Entertainment
എമ്പുരാന്‍; ചില വാക്കുകള്‍ മ്യൂട്ട് ചെയ്തിട്ടുണ്ട്; മാറ്റങ്ങള്‍ വരുത്താന്‍ പൃഥ്വിയോട് പറഞ്ഞു: ഗോകുലം ഗോപാലന്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 29, 08:23 am
Saturday, 29th March 2025, 1:53 pm

പല വിധത്തിലുള്ള ചർച്ചകളിലൂടെ കടന്നു പോകുകയാണ് എമ്പുരാൻ. ഇപ്പോൾ എമ്പുരാൻ എന്ന സിനിമ ആരേയും വിഷമിപ്പിക്കാൻ വേണ്ടി എടുത്തതല്ലെന്ന് പറയുകയാണ് ചിത്രത്തിൻ്റെ നിർമാതാക്കളിൽ ഒരാളായ ഗോകുലം ഗോപാലൻ.

സിനിമ ആരെയെങ്കിലും വേദനിപ്പിക്കുന്നുവെങ്കിൽ അതിനു വേണ്ട നടപടി സ്വീകരിക്കാൻ പൃഥിരാജിനോട് പറഞ്ഞിട്ടുണ്ടെന്നും സിനിമ നിന്നു പോകരുതെന്ന് കരുതിയാണ് സിനിമയുമായി സഹകരിച്ചതെന്നും ഗോകുലം ഗോപാലൻ പറയുന്നു.

സിനിമയിൽ കാണിക്കുന്ന സീനുകളോ ഡയലോഗുകളോ ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കിൽ മാറ്റങ്ങൾ വരുത്തുന്നതിന് സംവിധായകനായ പൃഥ്വിരാജിനോട് പറഞ്ഞിട്ടുണ്ടെന്നും ചില വാക്കുകൾ മ്യൂട്ട് ചെയ്തിട്ടുണ്ടെന്നും ഗോപാലൻ പറയുന്നു.

സിനിമയിലെ ചില കാര്യങ്ങൾക്കെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ടെന്നും മാറ്റം വരുത്തുന്നതിന് എന്തൊക്കെ സാങ്കേതിക ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് അറിയില്ലെന്നും ഗോപാലൻ പറയുന്നു. ഒരു തിയേറ്ററിൽ മാറ്റണമെങ്കിൽ തന്നെ നല്ല ചിലവ് വരുമെന്നും നാലായിരത്തിലധികം തിയേറ്ററിൽ ഓടുന്ന സിനിമക്ക് മാറ്റം വരുത്താൻ അത്രത്തോളം പണം മുടക്കേണ്ടി വരുമെന്നും പറയുകയാണ് ഗോപാലൻ. ഒരു സിനിമ നമ്മൾ എടുക്കുന്നത് ആരെയും വേദനിപ്പിക്കാൻ അല്ലെന്നും സന്തോഷിക്കാൻ വേണ്ടിയാണെന്നും ഗോപാലൻ കൂട്ടിച്ചേർത്തു.

മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഗോകുലം ഗോപാലൻ ഇക്കാര്യം പറഞ്ഞത്.

‘എമ്പുരാൻ സിനിമയിൽ കാണിക്കുന്ന എന്തെങ്കിലും സീനുകളോ ഡയലോഗുകളോ ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കിൽ മാറ്റങ്ങൾ വരുത്തുന്നതിന് സംവിധായകനായ പൃഥ്വിരാജിനോട് പറഞ്ഞിട്ടുണ്ട്. ചില വാക്കുകൾ തത്കാലം മ്യൂട്ട് ചെയ്തിട്ടുണ്ട്.

സിനിമയിലെ ചില കാര്യങ്ങൾക്കെതിരെ പ്രധിഷേധം ഉയർന്നിട്ടുണ്ട്. എന്തെങ്കിലും മാറ്റം വരുത്താൻ പറ്റുമെങ്കിൽ അങ്ങനെ ചെയ്യാൻ സംവിധായകനോട് പറഞ്ഞിട്ടുണ്ട്. എന്തൊക്കെ സാങ്കേതിക ബുദ്ധിമുട്ട് ഉണ്ടാകും എന്ന് എനിക്കറിയില്ല. ഒരുപാട് തിയേറ്ററുകളിൽ സിനിമ കളിക്കുന്നുണ്ട്. ഒരു തിയേറ്ററിൽ മാറ്റണമെങ്കിൽ നല്ല ചിലവ് വരും. അപ്പോൾ നാലായിരത്തിലധികം തിയേറ്ററിൽ ഓടുന്ന സിനിമക്ക് മാറ്റം വരുത്താൻ അത്രത്തോളം പണം മുടക്കേണ്ടി വരും.

നാൽപ്പത് ലക്ഷത്തോളം വരുമെന്നാണ് എൻ്റെ ഒരു കണക്ക് കൂട്ടൽ എന്നാലും ചെയ്യാൻ പറ്റുന്നത് ചെയ്യണം എന്നാണ് എൻ്റെ ആഗ്രഹം. ഒരു സിനിമ നമ്മൾ എടുക്കുന്നത് ആരെയും വേദനിപ്പിക്കാൻ അല്ലല്ലോ? സിനിമ കാണുന്നവർ സന്തോഷിക്കാൻ വേണ്ടിയാണ് കാണുന്നത്’ ഗോകുലം ഗോപാലൻ പറഞ്ഞു.

Content Highlight: Empuraan; Some words have been muted says Gokulam Gopalan