെ ഇരട്ടി സന്തോഷം നല്‍കുന്നു,’ ജലജ പറഞ്ഞു.
ചെറുപ്രായത്തില്‍ ഭര്‍ത്താവിനെ നഷ്ടപ്പെട്ട ശേഷം രണ്ട് മക്കളെയും സ്വന്തം അധ്വാനത്തിലൂടെ വളര്‍ത്തിക്കൊണ്ടുവരുന്ന അധ്യാപികയുടെ കഥാപാത്രമാണ് മാലികില്‍ ജലജയുടേത്.
മാലികില്‍ വളരെ കുറഞ്ഞ സീനുകളില്‍ മാത്രമാണ് ജലജ എത്തുന്നതെങ്കിലും തന്റെ എല്ലാ സീനുകളും നടി കയ്യടക്കത്തോടെ അഭിനയിച്ചിട്ടുണ്ട്.
സുലൈമാന്‍ അലിയെന്ന കേന്ദ്ര കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിച്ചത്.
റോസ്ലിന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നിമിഷ സജയനും മികച്ച പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവെച്ചത്. വിനയ് ഫോര്‍ട്ട്, ജോജു ജോര്‍ജ്, തുടങ്ങി നിരവധി കഥാപാത്രങ്ങളും മികച്ച പ്രകടനമാണ് നടത്തിയത്.
ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത ചിത്രം വലിയ നിരൂപക ശ്രദ്ധയാണ് നേടുന്നത്. ചിത്രം റിലീസായതോടെ ബീമാപ്പള്ളി വെടിവെയ്പ്പ് അടക്കമുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും തുടക്കമായിട്ടുണ്ട്.