റഫയില്‍ ഭിന്നശേഷിക്കാരെ പാര്‍പ്പിക്കുന്ന അഭയകേന്ദ്രങ്ങളില്‍ ഇസ്രഈലിന്റെ ബോംബാക്രമണം
World
റഫയില്‍ ഭിന്നശേഷിക്കാരെ പാര്‍പ്പിക്കുന്ന അഭയകേന്ദ്രങ്ങളില്‍ ഇസ്രഈലിന്റെ ബോംബാക്രമണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 14th December 2023, 10:49 am

ഗസ: തെക്കന്‍ നഗരമായ റഫയില്‍ ഭിന്നശേഷിക്കാരെ പാര്‍പ്പിക്കുന്ന അഭയകേന്ദ്രങ്ങളില്‍ ബോംബാക്രമണം നടത്തി ഇസ്രഈല്‍. റഫയില്‍ ഇസ്രഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 20 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 5,30000 ത്തോളം പേര്‍ താമസിക്കുന്ന നഗരമാണ് റഫ. ഇസ്രഈല്‍ ആക്രമണം രൂക്ഷമായതോടെ ഇവിടേക്ക് അഭയാര്‍ത്ഥികളായെത്തിയത് നിരവധി പേരാണ്.

ഭിന്നശേഷിക്കാരെ പാര്‍പ്പിക്കുന്ന റഫയിലും അഭയകേന്ദ്രങ്ങളിലുമാണ് ഇസ്രഈല്‍ സൈന്യം ആക്രമണം നടത്തിയത്. ബുധനാഴ്ച ഗസയിലുടനീളം ഇസ്രഈല്‍ കനത്ത ബോംബാക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ട്.

വടക്കന്‍ ഗസ മുനമ്പിലെ ജബാലിയ അഭയാര്‍ത്ഥി ക്യാമ്പിലെ ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള യു.എന്‍ റിലീഫ് ആന്‍ഡ് വര്‍ക്ക്‌സ് ഏജന്‍സിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ആരോഗ്യ കേന്ദ്രത്തിന് നേരെയാണ് ബോംബാക്രമണം നടന്നത്.

അതിന് പുറമെ ഗസ സിറ്റിയിലെ ഷെയ്ഖ് റദ്വാന്‍ പരിസരത്ത് അഭയാര്‍ത്ഥികള്‍ താമസിച്ചിരുന്ന സ്‌കൂളിന് നേരെയുണ്ടായ സമരത്തില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

മധ്യ ഗസയിലെ നുസെറാത്ത് അഭയാര്‍ത്ഥി ക്യാമ്പിന് സമീപം ആളുകള്‍ താമസിക്കുന്ന കെട്ടിടത്തിലും ഇസ്രഈല്‍ ആക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ട്.

വടക്കന്‍ ഗസയിലെ ഒരു സ്‌കൂളിനുള്ളില്‍ മൃതദേഹങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അല്‍ ജസീറ പുറത്തുവിട്ടിട്ടുണ്ട്. മരിച്ചവരെ പോയിന്റ് ബ്ലാങ്ക് റേഞ്ചില്‍ വെടിവച്ചാണ് കൊലപ്പെടുത്തിയതെന്ന് ബന്ധുക്കള്‍ പറയുന്നു.

ഗസയിലെ ജനസംഖ്യയുടെ പകുതിയോളം പേര്‍ ഇപ്പോള്‍ റഫയിലാണെന്നാണ് യു.എന്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.

‘ഏകദേശം 1.9 മില്യണ്‍ ജനങ്ങളുള്ള ഗസയിലെ ജനസംഖ്യയുടെ പകുതിയും ഇപ്പോള്‍ തെക്കന്‍ ഗസയിലെ റഫ ഗവര്‍ണറേറ്റ് ഏരിയയില്‍ താമസിക്കുന്നതായാണ് കണക്കാക്കപ്പെടുന്നത്. ഭക്ഷണം, വെള്ളം, പാര്‍പ്പിടം, ആരോഗ്യം, സംരക്ഷണം ഇതൊക്കെയാണ് ജനങ്ങളുടെ ആവശ്യം. സഹായകേന്ദ്രങ്ങള്‍ക്ക് മുന്‍പില്‍ വലിയ ജനക്കൂട്ടത്തെയാണ് കാണുന്നത്. മണിക്കൂറുകളോളം കാത്തിരിക്കുകയാണ് അവര്‍,’ യു.എന്‍ ദുരിതാശ്വാസ ഏജന്‍സി പറഞ്ഞു.

റഫയില്‍ ഇപ്പോഴും പരിമിതമായ രീതിയില്‍ ഭക്ഷണമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിതരണം ചെയ്യുന്നുണ്ടെങ്കിലും ഗസയുടെ മറ്റ് ഭാഗങ്ങളില്‍ സഹായ വിതരണം നിലച്ചിരിക്കുകയാണെന്നും യു.എന്‍ കൂട്ടിച്ചേര്‍ത്തു.

ഒക്ടോബര്‍ 7 മുതല്‍ ഗസയിലെ തങ്ങളുടെ കേന്ദ്രങ്ങളില്‍ അഭയം പ്രാപിച്ച 288 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി യു.എന്‍.ആര്‍.ഡബ്ല്യു.എയും വ്യക്തമാക്കി.

ഗസയില്‍ ഇസ്രഈല്‍ നടത്തിയ ആക്രമണത്തില്‍ ഒക്ടോബര്‍ 7 മുതല്‍ ഇസ്രഈല്‍ നടത്തുന്ന ആക്രമണത്തില്‍ 18,608 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. മരിച്ചവരില്‍ 70 ശതമാനം പേരും സ്ത്രീകളും കുട്ടികളുമാണ്.

അതേസമയം ഗസയിലെ വിവിധ ഭാഗങ്ങളില്‍ തുടരുന്ന മഴ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും ആളുകളുടെ പലായനത്തിനുമൊക്കെ തടസം സൃഷ്ടിക്കുന്നുണ്ട്. ആയിരക്കണിക്കിന് വരുന്ന ആളുകള്‍ക്കിടയില്‍ രോഗം പടരുന്ന സാഹചര്യവും നിലവിലുണ്ട്.

Content Highlight: Israeli strikes hit Rafah and shelters housing disabled people