തനിക്കെതിരെയുള്ളത് തട്ടിക്കൂട്ട് റിപ്പോര്‍ട്ടെന്ന് ജേക്കബ് തോമസ്
Daily News
തനിക്കെതിരെയുള്ളത് തട്ടിക്കൂട്ട് റിപ്പോര്‍ട്ടെന്ന് ജേക്കബ് തോമസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 18th October 2016, 9:53 am

പാരമ്പര്യേതര ഊര്‍ജസംവിധാനങ്ങള്‍ സ്വയംപര്യാപ്തമാക്കണമെന്ന സര്‍ക്കാര്‍ നിലപാടിന്റെ അടിസ്ഥാനത്തിലാണ് തുറമുഖ ഡയറക്ടറേറ്റില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.


തിരുവനന്തപുരം: തുറമുഖവകുപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെയുള്ള റിപ്പോര്‍ട്ട് കഴിഞ്ഞ സര്‍ക്കാര്‍ തട്ടിക്കൂട്ടിയതാണെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്.

റിപ്പോര്‍ട്ട് ഇപ്പോള്‍ കുത്തിപ്പൊക്കുന്നവര്‍ക്ക് നിക്ഷിപ്തതാല്‍പ്പര്യങ്ങളുണ്ടെന്നും അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതുകൊണ്ട് താന്‍ നിലപാടുകളില്‍ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പാരമ്പര്യേതര ഊര്‍ജസംവിധാനങ്ങള്‍ സ്വയംപര്യാപ്തമാക്കണമെന്ന സര്‍ക്കാര്‍ നിലപാടിന്റെ അടിസ്ഥാനത്തിലാണ് തുറമുഖ ഡയറക്ടറേറ്റില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിച്ചാല്‍ ലാഭംകിട്ടുന്ന പദ്ധതിക്ക് മുതല്‍മുടക്ക് കൂടുതലാണ്. ഇത് അറിഞ്ഞുകൊണ്ടുതന്നെയാണ് ചെയ്തത്. കെ.എസ്.ഇ.ബി.യുടെ കണക്ഷന്‍ ഇല്ലാത്ത ആദ്യ ഡയറക്ടറേറ്റായിരുന്നു തുറുമുഖ വകുപ്പിന്റേതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വാര്‍ഷിക അറ്റകുറ്റപ്പണികള്‍ നടത്തി വിജയകരമായി പ്രവര്‍ത്തിച്ച പദ്ധതിയെ തനിക്കുശേഷം വന്നവര്‍ അട്ടിമറിക്കുകയായിരുന്നുവെന്നും ജേക്കബ് തോമസ് വ്യക്തമാക്കി. തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസത്തിന്റെ പുതിയ ബാച്ച് ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കൃത്യമായ അറ്റകുറ്റപ്പണികള്‍ നടത്താതെവന്നപ്പോള്‍ സോളാര്‍ സംവിധാനം തകരാറിലായി. പദ്ധതിക്കെതിരെ തട്ടിക്കൂട്ടിയ റിപ്പോര്‍ട്ട് മാസങ്ങള്‍ക്കുമുമ്പേ സര്‍ക്കാറിന് ലഭിച്ചതാണ്. ഇപ്പോള്‍ അതുയര്‍ത്തിക്കൊണ്ടുവരുന്നതിനു പിന്നില്‍ പ്രത്യേക താല്‍പ്പര്യങ്ങളുണ്ട് അദ്ദേഹം പറഞ്ഞു.

മാധ്യമങ്ങളെയും അദ്ദേഹം വിമര്‍ശിച്ചു. തെറ്റുകള്‍ പറ്റിയാല്‍ തിരുത്താന്‍ മാധ്യമങ്ങള്‍ തയ്യാറാകണം. എന്നാല്‍, ദൃശ്യമാധ്യമങ്ങള്‍ അതു ചെയ്യുന്നില്ല. തെറ്റായവാര്‍ത്ത പിന്‍ലിക്കുക മാത്രമാണ് അവര്‍ ചെയ്യുന്നത്. ഇത് നീതികേടാണ്. മൂല്യാധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാന്‍ പത്രപ്രവര്‍ത്തകര്‍ക്കാകണമെന്നും അദ്ദേഹം പറഞ്ഞു.