ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പദ്ധതി ഈ സര്‍ക്കാറിന്റെ കാലത്ത് തന്നെ നടപ്പാക്കുമെന്ന് റിപ്പോര്‍ട്ട്
national news
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പദ്ധതി ഈ സര്‍ക്കാറിന്റെ കാലത്ത് തന്നെ നടപ്പാക്കുമെന്ന് റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 15th September 2024, 7:30 pm

ന്യൂദല്‍ഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പദ്ധതി ഈ സര്‍ക്കാറിന്റെ കാലത്ത് തന്നെ നടപ്പാക്കുമെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാറുമായി ബന്ധപ്പെട്ട പേര് വെളിപ്പെടുത്താത്ത ഒരു സോഴ്‌സിനെ ഉദ്ധരിച്ച് കൊണ്ട് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിലവിലുള്ള തെരഞ്ഞെടുപ്പ് രീതി രാജ്യത്തിന്റെ പുരോഗതിക്ക് തടസ്സമാണെന്നാണ് സര്‍ക്കാര്‍ നിലപാട് എന്നും റിപ്പോര്‍ട്ടിലുണ്ട്.

മൂന്നാം നരേന്ദ്രമോദി സര്‍ക്കാറിന്റെ ആദ്യ നൂറ് ദിവസം പൂര്‍ത്തിയാകുമ്പോള്‍ നിലവിലുള്ള മുന്നണി ഭരണം കൂടുതല്‍ കെട്ടുറപ്പുള്ളതാകുമെന്നും ആ കെട്ടുറപ്പ് ഈ ഭരണകാലയളവ് മുഴുവന്‍ തുടരുമെന്നും പ്രസ്തുത സോഴ്‌സിനെ ഉദ്ധരിച്ച് കൊണ്ട് റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍ നരേന്ദ്ര മോദി ഈ പദ്ധതി നടപ്പിലാക്കുന്നതിനെ കുറിച്ച് സംസാരിച്ചത് ഇതിന്റെ ആദ്യ ഘട്ടമാണെന്നും പദ്ധതി നടപ്പിലാക്കാനായി സര്‍ക്കാര്‍ തലത്തില്‍ ശക്തമായ മുന്നൊരുക്കങ്ങള്‍ നടക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്.

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പദ്ധതി നടപ്പിലാക്കുന്നതിനായി രാജ്യം മുന്നോട്ട് വരണമെന്നായിരുന്നു സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തില്‍ പറഞ്ഞിരുന്നത്. ഇതിനായി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

രാജ്യത്തിന്റെ വിഭവം സാധാരണ ജനങ്ങള്‍ക്കായി കൂടുതല്‍ വിനിയോഗിക്കാന്‍ കഴിയണമെങ്കില്‍ ഈ പദ്ധതി വേഗത്തില്‍ നടപ്പിലാക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ സര്‍ക്കാറുമായി ബന്ധപ്പെട്ട കേന്ദ്രങ്ങലെ ഉദ്ധരിച്ച് കൊണ്ടുള്ള ഈ റിപ്പോര്‍ട്ട് പ്രസക്തമാകുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മുന്നോട്ടുവെച്ച പ്രധാനപ്പെട്ട വാഗ്ദാനങ്ങളില്‍ ഒന്നുകൂടിയായിരുന്നു ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പദ്ധതി. പദ്ധതിയെ കുറിച്ച് പഠിക്കാനായി മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള ഒരു സമിതിയെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.

ഈ സമിതി 2024 മാര്‍ച്ചില്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാറിന് നല്‍കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ ആദ്യഘട്ടമായി രാജ്യത്താകെ തദ്ദേശ തെരഞ്ഞെടുപ്പ് ഒരുമിച്ച് നടത്താമെന്ന ശുപാര്‍ശയും സമിതി മുന്നോട്ട് വെച്ചിരുന്നു. അവിശ്വാസ പ്രമേയങ്ങള്‍ ഉള്‍പ്പടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യാന്‍ ഏകീകൃത കമ്മീഷന്‍ രൂപീകരിക്കുന്നതിനെ കുറിച്ചും ഈ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു.

സംസ്ഥാന നിയമസഭകളുടെ അംഗീകാരമില്ലാതെ തന്നെ സുപ്രധാനമായ ചില ബില്ലുകള്‍ കേന്ദ്ര സര്‍ക്കാറിന് പാസാക്കിയെടുക്കാമെന്നതാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പദ്ധതിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ പ്രധാനമായും ലക്ഷ്യമിടുന്നത്.

content highlights; It is reported that One country one election project will implement during this government’s tenure