national news
കുനാല്‍ കമ്രയെ വിടാതെ ശിവസേന; മൂന്ന് കേസുകള്‍കൂടി ഫയല്‍ ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 29, 08:29 am
Saturday, 29th March 2025, 1:59 pm

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയ്‌ക്കെതിരായ പരാമര്‍ശത്തില്‍ സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ കുനാല്‍ കമ്രയെ വിടാതെ ശിവസേന. നിലവിലുള്ള കേസുകള്‍ക്ക് പുറമെ മുംബൈയിലെ ഖാര്‍ പൊലീസ് സ്റ്റേഷനില്‍ മൂന്ന് വ്യത്യസ്ത കേസുകള്‍കൂടി കുനാല്‍ കമ്രയ്‌ക്കെതിതിരെ ഫയല്‍ ചെയ്തിട്ടുണ്ട്‌.

ഇതില്‍ ഒരു പരാതി നല്‍കിയിരിക്കുന്നത് ജല്‍ഗവോണ്‍ കോര്‍പ്പറേഷന്‍ മേയറും മറ്റ് രണ്ട് പരാതികള്‍ നാസിക്കില്‍ നിന്നുള്ള ഒരു ഹോട്ടലുടമയും ബിസിനസുകാരനുമാണ് നല്‍കിയിരിക്കുന്നത്.

ജല്‍ഗവോണ്‍ മേയര്‍ സമര്‍പ്പിച്ച പരാതിയില്‍, സംസ്ഥാനത്തെ രാഷ്ട്രീയ നേതൃത്വത്തിനെതിരായി കമ്ര അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയതായാണ് ആരോപിക്കുന്നത്. എന്നാല്‍ മറ്റ് രണ്ട് പരാതികളിലും കുനാലിന്റെ പരാമര്‍ശം ഷിന്‍ഡെയുടെ പ്രശസ്തിക്ക് ഹാനികരമായെന്നാണ് ആരോപിക്കുന്നത്.

ഖാര്‍ പൊലീസ് കുനാല്‍ കമ്രയെ രണ്ടുതവണ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചെങ്കിലും അദ്ദേഹം ഇതുവരെ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായിട്ടില്ല.

അതേസമയം കുനാല്‍ കമ്രയ്ക്ക് മദ്രാസ് ഹൈക്കോടതി ഇന്നലെ (വെള്ളിയാഴ്ച) ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്. നിബന്ധനകളോടെ ഏപ്രില്‍ ഏഴ് വരെ ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിക്കാനാണ് ജസ്റ്റിസ് സുന്ദര്‍ മോഹന്‍ ഉത്തരവിട്ടത്.

കേസില്‍ കൂടുതല്‍ ചോദ്യം ചെയ്യലിനായി മാര്‍ച്ച് 31 ന് ഖാര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ മുംബൈ പൊലീസ് കുനാല്‍ കമ്രയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ശിവസേന എം.എല്‍.എ മുര്‍ജി പട്ടേല്‍ ഖാര്‍ പൊലീസ് സ്റ്റേഷനില്‍ ഫയല്‍ ചെയ്ത കേസില്‍ കമ്രയ്ക്ക് രണ്ട് തവണ സമന്‍സുകള്‍ അയച്ചിരുന്നു.

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയ്ക്കെതിരായ പരാമര്‍ശത്തില്‍ കുനാല്‍ കമ്രയ്ക്കെതിരെ വധഭീഷണിയടക്കം ഉയര്‍ന്നിരുന്നു. മാര്‍ച്ച് 23ന് പരിപാടിക്കിടെ ‘ദില്‍ തോ പാഗല്‍ ഹെ’ എന്ന ഗാനത്തിന്റെ പാരഡി പാടി ഷിന്‍ഡെ രാജ്യദ്രോഹിയാണെന്ന് കമ്ര വിശേഷിപ്പിച്ചതാണ് വിവാദത്തിലേക്ക് നയിച്ചത്‌.

പിന്നാലെ കുനാല്‍ കമ്രയുടെ പരാമര്‍ശത്തില്‍ പൊലീസ് കേസെടുത്തു. കമ്രയുടെ പരാമര്‍ശം വലിയ വിവാദമാണ് മഹാരാഷ്ട്രയില്‍ ഉണ്ടാക്കിയത്. രണ്ട് ദിവസത്തിനുള്ളില്‍ കമ്ര മാപ്പ് പറയണമെന്നും കമ്രക്കെതിരെ നടപടി എടുക്കണമെന്നും ശിവസേന നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ മാപ്പ് പറയണമെന്ന ശിവസേന നേതാക്കളുടെ ആവശ്യത്തെ കുനാല്‍ അംഗീകരിച്ചില്ല. താന്‍ ജനക്കൂട്ടത്തെ ഭയപ്പെടുന്നില്ലെന്ന് പറഞ്ഞ കമ്ര അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ മാപ്പ് പറയില്ലെന്നും വ്യക്തമാക്കി.

‘ഏക്നാഥ് ഷിന്‍ഡെയെക്കുറിച്ച് അജിത് പവാര്‍ പറഞ്ഞതാണ് ഞാന്‍ പറഞ്ഞത്. ജനക്കൂട്ടത്തെ ഞാന്‍ ഭയപ്പെടുന്നില്ല. ഇത് അവസാനിക്കുന്നതുവരെ ഞാന്‍ എന്റെ കട്ടിലിനടിയില്‍ ഒളിച്ചിരിക്കാനുമില്ല,’ കുനാല്‍ കമ്ര എക്സില്‍ കുറിച്ചു.

ഷിന്‍ഡെയ്ക്കെതിരായ പരാമര്‍ശം ഷൂട്ട് ചെയ്ത മുംബൈ, ഖറിലെ സ്റ്റുഡിയോ ശിവസേന പ്രവര്‍ത്തകര്‍ തകര്‍ത്തിരുന്നു. തൊട്ടുപിന്നാലെ അനധികൃത നിര്‍മാണമാണെന്ന് ആരോപിച്ചാണ് ഹാബിറ്ററ്റ് സ്റ്റുഡിയോ പൊളിക്കാന്‍ ബൃഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനും(ബി.എം.സി) ഉത്തരവിട്ടു.

Content Highlight: Three more cases against comedian Kunal Kamra