മമ്മൂട്ടിയും ആസിഫും മാത്രമല്ല, ഈ വര്‍ഷത്തെ ഗംഭീര പെര്‍ഫോമര്‍മാരില്‍ ജഗദീഷുമുണ്ട്
Entertainment
മമ്മൂട്ടിയും ആസിഫും മാത്രമല്ല, ഈ വര്‍ഷത്തെ ഗംഭീര പെര്‍ഫോമര്‍മാരില്‍ ജഗദീഷുമുണ്ട്
അമര്‍നാഥ് എം.
Monday, 7th October 2024, 12:37 pm

മലയാളസിനിമയെ സംബന്ധിച്ച് വളരെ മികച്ചൊരു വര്‍ഷമാണ് 2024. കണ്ടന്റുകളിലെ വൈവിധ്യം കൊണ്ടും ബോക്‌സ് ഓഫീസ് വിജയങ്ങളുടെ എണ്ണം കൊണ്ടും ഇന്‍ഡസ്ട്രിക്ക് അഭിമാനിക്കാനുള്ള വര്‍ഷമാണ് ഇത്. അതിനെക്കാളുപരി മലയാളസിനിമയെ മറ്റ് ഇന്‍ഡസ്ട്രികള്‍ വാനോളം പ്രശംസിക്കുന്നതിനും ഈ വര്‍ഷം സാക്ഷ്യം വഹിച്ചു. പല നടന്മാരും അവരുടെ പെര്‍ഫോമന്‍സ് കൊണ്ട് സിനിമാപ്രേമികളെ ഞെട്ടിച്ചു. കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ മമ്മൂട്ടിയും ആസിഫ് അലിയും നിരവധി പ്രശംസകളേറ്റുവാങ്ങി.

എന്നാല്‍ പലരും അത്രകണ്ട് പ്രശംസിക്കാതെ പോകുന്ന മറ്റൊരു ഗംഭീര നടനുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷമായി തന്റെ ട്രാക്ക് മൊത്തത്തില്‍ മാറ്റിപ്പിടിച്ച് ഞെട്ടിക്കുന്ന ഒരു നടന്‍. മറ്റാരുമല്ല, നമ്മുടെ സ്വന്തം ജഗദീഷ് തന്നെ. ഈ വര്‍ഷം ജഗദീഷ് അഭിനയിച്ച അഞ്ച് ചിത്രങ്ങളിലും അദ്ദേഹത്തിന്റെ പ്രകടനം ഗംഭീരമായിരുന്നു. ഓസ്ലര്‍, ഗുരുവായൂരമ്പല നടയില്‍, വാഴ, കിഷ്‌കിന്ധാ കാണ്ഡം, അജയന്റെ രണ്ടാം മോഷണം എന്നീ ചിത്രങ്ങളില്‍ യാതൊരു ആവര്‍ത്തനവും വരാത്ത പെര്‍ഫോമന്‍സായിരുന്നു ജഗദീഷിന്റേത്.

വില്ലത്തരം ഉള്ളിലൊളിപ്പിച്ച ഡോക്ടര്‍ സേവി പുന്നൂസ് എന്ന കഥാപാത്രമായാണ് ജഗദീഷ് ഓസ്ലറിലെത്തിയത്. പണ്ട് ചെയ്ത കുറ്റത്തില്‍ യാതൊരു കുറ്റബോധവും തോന്നാത്ത വില്ലനായി മികച്ച പെര്‍ഫോമന്‍സാണ് ഓസ്ലറില്‍ ജഗദീഷ് കാഴ്ചവെച്ചത്. മമ്മൂട്ടി അവതരിപ്പിച്ച അലക്‌സാണ്ടര്‍ എന്ന കഥാപാത്രത്തെ കാണുന്ന സീനില്‍ മമ്മൂട്ടിയോടൊപ്പം സ്‌കോര്‍ ചെയ്യാന്‍ അദ്ദേഹത്തിന് സാധിച്ചു.

പൃഥ്വിരാജിന്റെ അച്ഛന്‍ കഥാപാത്രത്തെയാണ് ഗുരുവായൂരമ്പല നടയിലില്‍ ജഗദീഷ് അവതരിപ്പിച്ചത്. പെട്ടെന്ന് കാണുമ്പോള്‍ അധികം പെര്‍ഫോം ചെയ്യാനുള്ള സ്‌കോപ്പ് ഇല്ലെന്ന് തോന്നുമെങ്കിലും ചില സീനില്‍ അസാധ്യ സ്‌കോറിങ് ജഗദീഷിന്റേത്. പ്രോട്ടീന്‍ പൗഡര്‍ എടുത്ത് പുട്ട് കുഴക്കുന്ന ജോലിക്കാരിയോട് ദേഷ്യപ്പെടുന്ന സീനില്‍ പഴയ ജഗദീഷിനെ കാണാന്‍ സാധിച്ചിരുന്നു.

