തിരുവനന്തപുരം: പ്രതിദിന രോഗികളുടെ എണ്ണം 30,000ന് മുകളില്‍ വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ 510 മെട്രിക് ടണ്ണോളം ഓക്സിജന്‍ കരുതല്‍ ശേഖരമുണ്ടെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. ഏത് പ്രതികൂല സാഹചര്യത്തേയും പ്രതിരോധിക്കാന്‍ പറ്റുന്ന തരത്തില്‍ കരുതല്‍ ശേഖരമായ 1000 മെട്രിക് ടണ്ണായി വര്‍ധിപ്പിക്കുന്നതിന്റെ സാധ്യതകള്‍ ചര്‍ച്ച ചെയ്തതായി മന്ത്രി അറിയിച്ചു. ഓക്സിജന്‍ ലഭ്യത ഉറപ്പാക്കുന്നതിന് വേണ്ടി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിന് ശേഷമാണ് മന്ത്രി ഇക്കാര്യം അറയിച്ചത്.
നിലവില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ 220 മെട്രിക് ടണ്‍ ഓക്സിജന്‍ ലഭ്യമാണ്. കൊവിഡ് ചികിത്സയ്ക്കും കൊവിഡ് ഇതര ചികിത്സയ്ക്കുമായി ഏകദേശം 100 മെട്രിക് ടണ്‍ ഓക്സിജനാണ് ഉപയോഗിക്കേണ്ടി വരുന്നതെന്നും മന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു.
വിവിധ ജില്ലാ കലക്ടര്‍മാര്‍ രോഗികളുടെ വര്‍ധനവിന് ആനുപാതികമായി ജില്ലകളില്‍ ഒരുക്കുന്ന ചികിത്സാ കേന്ദ്രങ്ങളുടെ ആവശ്യകതയനുസരിച്ച് ഓക്സിജന്റെ ലഭ്യതയില്‍ ഉണ്ടായേക്കാവുന്ന വര്‍ധനവ് യോഗത്തില്‍ ശ്രദ്ധയില്‍പ്പെടുത്തി.
ആരോഗ്യ മന്ത്രി കെ.കെ ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
പ്രതിദിന രോഗികളുടെ എണ്ണം 30,000ന് മുകളില്‍ വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ഓക്സിജന്‍ ലഭ്യത ഉറപ്പാക്കുന്നതിന് വേണ്ടി പ്രത്യേക ഉന്നതതല യോഗം വിളിച്ചുചേര്‍ത്തു. കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തിന്റെ തുടര്‍ച്ചയായാണ് ഈ യോഗം കൂടിയത്.
സംസ്ഥാനത്ത് പ്രതിദിനമുള്ള ഓക്സിജന്റെ ഉത്പാദനം, വിതരണം, ഉപയോഗം, ആസന്നമായിരിക്കുന്ന രോഗികളുടെ എണ്ണത്തിലുള്ള ക്രമാനുഗതമായ വര്‍ധനവിന് ആനുപാതികമായുള്ള മുന്നൊരുക്കങ്ങള്‍ എന്നിവ പ്രത്യേകമായി യോഗം ചര്‍ച്ച ചെയ്തു.
നിലവില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ 220 മെട്രിക് ടണ്‍ ഓക്സിജന്‍ ലഭ്യമാണ്. കൊവിഡ് ചികിത്സയ്ക്കും കൊവിഡ് ഇതര ചികിത്സയ്ക്കുമായി ഏകദേശം 100 മെട്രിക് ടണ്‍ ഓക്സിജനാണ് ഉപയോഗിക്കേണ്ടി വരുന്നത്. വിതരണ ശേഷം ഓക്സിജന്‍ ഉത്പാദന കേന്ദ്രത്തില്‍ 510 മെട്രിക് ടണ്ണോളം ഓക്സിജന്‍ കരുതല്‍ ശേഖരമായുണ്ട്. ഏത് പ്രതികൂല സാഹചര്യത്തേയും പ്രതിരോധിക്കാന്‍ പറ്റുന്ന തരത്തില്‍ കരുതല്‍ ശേഖരം 1000 മെട്രിക് ടണ്ണായി വര്‍ധിപ്പിക്കുന്നതിന്റെ വിവിധ സാധ്യതകള്‍ യോഗം പ്രത്യേകം ചര്‍ച്ച ചെയ്തു.
