ഈ സിനിമ വേണ്ട, ഞാന്‍ രണ്‍ജി പണിക്കരുടെ കാല് പിടിച്ചു, അങ്ങനെ അവര്‍ കഥ മാറ്റിയ ചിത്രമാണത്: ജഗദീഷ്
Film News
ഈ സിനിമ വേണ്ട, ഞാന്‍ രണ്‍ജി പണിക്കരുടെ കാല് പിടിച്ചു, അങ്ങനെ അവര്‍ കഥ മാറ്റിയ ചിത്രമാണത്: ജഗദീഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 17th December 2023, 3:06 pm

ഷാജി കൈലാസിന്റെ സംവിധാനത്തില്‍ 1993ല്‍ പുറത്ത് വന്ന ചിത്രമാണ് സ്ഥലത്തെ പ്രധാനപയ്യന്‍സ്. രണ്‍ജി പണിക്കര്‍ തിരക്കഥയെഴുതിയ ചിത്രത്തില്‍ ജഗദീഷായിരുന്നു നായകന്‍. സുരേഷ് ഗോപി, സിദ്ദീഖ്, നരേന്ദ്ര പ്രസാദ്, ജഗതി, ജനാര്‍ദ്ദനന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തിയിരുന്നു.

തന്നോട് ആദ്യം പറഞ്ഞ സ്ഥലത്തെ പ്രധാന പയ്യന്‍സിന്റെ കഥ ഇങ്ങനെയായിരുന്നില്ലെന്ന് പറയുകയാണ് ജഗദീഷ്. താന്‍ സ്ഥിരം ചെയ്യുന്ന രീതിയിലുള്ള കഥയാണ് രണ്‍ജി പണിക്കരും ഷാജി കൈലാസും ആദ്യം പറഞ്ഞതെന്നും അത് മാറ്റണമെന്ന് താന്‍ പറഞ്ഞതിന് ശേഷമാണ് കഥ മാറ്റിയതെന്നും ജഗദീഷ് പറഞ്ഞു. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സ്ഥലത്തെ പ്രധാന പയ്യന്‍സിന്റെ കഥ ആദ്യം ഇതായിരുന്നില്ല. തലസ്ഥാനത്തിന് ശേഷം ഷാജി കൈലാസ് ചെയ്യുന്ന പടമാണ്. അന്ന് ജഗദീഷ് ഹീറോ കാലഘട്ടമാണ്. ജഗദീഷിനെ വെച്ച് ഒരു പടം ചെയ്യാന്‍ ഞാന്‍ തയാറാണെന്നും ഷാജി കൈലാസ് സാര്‍ രണ്‍ജി പണിക്കരിനോട് പറഞ്ഞു.

രണ്‍ജി പണിക്കര്‍ എന്നോട് ഒരു കഥ വന്ന് പറഞ്ഞു. ഒരു അമ്മാവനും മരുമകനും മുറപ്പെണ്ണുമൊക്കെ തമ്മിലുള്ള കുസൃതിയൊക്കെയായി പോവുന്ന പടമായിരുന്നു. ഞാന്‍ അവരുടെ കാല് പിടിച്ചു. ഇങ്ങനത്തെ പടങ്ങള്‍ ഞാന്‍ ചെയ്തുകൊണ്ടിരിക്കുന്നതാണ്, നിങ്ങള്‍ തലസ്ഥാനം പോലെ ഒരു പടം എനിക്ക് താ, പ്ലീസ്, രണ്‍ജി പണിക്കരുടെ ഡയലോഗ് എനിക്ക് പറയണം, ഷാജി കൈലാസിന്റെ വിരട്ട് ഷോട്ട്‌സ് എനിക്ക് വേണം എന്ന് ഞാന്‍ അവരോട് റിക്വസ്റ്റ് ചെയ്തു. ഒരു മൂന്നാല് ദിവസം വേണമെന്ന് പറഞ്ഞു. എന്നിട്ട് അവര്‍ പ്ലാന്‍ ചെയ്തതാണ് സ്ഥലത്തെ പ്രധാന പയ്യന്‍സ്.

ആ സിനിമയില്‍ ഞാന്‍ മന്ത്രി ആവുന്നുണ്ട്. എനിക്ക് നെടുനീളന്‍ ഡയലോഗുകളുണ്ട്. രണ്‍ജി പണിക്കര്‍ എന്നെക്കൊണ്ട് ആദ്യം പറയിച്ചിരിക്കുന്നത് എന്താണെന്ന് അറിയാമോ? എന്റെ ശബ്ദത്തിന് ഗാംഭീര്യം കുറവുണ്ടെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടാവുമെന്ന് ആമുഖമായി പറയിച്ചിട്ടാണ് എന്നെക്കൊണ്ട് ആ ഡയലോഗൊക്കെ പറയിപ്പിച്ചിരിക്കുന്നത്,’ ജഗദീഷ് പറഞ്ഞു.

Content Highlight: Jagadeesh talks about sthalathe pradhana payyans