Entertainment
സ്‌ക്രീനിൽ വിസ്മയം കാണിക്കുന്ന ആ നടൻ ആരെങ്കിലും ഡയലോഗ് തെറ്റിച്ചാൽ പിണങ്ങും, പലർക്കും ചീത്ത കേട്ടിട്ടുണ്ട്: ജഗദീഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 26, 02:27 am
Wednesday, 26th February 2025, 7:57 am

നാലുപതിറ്റാണ്ടോളമായി മലയാള സിനിമയോടൊപ്പം സഞ്ചരിക്കുന്ന നടനാണ് ജഗദീഷ്. ഹാസ്യ താരമായി കരിയർ തുടങ്ങിയ അദ്ദേഹം നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചിട്ടുണ്ട്. ഇന്ന് മികച്ച കഥാപാത്രങ്ങൾ തേടിപിടിച്ച് ചെയ്യുന്ന ഒരു നടനാണ് അദ്ദേഹം.

എബ്രഹാം ഓസ്‌ലർ, ഗുരുവായൂരമ്പല നടയിൽ, കിഷ്ക്കിന്ധാ കാണ്ഡം തുടങ്ങിയ കഴിഞ്ഞ വർഷമിറങ്ങിയ ശ്രദ്ധേയമായ സിനിമകളിലെല്ലാം അദ്ദേഹം ഭാഗമായിട്ടുണ്ട്. ഇപ്പോൾ തിയേറ്ററിൽ മികച്ച അഭിപ്രായം നേടി പ്രദർശനം തുടരുന്ന ഓഫീസർ ഓൺ ഡ്യൂട്ടി എന്ന സിനിമയിലും അദ്ദേഹം ഭാഗമാണ്.

നടൻ ജഗതി ശ്രീകുമാറിനെ കുറിച്ച് സംസാരിക്കുകയാണ് ജഗദീഷ്. നിരവധി സിനിമകളിൽ ഇരുവരും ഒന്നിച്ച് അഭിനയിട്ടുണ്ട്. ഷൂട്ടിങ്ങിനിടയിൽ ആരെങ്കിലും ഡയലോഗ് തെറ്റിച്ചാൽ പിണങ്ങുന്ന നടനായിരുന്നു അദ്ദേഹമെന്നും അതിന്റെ പേരിൽ പലർക്കും ചീത്ത കേട്ടിട്ടുണ്ടെന്നും ജഗദീഷ് പായുന്നു.

എന്നാൽ ഇതുവരെ തനിക്ക് അങ്ങനെയൊരു അനുഭവം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം വസ്ത്രത്തിൽ അഴുക്കായാൽ ക്ഷമിക്കുന്ന ജഗതി ശ്രീകുമാർ കഥാപാത്രത്തിന്റെ വസ്ത്രത്തിൽ അഴുക്കാവാതെ ഇരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുമായിരുന്നുവെന്നും വസ്ത്രം അഴിച്ച് വെച്ചായിരുന്നു അദ്ദേഹം ഭക്ഷണം കഴിച്ചിരുന്നതെന്നും ജഗദീഷ് കൂട്ടിച്ചേർത്തു.

‘ഞാൻ കഥ എഴുതിയ മുത്താരം കുന്ന് പി.ഒ., മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു. പൊന്നും കുടത്തിന് പൊട്ട് എന്നീ ചിത്രങ്ങളിൽ അമ്പിളിച്ചേട്ടൻ അഭിനയിച്ചിട്ടുണ്ട്. ആ ചിത്രങ്ങളുടെ സെറ്റിൽവെച്ച് ഞങ്ങൾ സംസാരിച്ചത് പഴയ നാടകക്കാലത്തെക്കുറിച്ചായിരുന്നു. വെള്ളിത്തിരയിൽ വിസ്‌മയം കാണിക്കുന്ന ആ കലാകാരൻ ഷൂട്ടിങ്ങിനിടയിൽ ആരെങ്കിലും ഡയലോഗ് തെറ്റിച്ചാൽ മാത്രമേ പിണങ്ങാറുള്ളൂ. അതിൻ്റെ പേരിൽ പലർക്കും അദ്ദേഹത്തിൽ നിന്ന് ചീത്തകേട്ടിട്ടുണ്ട്. ഇതുവരെ എനിക്കങ്ങനെയൊരനുഭവമുണ്ടായിട്ടില്ല.

അഭിനയപാടവത്തിനൊപ്പം ജഗതി ശ്രീകുമാർ എന്ന നടന് മാത്രമുള്ള ചില സ്വഭാവവിശേഷങ്ങൾ ഉണ്ടായിരുന്നു. സ്വന്തം വസ്ത്രത്തിൽ അഴുക്കായാൽ അദ്ദേഹം ക്ഷമിക്കും. പക്ഷേ, കഥാപാത്രത്തിൻ്റെ വസ്ത്രത്തിൽ അഴുക്ക് പറ്റുന്നതിൽ അദ്ദേഹത്തിന് പ്രത്യേക ശ്രദ്ധയായിരുന്നു. അതിനാൽ ഷൂട്ടിങ്ങിനിടയിൽ ഭക്ഷണം കഴിക്കുമ്പോൾ വസ്ത്രം അഴിച്ചുവെച്ച് ഭക്ഷണം കഴിക്കുന്ന അപൂർവം നടന്മാരിൽ ഒരാളാണ് അമ്പിളിച്ചേട്ടൻ,’ജഗദീഷ് പറയുന്നു.

Content Highlight: Jagadheesh About Actor Jagathy And His Acting