പല യുവാക്കള്‍ക്കും റിലേറ്റ് ചെയ്യാന്‍ കഴിയുന്ന സിനിമയായിരുന്നു വാഴ. സോഷ്യല്‍ മീഡിയയിലൂടെ ജനശ്രദ്ധ നേടിയ ഒരുകൂട്ടം യുവാക്കള്‍ പ്രധാനവേഷങ്ങളിലെത്തിയ ചിത്രത്തില്‍ സാഫ് ബോയ് അവതരിപ്പിച്ച വിശ്വത്തിന്റെ അച്ഛന്‍ കഥാപാത്രത്തെയാണ് ജഗദീഷ് അവതരിപ്പിച്ചത്. ചിത്രത്തിന്റെ ആദ്യ പകുതിയില്‍ തന്റെ മകന്‍ താന്‍ പറയുന്ന മാത്രം കേട്ട് വളരുന്നതില്‍ അഭിമാനം കൊള്ളുന്ന അവനെ കേള്‍ക്കാന്‍ തയാറാകാത്ത അച്ഛനായാണ് ജഗദീഷ് പ്രത്യക്ഷപ്പെടുന്നത്. ക്ലൈമാക്‌സിനോടടുക്കുമ്പോള്‍ ആ കഥാപാത്രത്തിന് വരുന്ന മാറ്റവും പിന്നീടുള്ള ഡയലോഗും അയാളിലെ നടനെ അടയാളപ്പെടുത്തുന്നതായിരുന്നു.

ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ കിഷ്‌കിന്ധാ കാണ്ഡത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള കഥാപാത്രത്തെയാണ് ജഗദീഷ് അവതരിപ്പിച്ചത്. ഫോറസ്റ്റ് ഡിവിഷനിലെ ടെംപററി വാച്ചറായ സുമദത്തന്‍ എന്ന കഥാപാത്രത്തിന്റെ നിഗൂഢതകള്‍ ജഗദീഷില്‍ ഭദ്രമായിരുന്നു. അപ്പുപ്പിള്ളയുടെ രഹസ്യങ്ങള്‍ മുഴുവന്‍ സുമദത്തന് അറിയുമോ ഇല്ലയോ എന്ന ചോദ്യത്തിന് ചിത്രം തീര്‍ന്നാലും ഉത്തരം ലഭിക്കില്ല. ജഗദീഷിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായി സുമദത്തനെ കണക്കാക്കാം.

ഓണം റിലീസായെത്തി അതിഗംഭീര വിജയത്തിലേക്ക് കുതിക്കുന്ന അജയന്റെ രണ്ടാം മോഷണത്തിലും ജഗദീഷിന്റെ സാന്നിധ്യമുണ്ടായിരുന്നു. ജ്യോതിവിളക്ക് മോഷ്ടിക്കാന്‍ മണിയനോടൊപ്പം ഇറങ്ങിത്തിരിക്കുന്ന കൊല്ലന്‍ നാണുവായി നോക്കിലും നടപ്പിലും ജഗദീഷ് ഞെട്ടിച്ചു. കള്ളനും കൊല്ലനും എന്ന ഡെഡ്‌ലി കോമ്പോ പ്രേക്ഷകര്‍ക്ക് കണക്ടാക്കാന്‍ ജഗദീഷ് വഹിച്ച പങ്ക് ചെറുതല്ല. വെറും അരമണിക്കൂറില്‍ താഴെ മാത്രം സ്‌ക്രീന്‍ ടൈമുള്ള നാണുവിനെ അദ്ദേഹം മികച്ചതാക്കി.

കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ജഗദീഷിനെപ്പോലെ ഞെട്ടിച്ച നടന്‍ വേറെയില്ല. ലീലയിലൂടെ ട്രാക്ക് മാറ്റിയ അദ്ദേഹം റോഷാക്കിലൂടെ തന്റെ റേഞ്ച് തെളിയിച്ചു. പിന്നീട് ഫാലിമി, പുരുഷപ്രേതം, കാപ്പ, പൂക്കാലം, നേര് തുടങ്ങിയ ചിത്രങ്ങളിലൂടെ തന്നിലെ പെര്‍ഫോമറെ അടയാളപ്പെടുത്തുകയായിരുന്നു. ഇനിയും തേച്ചാല്‍ ഇനിയും മിനുങ്ങുമെന്ന പ്രയോഗം ജഗദീഷിനും ചേരും.

Content Highlight: Jagadish’s best performances in  2024

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം