20 മന്ത്രിമാരില്‍ എട്ടും സ്ത്രീകള്‍, ഗോത്രവിഭാഗത്തില്‍ നിന്ന് അഞ്ചും എല്‍.ജി.ബി.ടിയില്‍ നിന്ന് മൂന്നും മന്ത്രിമാര്‍, ഒരു മലയാളിയും; മന്ത്രിസഭ രൂപീകരണത്തിലും താരമായി ജസീന്ത
ഓക്‌ലാന്‍ഡ്: ന്യൂസിലന്റ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്റെ പുതിയ മന്ത്രിസഭയാണ് സോഷ്യല്‍മീഡിയയില്‍ തരംഗം. വിവിധ വിഭാഗങ്ങളിലുള്ളവരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള മന്ത്രിസഭ രൂപീകരിച്ച ജസീന്തക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ടുള്ള വാട്ട്‌സ് ആപ്പ് സ്റ്റാറ്റസുകളും ഫേസ്ബുക്ക് പോസ്റ്റുകളുമാണ് തരംഗമാവുന്നത്.
ന്യൂസിലന്‍ഡിന്റെ പുതിയ മന്ത്രിസഭയില്‍ 20 പേരില്‍ എട്ട് പേരും സ്ത്രീകളാണ്. കൂടാതെ അഞ്ച് പേര്‍ മാവോരി ഗോത്രവിഭാഗത്തില്‍ പെടുന്നവരും മൂന്നു പേര്‍ എല്‍.ജി.ബി.ടി വിഭാഗത്തില്‍ പെടുന്നവരുമാണ്.
എട്ട് സ്ത്രീകളില്‍ ഒരാള്‍ മലയാളിയായ പ്രിയങ്ക രാധാകൃഷ്ണനാണ്. എറണാകുളം പറവൂര്‍ സ്വദേശിയായ പ്രിയങ്ക ജസീന്തയുടെ മന്ത്രിസഭയില്‍ ഉള്‍പ്പെട്ടത് മലയാളികള്‍ നേരത്തേ ആഘോഷിച്ചിരുന്നു.
സ്വവര്‍ഗാനുരാഗിയായ ഗ്രാന്റ് റോബര്‍ട്ട്‌സണ്‍ ആണ് ഇത്തവണ ജസീന്തയുടെ ഉപമന്ത്രി. റോബര്‍ട്ട്‌സണ്‍ കഴിഞ്ഞ മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്നു. ഇത്തവണത്തെ വിദേശകാര്യമന്ത്രി മാവോരി ഗോത്രവിഭാഗത്തില്‍ പെട്ട മഹുതയാണ്.
‘മറ്റുള്ള രാജ്യങ്ങളുമായി വളരെ പെട്ടന്നു തന്നെ സൗഹൃദത്തിലാവാന്‍ കഴിവുള്ളവളാണ് മഹുത’, ജസീന്ത ആര്‍ഡേന്‍ മഹുതയെക്കുറിച്ച് പറഞ്ഞു.
സാമൂഹികം, യുവജനക്ഷേമം, സന്നദ്ധ മേഖല എന്നീ വകുപ്പുകളുടെ ചുമതലയാണ് മലയാളിയായ പ്രിയങ്കയ്ക്കുള്ളത്. കുട്ടിക്കാലം മുതല്‍ സിംഗപ്പൂരിലായിരുന്ന പ്രിയങ്ക പിന്നീട് ന്യൂസിലന്റിലെത്തി സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായി. 2006ലാണ് പ്രിയങ്ക ലേബര്‍ പാര്‍ട്ടിയില്‍ അംഗമായത്.
2017ല്‍ എം.പിയായി തെരഞ്ഞെടുക്കപ്പെട്ടു. 2019ല്‍ പാര്‍ലമെന്ററി പ്രൈവറ്റ് സെക്രട്ടറിയായി. കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ മന്ത്രിയുമായി.
കഴിഞ്ഞ വര്‍ഷം ന്യൂസിലന്റ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ പ്രിയങ്കയോടൊപ്പം മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന വാര്‍ത്ത ഏറെ ചര്‍ച്ചയായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ പ്രിയങ്ക തന്നെയാണ് ഈ വീഡിയോ ഷെയര്‍ ചെയ്തത്. 120 സീറ്റുകളില്‍ 64 സീറ്റുകള്‍ നേടിയാണ് ജസീന്ത വീണ്ടും അധികാരത്തിലെത്തിയിരുന്നത്.
49 ശതമാനം വോട്ടാണ് പാര്‍ട്ടി നേടിയത്. 1996ന് ശേഷം ഒരു പാര്‍ട്ടി തനിച്ച് ന്യൂസിലന്റില്‍ ഇത്രയും സീറ്റുകള്‍ നേടുന്നത് ഇതാദ്യമാണ്.
Content Highlight: Jacinda Ardern names incredibly diverse new zealand cabinet