ഗസ: ഗസയിലെ അഭയാർത്ഥി ക്യാമ്പിൽ ഇസ്രഈൽ നടത്തിയ ആക്രമണത്തിൽ ആറ് യു.എൻ സന്നദ്ധപ്രവർത്തകരടക്കം 18 പേർ കൊല്ലപ്പെട്ടു. ഫലസ്തീനിലെ നുസെയ്‌റാത്തിലെ സ്‌കൂളിൽ അഭയം പ്രാപിച്ച അഭയാർത്ഥികൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. നുസെയ്‌റാത്തിലെ അൽ-ജൗനി സ്‌കൂളിലാണ് ആക്രമണം ഉണ്ടായത്. ആക്രമണ സമയത്ത് 12,000 ത്തോളം അഭയാർത്ഥികൾ സ്കൂളിൽ ഉണ്ടായിരുന്നെന്ന് റിപ്പോർട്ടുകൾ പറയുന്നു. അതിൽ കൂടുതലും സ്ത്രീകളും കുട്ടികളും ആയിരുന്നെന്ന് യു.എൻ പറഞ്ഞു.
ഷെൽട്ടർ മാനേജരും മറ്റ് അഞ്ച് അൻർവ സ്റ്റാഫും ഉൾപ്പെടെ മൊത്തം 18 പേരാണ് കൊല്ലപ്പെട്ടത്. തങ്ങളുടെ ഏറ്റവും കൂടുതൽ സ്റ്റാഫുകളുടെ മരണത്തിന് ഇടയാക്കിയ ആക്രമണമാണ് ഇതെന്ന് അൻർവ പറഞ്ഞു. ഫലസ്തീനിലെ അഭയാർത്ഥികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന യു.എൻ മനുഷ്യാവകാശ സംഘടനയാണ് അൻർവ. അൻർവയുടെ അംഗങ്ങളും ആക്രമണത്തിൽ കൊല്ലപ്പെട്ടു.
ആക്രമണത്തെ അപലപിച്ച് യു.എൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ് മുന്നോട്ടെത്തിയിട്ടുണ്ട്. ‘ഇസ്രഈൽ യുദ്ധത്തിൽ സാധാരണക്കാരെ സംരക്ഷിക്കുന്ന അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചുകൊണ്ടിരിക്കുകയാണ്. ഈ ലംഘനത്തിന് അറുതി വരുത്തണം,’ അദ്ദേഹം പറഞ്ഞു.
ബോംബാക്രമണത്തെ അപലപിച്ച് യൂറോപ്യൻ യൂണിയൻ്റെ ഉന്നത നയതന്ത്രജ്ഞൻ ജോസെപ് ബോറെലും രംഗത്തെത്തിയിട്ടുണ്ട്. “അന്താരാഷ്ട്ര മാനുഷിക നിയമത്തിൻ്റെ അടിസ്ഥാന തത്വങ്ങളുടെ അവഗണനയാണ് ഇവിടെ നടന്നിരിക്കുന്നത്. പ്രത്യേകിച്ച് സാധാരണക്കാർക്ക് നേരെയുള്ള ആക്രമണം. ഇത് അന്താരാഷ്ട്ര സമൂഹത്തിന് അംഗീകരിക്കാൻ കഴിയില്ല, അംഗീകരിക്കാൻ പാടില്ല,’ അദ്ദേഹം പറഞ്ഞു.
ജർമൻ വിദേശകാര്യ മന്ത്രാലയവും ആക്രമണത്തെ അപലപിക്കുകയും യു.എൻ ജീവനക്കാരെയും ഫലസ്തീനികളെയും സംരക്ഷിക്കാൻ ഇസ്രഈലിനോട് ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ ഗസയിൽ കൊല്ലപ്പെട്ട അൻർവയുടെ ജീവനക്കാരുടെ ആകെ എണ്ണം 220 ആയി ഉയർന്നെന്ന് ഏജൻസി തലവൻ ഫിലിപ്പ് ലസാറിൻ എക്സ് പോസ്റ്റിൽ പറഞ്ഞു.
ഗസയിൽ ഇസ്രഈൽ ആക്രമണത്തിൽ ഇതുവരെ 40,000 ത്തിലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടുവെന്ന് പ്രാദേശിക ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തിരുന്നു.
ഇസ്രഈലിന്റെ ആക്രമണത്തിൽ 92,401 പേർക്ക് പരിക്കേൽക്കുകയും ജനസംഖ്യയുടെ 85 ശതമാനത്തിലധികം ആളുകൾക്ക് അവരുടെ വീടുകളിൽ താമസം മാറേണ്ട അവസ്ഥ വരികയും ചെയ്തതായി ഗസ ആരോഗ്യമന്ത്രാലയം പറഞ്ഞു. ഒക്‌ടോബർ ഏഴിന് ഹമാസ് തെക്കൻ ഇസ്രഈലിലേക്ക് പ്രത്യാക്രമണം നടത്തുകയും 1,200 ഓളം പേർ കൊല്ലപ്പെടുകയും ചെയ്തതിന് പിന്നാലെയായിരുന്നു ഇസ്രഈൽ യുദ്ധം ആരംഭിച്ചത്.
Content Highlight: Israeli strike on school kills 18, including six UN workers