Entertainment
ഇനി ഒരിക്കലും സ്റ്റേജില്‍ ഡാന്‍സ് ചെയ്യാന്‍ കയറില്ലെന്ന് അന്നത്തെ സംഭവത്തോടെ തീരുമാനിച്ചു: നസ്‌ലെന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 06, 04:05 pm
Sunday, 6th April 2025, 9:35 pm

ഗിരീഷ് എ.ഡി മലയാളികള്‍ക്ക് സമ്മാനിച്ച നടനാണ് നസ്‌ലെന്‍. പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ കഥ പറഞ്ഞ ചിത്രത്തില്‍ നസ്‌ലെന്റെ കഥാപാത്രം ഒരുപാട് ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ചുരുക്കം സിനിമകളിലൂടെ മലയാളത്തിന്റെ മുന്‍നിരയിലേക്ക് കടക്കാന്‍ നസ്‌ലെന് സാധിച്ചു. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ പ്രേമലുവിലൂടെ കേരളത്തിന് പുറത്തും നസ്‌ലെന്‍ ശ്രദ്ധേയനായി.

ജീവിതത്തില്‍ ഇനിയൊരിക്കലും ചെയ്യില്ലെന്ന് തീരുമാനിച്ച കാര്യത്തെക്കുറിച്ച് സംസാരിക്കുകയാണ് നസ്‌ലെന്‍. കഴിഞ്ഞവര്‍ഷം പ്രേമലുവിന്റെ പ്രൊമോഷനിടെ ഒരുവട്ടം സ്‌റ്റേജില്‍ കയറി ഡാന്‍സ് ചെയ്യേണ്ടി വന്നിരുന്നുവെന്ന് നസ്‌ലെന്‍ പറഞ്ഞു. പ്രേമലുവിലെ നായിക മമിത ബൈജുവും മറ്റ് ആര്‍ട്ടിസ്റ്റുകളും സ്റ്റേജില്‍ ഉണ്ടായിരുന്നെന്നും അവര്‍ നന്നായി ഡാന്‍സ് ചെയ്‌തെന്നും നസ്‌ലെന്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ തന്റ ഡാന്‍സ് കുറച്ച് കോമഡിയായിപ്പോയെന്നും ആ വീഡിയോ വൈറലായെന്നും നസ്‌ലെന്‍ പറഞ്ഞു. ഇനിയൊരിക്കലും സ്റ്റേജില്‍ കയറി ഡാന്‍സ് ചെയ്യില്ലെന്ന് ആ സംഭവത്തിന് ശേഷം തീരുമാനിച്ചെന്നും നസ്‌ലെന്‍ കൂട്ടിച്ചേര്‍ത്തു. ആദ്യമേ പ്രാക്ടീസ് ചെയ്തിട്ട് മാത്രമേ സ്റ്റേജില്‍ ഡാന്‍സ് ചെയ്യുള്ളൂവെന്നും നസ്‌ലെന്‍ പറഞ്ഞു. പേളി മാണിയുമായുള്ള അഭിമുഖത്തിലാണ് നസ്‌ലെന്‍ ഇക്കാര്യം പറഞ്ഞത്.

‘ലൈഫില്‍ ഇനിയൊരിക്കലും ചെയ്യില്ലെന്ന് തീരുമാനിച്ച ഒരു കാര്യമുണ്ട്. കഴിഞ്ഞ വര്‍ഷം പ്രേമലുവിന്റെ പ്രൊമോഷന്‍ പരിപാടികള്‍ നടക്കുകയായിരുന്നു. അപ്പോള്‍ ഒരു കോളേജില്‍ പോയപ്പോള്‍ സ്‌റ്റേജിലേക്ക് ഡാന്‍സ് ചെയ്യാന്‍ വിളിച്ചു. എനിക്ക് പുറമെ മമിതയും ആ പടത്തിലെ ബാക്കി ആര്‍ട്ടിസ്റ്റുകളും ഉണ്ടായിരുന്നു.

അവരെല്ലാം നന്നായി ഡാന്‍സ് കളിച്ചപ്പോള്‍ എന്റെ ഡാന്‍സ് മാത്രം കുറച്ച് കോമഡിയായി. ആ വീഡിയോ പിന്നീട് കണ്ടപ്പോഴാണ് എന്റെ ഡാന്‍സ് അത്രക്ക് പോര എന്ന് മനസിലായത്. അതിന് ശേഷം സ്‌റ്റേജില്‍ ഡാന്‍സ് ചെയ്യാന്‍ കയറില്ലെന്ന് തീരുമാനിച്ചു. ഇനി കയറേണ്ടി വന്നാല്‍ ആദ്യമേ പ്രാക്ടീസ് ചെയ്തിട്ട് മാത്രമേ കയറുള്ളൂവെന്നും തീരുമാനിച്ചു,’ നസ്‌ലെന്‍ പറഞ്ഞു.

ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ആലപ്പുഴ ജിംഖാനയാണ് നസ്‌ലെന്റെ ഏറ്റവും പുതിയ ചിത്രം. സ്‌പോര്‍ട്‌സ് റിലേറ്റഡ് എന്റര്‍ടൈനറായാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്. നസ്‌ലെന് പുറമെ ഗണപതി, ലുക്ക്മാന്‍, അനഘ, കോട്ടയം നസീര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. വിഷു റിലീസായൊരുങ്ങുന്ന ചിത്രം ഏപ്രില്‍ 10ന് തിയേറ്ററുകളിലെത്തും.

Content Highlight: Naslen shares the experience during Premalu movie promotion