Discourse
പര്‍ദ: ദേവികയുടെ പ്രതികരണവും ബിജുരാജിന്റെ മറുപടിയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2010 Dec 29, 02:26 am
Wednesday, 29th December 2010, 7:56 am

പര്‍ദധാരണവുമായി ബന്ധപ്പെട്ട് ജെ ദേവികയുടെ നിലപാടുകളെ വിമര്‍ശിച്ചുകൊണ്ട് ആര്‍.കെ ബിജുരാജ് ഡൂള്‍ന്യൂസിലെഴുതിയ ലേഖനം ഏറെ ചര്‍ച്ചയായിക്കഴിഞ്ഞു. ബിജുരാജിന്റെ ലേഖനത്തിനെതിരെ ദേവിക നടത്തിയ വിമര്‍ശനവും അതിന് ബിജുരാജ് നല്‍തിയ മറുപടിയും ഇവിടെ പ്രസിദ്ധീകരിക്കുന്നു.

ജെ ദേവികയുടെ പ്രതികരണം

ഡിയര്‍ ബിജുരാജ്,
“അപ്പോള്‍ നങ്ങേലി മുലയുരിഞ്ഞ് വച്ചതെന്തിന്?” എന്ന ലേഖനത്തോടുള്ള എന്റെ അഭിപ്രായത്തെക്കുറിച്ച് ഇത്രയും നീണ്ട ഒരു പ്രതികരണം അയച്ചതിന് ആദ്യമേ നന്ദി പറയുന്നു. എന്നാല്‍ താങ്കള്‍ ഒരു സ്‌കോളറന്ന നിലയ്ക്കല്ല പ്രതികരിച്ചത്. മലയാളി സ്ത്രീകളെല്ലാം മുല പ്രദര്‍ശിപ്പിച്ചു നടക്കുന്നതിനെ അനുകൂലിക്കുന്ന ഒരു വ്യക്തിയായി എന്നെ ഉയര്‍ത്തിക്കാട്ടാനാണ് താങ്കള്‍ പ്രതികരണത്തിലൂടെ ശ്രമിച്ചത്.

ബ്ലൗസ് ധരിക്കാതെ പുറത്തിറങ്ങി നടക്കാന്‍ എന്നോടാവശ്യപ്പെടുന്ന പ്രതികരണം വിലകുറഞ്ഞതായിപ്പോയി. വിഷയത്തില്‍ എന്റെ നിലപാട് ആദ്യമേ വ്യക്തമാക്കട്ടെ. പൂര്‍ണവസ്ത്രധാരണത്തെയോ, വസ്ത്രമില്ലാ പുറത്തിറങ്ങുന്നതിനെയോ അനുകൂലമായോ പ്രതികൂലമായോ പ്രതികരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.

ആണായാലും പെണ്ണായാലും ആളുകളുടെ വസ്ത്രധാരണ സ്വാതന്ത്ര്യത്തെ അനുകൂലിക്കുന്ന നിലപാടാണ് എന്റേത്. അതുകൊണ്ടുതന്നെ നഗ്നതയെക്കുറിച്ച് എന്തെങ്കിലും രീതിയിലുള്ള ചരിത്രപരമായ കീഴ്‌വഴക്കങ്ങള്‍ സൃഷ്ടിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ചരിത്രഗവേഷണത്തില്‍ മികച്ച പരിശീലനം ലഭിച്ച ആളാണ് ഞാന്‍ എന്നാണ് എന്റെ വിശ്വാസം. അതുകൊണ്ടുതന്നെ എന്റെ വര്‍ത്തമാന പ്രതിബദ്ധതകളെ ന്യായീകരിക്കാനായി ഭൂതകാലത്തില്‍ നിന്നുള്ള ഉദ്ധരണികള്‍ ഉപയോഗിക്കേണ്ട ആവശ്യമുണ്ടെന്ന് കരുതുന്നില്ല.