വിവിധ ജില്ലാ കലക്ടര്‍മാര്‍ രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനവിന് ആനുപാതികമായി ജില്ലകളില്‍ ഒരുക്കുന്ന ചികിത്സാ കേന്ദ്രങ്ങളുടെ ആവശ്യകതയനുസരിച്ച് ഓക്സിജന്റെ ലഭ്യതയില്‍ ഉണ്ടായേക്കാവുന്ന വര്‍ധനവ് പ്രത്യേകം ശ്രദ്ധയില്‍പ്പെടുത്തി. അതുമായി ബന്ധപ്പെട്ട് സ്വീകരിക്കാന്‍ പറ്റുന്ന ബദല്‍ മാര്‍ഗങ്ങളെപ്പറ്റി യോഗം ചര്‍ച്ച ചെയ്യുകയും ചെയ്തു.
ലഭ്യമായ ഓക്സിജന്റെ ഏറ്റവും ഫലവത്തായ വിനിയോഗത്തിനു വേണ്ടി സംസ്ഥാന, ജില്ലാ, ആശുപത്രി തലങ്ങളില്‍ ഓക്സിജന്‍ ഓഡിറ്റ് കമ്മിറ്റികള്‍ രൂപീകരിക്കും. ചികിത്സാ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ഓക്സിജന്‍ ലീക്കേജ് പരമാവധി ഒഴിവാക്കുന്നതിനുള്ള മുന്‍കരുതല്‍ സ്വീകരിക്കുന്നതിനും ഓക്സിജന്‍ സിലിണ്ടറുകള്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് കാലോചിതമായി നല്‍കുന്ന പരിശീലന പരിപാടി ഏകോപിപ്പിക്കുന്നതിനും തീരുമാനിച്ചു.
നിലവില്‍ ലിക്വിഡ് ഓക്സിജന്‍ ടാങ്കുകള്‍ പല ആശുപത്രികളിലും സജ്ജീകരിച്ചിട്ടുണ്ടെങ്കിലും ഓതറൈസേഷന്റെ പ്രശ്നം കാണുന്നുണ്ട്. ഇത് പി.ഇ.എസ്.ഒ. അധികാരികളുമായി ബന്ധപ്പെട്ട് എത്രയും വേഗം പരിഹരിച്ച് തുടര്‍ച്ചയായ ഓക്സിജന്‍ ലഭ്യത ഉറപ്പുവരുത്താന്‍ നിര്‍ദേശം നല്‍കി.
ബള്‍ക്ക് ഓക്സിജന്‍ സിലിണ്ടറിന്റെ ലഭ്യത രാജ്യത്തൊട്ടാകെ കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ ഇന്‍ഡസ്ട്രിയല്‍ ആവശ്യത്തിന് വേണ്ടി ഉപയോഗിക്കുന്ന ബള്‍ക്ക് ഓക്സിജന്‍ സിലിണ്ടറുകള്‍, നൈഡ്രജന്‍ സിലിണ്ടറുകള്‍, ആര്‍ഗോണ്‍ സിലിണ്ടറുകള്‍ എന്നിവ ജില്ലാ അടിസ്ഥാനത്തില്‍ കളക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ പിടിച്ചെടുക്കുന്നതിനും അവയെ എയര്‍ സെപ്പറേഷന്‍ യൂണിറ്റ് വഴി എത്രയും പെട്ടെന്ന് മെഡിക്കല്‍ ഓക്സിജന്‍ സിലിണ്ടറുകളാക്കി മാറ്റി ഉപയോഗിക്കുന്നതിനും തീരുമാനിച്ചു.
ഓക്സിജന്‍ വഹിച്ചുകൊണ്ടുവരുന്ന ടാങ്കറുകള്‍ക്ക് ആംബുലന്‍സിന് കിട്ടുന്ന അതേ പരിഗണന പൊതുനിരത്തുകളില്‍ ഉണ്ടാകുന്നതിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള നിര്‍ദേശങ്ങള്‍ സംസ്ഥാനത്ത് എത്രയും പെട്ടെന്ന് നടപ്പില്‍ വരുത്തുന്നതിന് ജില്ലാ കലക്ടര്‍മാര്‍ ജില്ലാ പൊലീസ് അധികാരികളുമായി സഹകരിച്ച് മേല്‍ നടപടികള്‍ സ്വീകരിക്കുന്നതിനും നിര്‍ദേശം നല്‍കി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക