മെസി എന്തൊക്കെ നേടിയിട്ടും കാര്യമില്ല; അവർ വിമർശനങ്ങൾ തുടരും; സ്പാനിഷ് താരം
football news
മെസി എന്തൊക്കെ നേടിയിട്ടും കാര്യമില്ല; അവർ വിമർശനങ്ങൾ തുടരും; സ്പാനിഷ് താരം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 26th December 2022, 6:12 pm

ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾക്ക് ഖത്തറിന്റെ മണ്ണിൽ നിന്നും അരങ്ങൊഴിയുമ്പോൾ ലോകകിരീടം നേടി തന്റെ കരിയർ സമ്പൂർണമാക്കിയിരിക്കുകയാണ് സാക്ഷാൽ മെസി.

എന്നാൽ ലോകകപ്പ് കിരീട നേട്ടത്തിന് ശേഷവും മെസിയുടെ കളിമികവിനെയും പ്രതിഭയെയും കുറിച്ച് ചർച്ചകൾ തുടരുകയാണ്. പോർച്ചുഗൽ സൂപ്പർ താരം റൊണാൾഡോയോടും മറഡോണ, പെലെ മുതലായ ഇതിഹാസ താരങ്ങളോടുമെല്ലാം താരതമ്യം ചെയ്ത് മെസിയുടെ കളി മികവിനെ സസൂഷ്മം നിരീക്ഷിക്കുന്ന ധാരാളം ചർച്ചകൾ സോഷ്യൽ മീഡിയയിലും ഫുട്ബോൾ വിദഗ്ധരുടെ ഇടയിലുമെല്ലാം ഉയർന്ന് വരുന്നുണ്ട്.

എന്നാൽ ഈ ചർച്ചകളെക്കുറിച്ച് തന്റെ അഭിപ്രായങ്ങൾ തുറന്ന് പറഞ്ഞിരിക്കുകയാണ് മുൻ ബാഴ്സലോണ ക്യാപ്റ്റനും സ്പെയ്നൊപ്പം 2010ൽ ലോകകിരീടം സ്വന്തമാക്കിയ താരവുമായ ആന്ദ്രേ ഇനിയേസ്റ്റ.

റൊണാൾഡോ എന്തൊക്കെ നേട്ടം കരസ്ഥമാക്കിയാലും വിമർശകർ അദ്ദേഹത്തെ അംഗീകരിക്കില്ല എന്നാണ് ഇനിയേസ്റ്റ അഭിപ്രായപ്പെട്ടത്.
ഒരു ലോക കിരീടം, രണ്ട് ലോകകപ്പ് ഗോൾഡൻ ബോൾ, ഏഴ് ബാലൺ ഡി ഓർ, അടക്കം കരിയറിൽ നേടാവുന്ന പുരസ്കാരങ്ങളെല്ലാം സ്വന്തമാക്കി അത്യുന്നതങ്ങളിലാണ് ഇപ്പോൾ മെസിയുടെ സ്ഥാനം.

എന്നാൽ മെസിയല്ല ലോകത്തിലെ മികച്ച താരം എന്ന് അഭിപ്രായപെടുന്നവർ മെസി എന്തൊക്കെ നേട്ടങ്ങൾ സ്വന്തമാക്കിയാലും അവരുടെ അഭിപ്രായവും ചിന്തയും മാറ്റില്ല എന്നാണ് ഇനിയേസ്റ്റ പ്രതികരിച്ചിരിക്കുന്നത്.

ഇ.എസ്.പി.എനിന് നൽകിയ അഭിമുഖത്തിലാണ് ഇനിയേസ്റ്റ തന്റെ അഭിപ്രായങ്ങൾ പറഞ്ഞത്. കൂടാതെ ലോകകപ്പ് നേടിയാലും ഇല്ലെങ്കിലും തന്റെ കാഴ്ച്ചപ്പാടിൽ ഏറ്റവും മികച്ച താരം മെസിയാണെന്നും അദ്ദേഹം പറഞ്ഞു.

 

വിമർശിക്കുന്നവർക്ക് മെസി ലോകകപ്പ് നേടിയാലും അദ്ദേഹമല്ല G.O.A.T എന്ന് തെളിയിക്കാൻ നിരവധി വാദങ്ങൾ ഉണ്ടാകും എന്നും ഇനിയേസ്റ്റ പറഞ്ഞു.

“ലയണൽ മെസി ഒരു ലോകകപ്പ് നേടിയെന്ന വസ്തുത അദ്ദേഹത്തെ വളരെ സന്തോഷിപ്പിക്കും.അദ്ദേഹത്തിന് മാത്രമല്ല, ഒരു രാജ്യമെന്ന നിലയിൽ അർജന്റീനയ്ക്കും അത് വലിയ അഭിമാന നിമിഷമായിരിക്കും,’ അദ്ദേഹം പറഞ്ഞു.

”മെസി മികച്ച താരമാണ് എന്ന് അംഗീകരിക്കാത്ത ഏതൊരാൾക്കും അദ്ദേഹം ലോകകപ്പ് നേടിയോ ഇല്ലയോ എന്നതൊന്നും വിഷയമായിരിക്കില്ല.
അവർക്ക് അദ്ദേഹത്തെ വിമർശിച്ചാൽ മാത്രം മതി,’ ഇനിയേസ്റ്റ കൂട്ടിച്ചേർത്തു.

അതേസമയം പി.എസ്.ജിയിൽ തന്റെ കരാർ ഒരു വർഷംകൂടി നീട്ടിയ മെസി പരിശീലനത്തിനായി പി.എസ്.ജിയിലേക്ക് തിരിച്ചിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

 

Content Highlights: It doesn’t matter what Messi has achieved; They will continue to criticize;said spanish footballer