എന്റെ ലേഖനം വായിച്ച നിരവധി വായനക്കാരുണ്ട്. അക്കൂട്ടത്തില്‍ ഫെമിനിസ്റ്റുകളും ആന്റി ഫെമിനിസ്റ്റുകളും മതേതരവാദികളും മതമൗലികവാദികളും എല്ലാമുണ്ടാവാം. നഗ്നതയെ ന്യായീകരിക്കുന്ന തരത്തിലുള്ള അഭിപ്രായമാണ് ലേഖനങ്ങളിലൂടെ ഞാന്‍ വ്യക്തമാക്കുന്നത് എന്ന് അവരാരും അഭിപ്രായപ്പെടാനും ഇടയില്ല.

താങ്കളുടെ പ്രതികരണത്തില്‍ ഒരുതരത്തിലുള്ള “ഇടതുചിന്താഗതി” വ്യക്തമാകുന്നുണ്ട്. താങ്കള്‍ വായനക്കാരുടെ മനസിലേക്ക് ഇറക്കിവിടാന്‍ ആഗ്രഹിക്കുന്ന പല സത്യങ്ങളും ഞാന്‍ നേരത്തേ എന്റെ ലേഖനങ്ങളിലൂടെ വ്യക്തമാക്കിയതാണ്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ താങ്കള്‍ മടിക്കുന്നു. സ്ത്രീയുടെ സഹായമില്ലാതെ, പരമ്പരാഗത സമ്പ്രദായത്തില്‍ നിന്നും പുറത്തുകടക്കാനാഗ്രഹിക്കുന്ന 20 ാം നൂറ്റാണ്ടിലെ ഒരു പരിഷ്‌ക്കരണവാദി സമൂഹത്തിന്റെ പ്രതിനിധിയാണ് താങ്കള്‍.

താങ്കളുടെ പല നിരീക്ഷണങ്ങളും തെറ്റാണെന്ന് സ്ഥാപിക്കപ്പെട്ടതാണ്. പൗരാണിക കേരള സാമൂഹ്യവ്യവസ്ഥയുടെ ദുഷ്ഫലങ്ങള്‍ എറ്റവുമധികം പേറിയിരുന്നത് സ്ത്രീകളായിരുന്നുവെന്ന താങ്കളുടെ വിലയിരുത്തല്‍ ശരിയല്ല. ജാതി-മത, വസ്ത്രധാരണ സംവിധാനങ്ങളുടെ ദുഷ്ഫലങ്ങള്‍ സ്ത്രീയും പുരുഷനും ഏതാണ്ട് ഒരേപോലെത്തന്നെ അനുഭവിച്ചിരുന്നു എന്നതാണ് ചരിത്രരേഖകള്‍ വ്യക്തമാക്കുന്നത്.

പക്ഷേ, താങ്കള്‍ അത് അംഗീകരിക്കുന്നില്ല. ഇത്തരം ചരിത്രവസ്തുതകളെക്കുറിച്ചോ ആധുനികതയെക്കുറിച്ചോ പഠിക്കുകയോ മനസിലാക്കുകയോ അല്ല താങ്കളുടെ ലക്ഷ്യം. മറിച്ച് എന്റെ ലേഖനത്തെ കരിവാരിത്തേക്കുക എന്നത് മാത്രമാണ്.

ബിജുരാജിന്റെ മറുപടി അടുത്ത പേജില്‍

ബിജുരാജിന്റെ മറുപടി

പ്രിയ ദേവിക,
ഞാനുന്നയിച്ച വിമര്‍ശനങ്ങള്‍ കണ്ടില്ലെന്ന് നടിക്കാതെ അതിനോട് ഏതെങ്കിലും തരത്തില്‍ പ്രതികരിക്കണം എന്നു തോന്നിയ മനസ്സിന് നന്ദി.

1. ദേവിക എങ്ങനെ മറുപടി പറയുമെന്ന് ഞാന്‍ പ്രതീക്ഷിച്ചോ, അല്ലെങ്കില്‍ എങ്ങനെ മറുപടി പറയുമെന്ന് ഫെമിനിസ്റ്റ് സുഹൃത്തുക്കള്‍ (ആണും പെണ്ണും) മുന്നറിയിപ്പു നല്‍കിയോ, അതുപോലെ തന്നെയാണ് താങ്കളുടെ മറുകുറിപ്പ്. നിങ്ങള്‍ വൈകാതെ “ഒരു സ്ത്രീ വിരുദ്ധനും”, “മുസ്ലീംവിരുദ്ധനും”, “കാസ്റ്റിസ്റ്റും” ആവും എന്ന് നല്‍കപ്പെട്ട മുന്നറിയിപ്പുകള്‍ എത്ര സത്യമായിരിക്കുന്നു. അല്‍ഭുതമില്ല. മുമ്പും ചര്‍ച്ചകളില്‍ എതിര്‍പക്ഷത്തെ നിശബ്ദമാക്കാന്‍ ഉപയോഗിച്ചിട്ടുള്ള വാക്കുകളാണിത്. ഇത്തരം വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ കേള്‍ക്കുന്നവര്‍/വായിക്കുന്നവര്‍ സ്വാഭാവികമായും ഉന്നയിക്കപ്പെട്ട വാദങ്ങളില്‍ നിന്ന് ശ്രദ്ധ വ്യതിചലിക്കപ്പെടുകയും ഈ മുദ്രയടിക്കലുകളില്‍ മനസ് ഉടക്കി നില്‍ക്കുകയും ചെയ്യും. അല്ലെങ്കില്‍ വൈകാരികമായി എതിര്‍വാദമുഖമുന്നയിച്ചയാളെ തളര്‍ത്താന്‍ നോക്കും. ഇതേ സമയം തിരിച്ചും എതിരാളിയെ നിശബ്ദമാക്കാന്‍ വാക്കുകള്‍ ഉണ്ട് അതില്‍ പുതിയതായി ഉദയം കൊണ്ട വാക്കുകളില്‍ ഒന്ന് ദിമിറ്റിയൂഡ്്. അര്‍ത്ഥം പലരും പഠിച്ചുവരുന്നു. “ലെഫ്റ്റിസ്റ്റ്” എന്നതും അധിക്ഷേപ പദമായി ഉപയോഗിക്കാം. “ഐഡന്റിറ്റി പൊളിറ്റിക്‌സ്” എന്നതും ചിലര്‍ അധിക്ഷേപിക്കാന്‍ ഉപയോഗിക്കുന്നുണ്ട്. ഇത്തരം മുദ്രയടിക്കലുകളോട്് ശക്തമായി തന്നെ ഞാന്‍ വിയോജിക്കുന്നു.

2. ഓണ്‍ ലൈനില്‍ പല ലേഖനങ്ങള്‍ക്കും കുറിപ്പുകള്‍ക്കും ഉണ്ടാകുന്ന കമന്റുകളില്‍ പലതും തുറന്ന രീതിയില്‍ തന്നെ സ്ത്രീവിരുദ്ധമാണ്. അതുകൊണ്ട് തന്നെ ഏതെങ്കിലും കമന്റ് എന്റെ രാഷ്ട്രീയത്തെയോ/നിലപാടിനെയോ പ്രതിനിധീകരിക്കുന്നില്ല. ഈ കമന്റുകള്‍ പലതും ഞാന്‍ കാണുന്നതിപ്പോള്‍ മാത്രമാണ്. “ദേവിക താങ്കള്‍ക്ക് മറുപടി പറഞ്ഞിരിക്കുന്നുവെന്ന്” അടുത്ത സുഹൃത്ത് വിളിച്ചു പറഞ്ഞശേഷമാണ് ഞാന്‍ കമന്റുകള്‍ കാണുന്നത്. അതുകൊണ്ട് തന്നെ മുകളിലെ കമന്റിന്റെ പേരില്‍ (ബ്ലൗസിന്റെ) ഞാന്‍ ക്ഷമ ചോദിക്കുന്നു. ഇതില്‍ ചിലത് ലേഖകനും എതിരായിട്ടുള്ളതാണ്. അവ ചില കൃത്യമായ രാഷ്ട്രീയ കാരണങ്ങളാല്‍ മറുപടി അര്‍ഹിക്കാത്തതുകൊണ്ട് തന്നെ അവഗണിക്കുകയും ചെയ്യുന്നു.

3. ഞാന്‍ ഒരു “സ്‌കോളറെ” പോലെ താങ്കളുടെ വാദങ്ങളെ പരിശോധിച്ചില്ല എന്നു പറയുന്നുണ്ട്. അതിന്റെ അര്‍ത്ഥം മനസിലായില്ല. സ്‌കോളര്‍ എന്നതിന് “അക്കാദമിക്് രീതിയില്‍ ഗവേഷണം നടത്തുന്ന ഒരാള്‍” എന്നൊരു അര്‍ത്ഥമാവും കൂടുതല്‍ ഉചിതമാവുക എന്നു തോന്നുന്നു. ഞാനൊരു സ്‌കോളറല്ല. ഒരര്‍ത്ഥത്തിലും. ഞാന്‍ പത്രപ്രവര്‍ത്തകനാണ്. ചരിത്ര വിദ്യാര്‍ത്ഥിയാണ്. അക്കാദമിക് പഠനങ്ങളോടും രീതികളോടും പരമ്പരാഗത ചിട്ടവട്ടങ്ങളോടും എനിക്ക് പൊതുവില്‍ വിയോജിപ്പാണുള്ളത്. ഈ വിയോജിപ്പ് പല ഘട്ടത്തിലും ഞാന്‍ തുറന്നു പറഞ്ഞിട്ടുമുണ്ട്. അക്കാദമിക് പഠനങ്ങള്‍ക്ക് ഒരു കൃത്യമായ തലമുണ്ട്. ജാര്‍ഗണുകള്‍, ആദ്യമേ എത്തിയ നിഗമനത്തെ സാധൂകരിക്കുന്ന തെളിവുകള്‍ നിരത്തല്‍ (സൂക്ഷ്മപഠനത്തിലൂടെ വസ്തുതകള്‍ ശേഖരിച്ച് അവയുടെ സങ്കലനത്തിലൂടെ നിഗമനത്തില്‍ എത്തുക എന്നതാണ് ശരിയായ രീതി), അവയുടെ ഫണ്ടിംഗ് (ഫണ്ടിംഗ് താല്‍പര്യം അക്കാദമിക് പഠനങ്ങളെ ഗുരുതരമായി ബാധിക്കുന്നു വെന്നാണ് എന്റെ വിശ്വാസം. ടാറ്റയുടെയും ഫോര്‍ഡിന്റെയും ഫണ്ടുകള്‍ ആര്‍ക്കു ഗുണം ചെയ്യാന്‍?) തുടങ്ങിയ പല രീതികളോടും എതിര്‍പ്പുണ്ട്.

4. താങ്കള്‍ നഗ്‌നതയെ പ്രമോട്ട് ചെയ്യുന്നുവെന്നോ, ഹിപ്പി സംസ്‌കാരത്തെ വാഴ്ത്തിയെന്നോ ഞാന്‍ പറഞ്ഞിട്ടില്ല. അത്തരം ആരോപണങ്ങള്‍ ഉന്നയിക്കേണ്ടതില്ല. മറിച്ച് എന്റെ വാദത്തിലെ ആദ്യത്തെ പ്രശ്‌നം തന്നെ “മാറുമറയ്ക്കല്‍ കലാപത്തെ പര്‍ദ/ശിരോവസ്ത്രം ധരിപ്പിക്കുന്ന പ്രവണതയോട് തുലന”പ്പെടുത്തുന്ന താങ്കളുടെ സമീപനത്തോടാണ്.

5. റിഫോര്‍മറിസ്റ്റ് പാട്രിയാര്‍ക്കിന്റെ പിന്തുടര്‍ച്ചക്കാരന്‍ എന്ന് എനിക്ക് നേരെ ഉന്നയിക്കുന്ന അധിക്ഷേപത്തെപ്പറ്റി ഒന്നുകൂടി: ഞാന്‍ ഉയര്‍ത്തിപ്പിടിച്ചത് നങ്ങേലിയെയാണ്. താങ്കളുടെ ചരിത്ര പുസ്തകത്തില്‍ (കുലസ്ത്രീകളും ചന്തസ്ത്രീകളും) നങ്ങേലിയെപ്പറ്റി എന്തുപരാമര്‍ശമാണുള്ളത്? ദയവായി അനാവശ്യമായ മുദ്രയടിക്കലുകള്‍, അത് ആര്‍ക്കെതിരെയായാലും ഒഴിവാക്കണം.

6. താങ്കളുടെ വര്‍ക്കിനെ ഇകഴ്ത്തുകയാണ് ലക്ഷ്യമെന്ന ആരോപണവും ഉന്നയിക്കുന്നു. തീര്‍ച്ചയായും അല്ല. താങ്കളുന്നയിച്ച ചരിത്ര വിരുദ്ധതയെയും അതിലെ സ്ത്രീവിരുദ്ധതയെയും ചൂണ്ടിക്കാട്ടുക മാത്രമാണ് ലക്ഷ്യം. ഒപ്പം കേരള ചരിത്രത്തെപ്പറ്റിയുള്ള എന്റെ അന്വേഷണം വികസിപ്പിക്കുകയും.

7. ചരിത്ര പഠനത്തിന്റെ രീതികളെപ്പറ്റിയും താങ്കള്‍ക്ക് ലഭിച്ച ചരിത്ര ഗവേഷണത്തെപ്പറ്റിയുളള മാന്യമായ പരിശീലനത്തെപ്പറ്റിയും പറയുന്നുണ്ട്. എന്റെ ലേഖനത്തില്‍ ചൂണ്ടിക്കാട്ടാനുദ്ദേശിച്ചത് അതിന്റെ പോരായ്മകളാണ്. താങ്കളുടെ ചരിത്രത്തില്‍/പുസ്തകങ്ങളില്‍ ഇതുമാത്രമല്ല കുഴപ്പങ്ങളായി കണ്ടത്. അത് ഈ ലേഖനത്തിന്റെ വിഷയമല്ലാത്തതുകൊണ്ട് പിന്നീടുള്ള അവസരങ്ങളിലേക്ക് മാറ്റിയിരിക്കുന്നു.

“കേരള ചരിത്ര പഠനങ്ങള്‍/വിമര്‍ശനങ്ങള്‍” എന്ന പേരില്‍ തയ്യാറാകുന്ന ഒരു പുസ്തകത്തിന്റെ ഭാഗമാണ് ഈ ലേഖനവും. അതില്‍ കാര്‍ഷികകലാപം, സ്ത്രീവിമോചനം, ദളിത് സമരങ്ങള്‍, ഭാഷ, കുടുംബാസൂത്രണം, മനുഷ്യാവകാശലംഘനം, എസ്.എന്‍.ഡി.പി, സാമൂഹ്യ പരിഷകാരങ്ങള്‍, ആര്‍.എസ്.എസിന്റെ വര്‍ഗീയത, ഹിന്ദുഫാസിസം തുടങ്ങിയ വിവിധ വിഷയങ്ങള്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട്തന്നെ കൂടുതല്‍ മേഖലകളില്‍ താങ്കളുടെ ചരിത്രവുമായി ഇനിയും എനിക്ക് കൂട്ടിമുട്ടേണ്ടി വരുന്നുണ്ട്. അത് വഴിയെ. (എം.ജി.എസ്, എ.ശ്രീധരമേനോന്‍, ഇ.എം.ശങ്കരന്‍ നമ്പൂതിരിപ്പാട് തുടങ്ങിയ പല ചരിത്രകാരെയും എനിക്ക് അഭിമുഖീകരിക്കേണ്ടിവരുന്നുണ്ട്)

8. ദയവുചെയ്ത് ലേഖനത്തിലേക്ക് തന്നെ മടങ്ങുക. മുദ്രയടിക്കലുകള്‍ തല്‍ക്കാലം മാറ്റിവയ്ക്കുക. ലേഖനത്തിലെ വാദങ്ങള്‍ എത്രമാത്രം തെറ്റാണെന്ന് പറയുക. തിരുത്തണമെന്ന് തോന്നുന്നത് തിരുത്തുക. സ്വന്തം വാദമുഖങ്ങളെ ന്യായീകരിക്കാനാവുമെങ്കില്‍ അത് ചെയ്യുക (പ്രത്യേകിച്ച് മാറുമറയ്ക്കലിനെയും പര്‍ദ ധരിപ്പിക്കലിനെയും തുല്യമാക്കുന്നത്). മുദ്രയടിക്കലുകള്‍ ഒഴിവാക്കി, വാദത്തെ/എതിര്‍വാദത്തെയും കേന്ദ്രീകരിച്ചുള്ള തുറന്ന സംവാദത്തിനും ചര്‍ച്ചയ്ക്കും എപ്പോഴും തയ്യാര്‍.

നന്ദി,
സ്‌നേഹത്തോടെ. ബിജുരാജ്.