Kerala News
സന്ദീപ് വാര്യര്‍ക്ക് സീറ്റ് നല്‍കാതിരുന്നത് ശരിയായില്ല, അയാള്‍ പിണങ്ങി പോവില്ലെന്ന് തനിക്കറിയാം: ബി.ജെ.പി നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Nov 03, 06:30 am
Sunday, 3rd November 2024, 12:00 pm

പാലക്കാട്: സന്ദീപ് വാര്യര്‍ക്ക് പാലക്കാട് ബി.ജെ.പി കണ്‍വെന്‍ഷന്‍ സദസില്‍ സീറ്റ് നല്‍കാതിരുന്നത് ശരിയായില്ലെന്ന് ബി.ജെ.പി ദേശീയ കൗണ്‍സില്‍ അംഗം എന്‍. ശിവരാജന്‍. ബി.ജെ.പിയിലെ വളര്‍ന്നുവരുന്ന ശക്തരായ നേതാക്കളില്‍ ഒരാളായ സന്ദീപ് വാര്യര്‍ അങ്ങനെയൊന്നും പിണങ്ങി പോവില്ലെന്നും എന്‍. ശിവരാജന്‍ പറഞ്ഞു.

പിണങ്ങി പോയത് എന്തെങ്കിലും വിഷമം ഉള്ളതിനാലായിരിക്കുമെന്നും മികച്ച നേതാക്കളില്‍ ഓരാളായ സന്ദീപ് ഭാരതീയ ജനതാ പാര്‍ട്ടിയില്‍ തന്നെ ഉറച്ചുനില്‍ക്കുമെന്നും എന്‍. ശിവരാജന്‍ കൂട്ടിച്ചേര്‍ത്തു.

കണ്‍വെന്‍ഷനിലേക്ക് ക്ഷണിച്ച് വരുത്തിയിട്ട് സീറ്റ് കൊടുത്തില്ലെങ്കില്‍ അത് തെറ്റാണെന്നും സന്ദീപ് വാര്യര്‍ക്ക് സദസില്‍ കയറി ഇരിക്കാമായിരുന്നുവെന്നും അതിനുള്ള അധികാരം സന്ദീപിന് ഉണ്ടെന്നുംനേതാവ് പറഞ്ഞു.

ഇഷ്ടമുള്ള സീറ്റില്‍ ഇരിക്കുന്നതില്‍ തെറ്റില്ലെന്നും സീറ്റൊന്നും ഒരു പ്രശ്‌നമല്ലെന്നും സന്ദീപ് വാര്യര്‍ എവിടെയും പോവില്ലെന്ന് തനിക്കറിയാമെന്നും എന്‍. ശിവരാജന്‍ വ്യക്തമാക്കി.

തിങ്കളാഴ്ച പാലക്കാട് നടന്ന കണ്‍വെന്‍ഷനില്‍ സദസില്‍ സീറ്റ് നിഷേദിച്ചതിനെ തുടര്‍ന്ന് മണ്ഡലത്തിലെ പ്രചാരണ ചുമതലയില്‍ നിന്ന് സന്ദീപ് വാര്യര്‍ ഒഴിഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.

കണ്‍വെന്‍ഷനില്‍ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം തനിക്ക് സീറ്റ് നല്‍കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അറിയിച്ചിട്ടും തന്നെ അവഗണിച്ചുവെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു.

അനുനയ നീക്കത്തോട് സന്ദീപ് വാര്യര്‍ മുഖം തിരിച്ചുവെന്നും അണികളോടൊപ്പം വേദിയില്‍ ഇരിക്കേണ്ടി വന്നതിനെ തുടര്‍ന്നാണ് പ്രചരണ ചുമതലയില്‍ നിന്ന് പിന്മാറിയതെന്നും റിപ്പോര്‍ട്ട് വന്നിരുന്നു.

Content Highlight: It was not right not to give seat to Sandeep Warrier, I know he won’t fight: BJP leader N Sivarajan