ആ കഥാപാത്രം വീണ്ടും വരാൻ കാത്തിരിക്കുകയാണ് ഞാൻ, വന്നാൽ ഇരട്ടി എനർജിയിൽ ചെയ്യും: ജഗദീഷ്
Entertainment
ആ കഥാപാത്രം വീണ്ടും വരാൻ കാത്തിരിക്കുകയാണ് ഞാൻ, വന്നാൽ ഇരട്ടി എനർജിയിൽ ചെയ്യും: ജഗദീഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 11th August 2024, 1:23 pm

മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ജഗദീഷ്. പ്രേക്ഷകർ ഓർത്തിരിക്കുന്ന നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ ജഗദീഷ് ഇന്നും മലയാള സിനിമയിൽ സജീവമാണ്.

നാലു പതിറ്റാണ്ടിനിടയിൽ മായിൻകുട്ടി , അപ്പുക്കുട്ടൻ, തുടങ്ങിയ മികച്ച കഥാപാത്രങ്ങൾ അദ്ദേഹം പ്രേക്ഷകർക്കായി സമ്മാനിച്ചിട്ടുണ്ട്. ഹാസ്യതാരമായാണ് കരിയർ തുടങ്ങിയതെങ്കിലും ഇന്ന് മലയാളത്തിലെ മികച്ച നടൻ കൂടിയാണ് അദ്ദേഹം.

സിദ്ധിഖ് ലാൽ കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമാണ് ഇൻ ഹരിഹർ നഗർ. മുകേഷ് , ജഗദീഷ് , സിദ്ധിഖ് , അശോകൻ എന്നിവർ നായകരായ ചിത്രത്തിൽ ജഗദീഷിന്റെ അപ്പുക്കുട്ടൻ എന്ന കഥാപാത്രത്തിന് ഇന്നും വലിയ ആരാധകരുണ്ട്. ഇൻ ഹരിഹർ നഗറിന്റെ പുറത്തിറങ്ങിയ മറ്റ് രണ്ടുഭാഗങ്ങളും തിയേറ്ററിൽ വിജയമായി മാറിയിരുന്നു.

അപ്പുക്കുട്ടൻ എന്ന കഥാപാത്രം ഇനിയും ചെയ്യാൻ ആഗ്രഹമുണ്ടെന്ന് പറയുകയാണ് ജഗദീഷ്. സത്യത്തിൽ താൻ അതിന് കാത്തിരിക്കുകയാണെന്നും ഇപ്പോൾ സീരിയസ് വേഷങ്ങൾ ചെയ്യുന്നത് കൊണ്ട് ആ കഥാപാത്രം താൻ വേണ്ടെന്ന് വെക്കില്ലെന്നും ജഗദീഷ് പറഞ്ഞു. ഒരു നടൻ എന്ന നിലയിൽ റിയൽ ലൈഫുമായി യാതൊരു ബന്ധവുമില്ലാത്ത കഥാപാത്രം ചെയ്യുന്നതാണ് വെല്ലുവിളിയെന്നും റെഡ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

‘ഞാൻ എന്താണോ അതല്ലാത്ത, ഒരു ശതമാനം പോലും ബന്ധമില്ലാത്ത കഥാപാത്രങ്ങൾ അവതരിപ്പിക്കുക എന്നതാണ് എനിക്കുള്ള വെല്ലുവിളി. യഥാർത്ഥത്തിൽ അപ്പുക്കുട്ടന്റെ അത്ര മണ്ടനല്ല ഞാൻ. ഒട്ടും സെൻസില്ലാത്ത മണ്ടത്തരം പറയുന്ന ആളാണ് അപ്പുക്കുട്ടൻ. അതൊരു വെല്ലുവിളിയാണ്. അപ്പുക്കുട്ടന്റെ മണ്ടത്തരത്തിന് ഒരു ലോജിക്കുമില്ല. അത് അഭിനയിക്കുന്നത് ചലഞ്ചിനൊപ്പം ഒരു രസവുമാണ്.

എന്നെ സംബന്ധിച്ച് എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഫുഡ് കിട്ടുന്നതിനേക്കാൾ സന്തോഷം നല്ലൊരു സീൻ കിട്ടുന്നതാണ്. അപ്പുക്കുട്ടൻ എന്ന കഥാപാത്രം എന്നെ ഒരിക്കലും ബാധിച്ചിട്ടില്ല. ഇനിയും ഒരു അപ്പുക്കുട്ടന്റെ കഥാപാത്രം വന്നാൽ പോലും എനിക്ക് സന്തോഷമാണ്. വരുമോ എന്നെനിക്കറിയില്ല. പക്ഷെ വന്നാൽ ഞാൻ സന്തോഷത്തോടെ ഏറ്റെടുക്കും.

അല്ലാതെ , ഇപ്പോൾ ഞാൻ വളരെ ഗൗരവത്തിലുള്ള വേഷങ്ങൾ അല്ലേ ചെയ്യുന്നത് ,ഇനിയിത് വേണോയെന്ന് ഞാൻ ചിന്തിക്കില്ല. ഞാൻ അപ്പുക്കുട്ടന് വേണ്ടി കാത്തിരിക്കുകയാണ്. അപ്പുക്കുട്ടന് പറ്റിയ ഒരു കഥ കിട്ടിയാൽ ഇതിന്റെ ഡബിൾ ഇരട്ടി മണ്ടത്തരത്തിൽ കഥാപാത്രം ചെയ്യാൻ ഞാൻ തയ്യാറാണ്,’ജഗദീഷ് പറയുന്നു.

Content Highlight: Jagadheesh Talk about His Character Appukkuttan