Entertainment
ഹോളിഡേ അഡ്വാന്റേജ് മാത്രമല്ല, രജിനിയുടെ കരിയറിലെ നാഴികക്കല്ല് കൂടിയാണ്, കൂലിയുടെ റിലീസ് ഡേറ്റിന്റെ പ്രത്യേകത ചര്‍ച്ച ചെയ്ത് സോഷ്യല്‍ മീഡിയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 06, 05:07 pm
Sunday, 6th April 2025, 10:37 pm

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ താരമാണ് രജിനികാന്ത്. വില്ലനായി അരങ്ങേറി തമിഴ് ജനതയുടെ ജീവശ്വാസമായി മാറിയ രജിനികാന്ത് ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ സൂപ്പര്‍സ്റ്റാറാണ്. താരത്തിന്റെ ഓരോ സിനിമയും ആരാധകര്‍ക്ക് ആഘോഷമാണ്. എത്ര വലിയ അമാനുഷിക ആക്ഷന്‍ സീനും രജിനികാന്ത് ചെയ്താല്‍ ആരാധകര്‍ അതില്‍ ലോജിക് ചികയാറില്ല. താരത്തിന്റെ സ്‌റ്റൈലിനും ആരാധകരേറെയാണ്.

രജിനികാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ കൂലിയുടെ റിലീസ് ഡേറ്റ് അണിയറപ്രവര്‍ത്തകര്‍ അടുത്തിടെ പുറത്തുവിട്ടിരുന്നു. ഓഗസ്റ്റ് 14നാണ് ചിത്രം തിയേറ്ററുകളിലെത്തുക. സ്വാതന്ത്ര്യദിനവും അതിന് ശേഷം വരുന്ന വലിയ വീക്കെന്‍ഡും മികച്ച ഓപ്പണിങ് നല്‍കാന്‍ സഹായകമാകുമെന്നാണ് ബോക്‌സ് ഓഫീസ് അനലിസ്റ്റുകള്‍ കണക്കുകൂട്ടുന്നത്.

എന്നാല്‍ ഈ റിലീസ് ഡേറ്റിന്റെ പ്രത്യേകതയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. രജിനികാന്തിന്റെ ആദ്യചിത്രമായ അപൂര്‍വ രാഗങ്ങള്‍ റിലീസായത് 1975 ഓഗസ്റ്റ് 15നായിരുന്നു. അഭിനയജീവിതത്തിന്റെ 50ാം വര്‍ഷത്തിലേക്കാണ് രജിനികാന്ത് കടക്കുന്നത്. ഈ നേട്ടം ആഘോഷമാക്കാന്‍ കൂലി എന്ന ചിത്രം കാരണമാകുമെന്നാണ് ആരാധകര്‍ കരുതുന്നത്.

50 വര്‍ഷത്തിനിടെ തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി 170ലധികം ചിത്രങ്ങളില്‍ രജിനികാന്ത് ഭാഗമായിട്ടുണ്ട്. താരത്തിന്റെ 171ാമത് ചിത്രമാണ് കൂലി. ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ മള്‍ട്ടിസ്റ്റാര്‍ ചിത്രമാണ് കൂലി. തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജുന, കന്നഡ താരം ഉപേന്ദ്ര, തമിഴ് താരം സത്യരാജ്, ശ്രുതി ഹാസന്‍, മലയാളത്തില്‍ നിന്ന് സൗബിന്‍ ഷാഹിര്‍ എന്നിവര്‍ കൂലിയുടെ ഭാഗമാകുന്നുണ്ട്. ബോളിവുഡ് താരം ആമിര്‍ ഖാനും ചിത്രത്തില്‍ അതിഥിവേഷത്തിലെത്തുന്നുണ്ട്.

ക്ലീന്‍ പോസിറ്റീവ് റിവ്യൂ ലഭിച്ചാല്‍ തമിഴിലെ ആദ്യത്തെ 1000 കോടി ചിത്രമെന് നേട്ടം കൂലി സ്വന്തമാക്കുമെന്നാണ് കരുതുന്നത്. ജയിലറിന് ശേഷം സണ്‍ പിക്‌ചേഴ്‌സും രജിനികാന്തും ഒന്നിക്കുന്ന ചിത്രമാണ് കൂലി. അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീതം. ഗിരീഷ് ഗംഗാധരന്‍ ക്യാമറ ചലിപ്പിക്കുമ്പോള്‍ അന്‍പറിവ് ഡ്യുയോ ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നു.

രജിനിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ജയിലറിന്റെ രണ്ടാം ഭാഗവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് വീഡിയോക്ക് വന്‍ പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ അട്ടപ്പാടിയില്‍ പുരോഗമിക്കുകയാണ്. എസ്.ജെ. സൂര്യയാണ് ചിത്രത്തിലെ വില്ലന്‍. 2026ല്‍ ജയിലര്‍ 2 തിയേറ്ററിലെത്തുമെന്നാണ് പ്രതീക്ഷ.

Content Highlight: Social media discussion on Coolie movie release date