Entertainment news
'രജിനി ഷോ'; ജയിലര്‍ ആദ്യ ദിനം നേടിയത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Aug 11, 04:35 am
Friday, 11th August 2023, 10:05 am

നെല്‍സണ്‍ ദിലിപ്കുമാറിന്റെ സംവിധാനത്തില്‍ രജിനികാന്ത് നായകനായ ജയിലര്‍ കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളില്‍ എത്തിയത്. വമ്പന്‍ പ്രതികരണമായിരുന്നു ആദ്യ ഷോ മുതല്‍ ചിത്രത്തിന് ലഭിച്ചത്. ലോകമെമ്പാടും ആഘോഷമായിട്ടാണ് സിനിമാപ്രേമികളും ആരാധകരും ചിത്രത്തെ വരവേറ്റത്.

ഇപ്പോഴിതാ ജയിലര്‍ ആദ്യ ദിനം നേടിയ കളക്ഷന്‍ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ട്രാക്കര്‍മാരുടെയെല്ലാം കണക്കുകൂട്ടലുകള്‍ തെറ്റിച്ചു കൊണ്ട് റെക്കോഡ് കളക്ഷനാണ് റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം ചിത്രത്തിന് ആദ്യ ദിനം ലഭിച്ചത്.

തമിഴ്‌നാട്ടില്‍ റിലീസ് ദിനത്തിലെ 2023ലെ കളക്ഷന്‍ റെക്കോര്‍ഡ് കളക്ഷന്‍ ജയിലറിന്റെ പേരില്‍ ആയികഴിഞ്ഞു ട്രേഡ് അനലിസ്റ്റ് മനോബാലയുടെ ട്വീറ്റ് പ്രകാരം 29.46 കോടി രൂപയാണ് രജിനികാന്ത് ചിത്രം തമിഴ്‌നാട്ടില്‍ നിന്ന് ആദ്യ ദിനം നേടിയിരിക്കുന്നത്.

അജിത് നായകനായ തുനിവ് നേടിയത് 24. 59 കോടി ആയിരുന്നു. മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍ രണ്ടാം ഭാഗം ആകട്ടെ 21 കോടിയും വിജയ് നായകനായി എത്തിയ വാരിസ് 19.43 കോടിയും ഈ വര്‍ഷം തമിഴ്‌നാട്ടില്‍ നിന്ന് ഏറ്റവും കൂടുതല്‍ ആദ്യ ദിന കളക്ഷന്‍ നേടിയ ചിത്രങ്ങളാണ്. ഈ ചിത്രങ്ങളുടെയൊക്കെ റെക്കോഡ് തിരുത്തിയെഴുതിയാണ് ജയിലര്‍ മുന്നേറുന്നത്.

അതേസമയം ചിത്രം കേരളത്തില്‍ നിന്ന് മാത്രം 5.5 കോടി രൂപ ആദ്യ ദിനം സ്വന്തമാക്കി എന്നാണ് റിപ്പോര്‍ട്ട്. വിജയിക്കും കമല്‍ഹാസനും ശേഷം കേരളത്തില്‍ നിന്ന് ആദ്യ ദിനത്തില്‍ 5 കോടിക്ക് മുകളില്‍ കളക്ഷന്‍ സ്വന്തമാക്കുന്ന നടന്‍ എന്ന റെക്കോഡും രജിനികാന്ത് ഇതിലൂടെ സ്വന്തമാക്കി കഴിഞ്ഞു.

ലോകമെമ്പാടും നിന്ന് ചിത്രം 95 കോടിയോളം രൂപ സ്വന്തമാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആദ്യ വാരന്ത്യം കൂടി കഴിയുമ്പോള്‍ ചിത്രം സകല റെക്കോഡും തിരുത്തി കുറിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ജയിലര്‍ നിര്‍മിച്ചിരിക്കുന്നത്. രജിനിയുടെ 169മത്തെ ചിത്രം കൂടിയാണ് ജയിലര്‍. സിനിമയുടെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്.

തമന്നയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. രമ്യ കൃഷ്ണന്‍, ജാക്കി ഷ്‌റോഫ് തുടങ്ങിയ വമ്പന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Content Highlight: Jailer movie first day collection report