ഗസയിൽ അധികാരികൾ അടക്കമുള്ളവരുടെ കുടിയേറ്റം; പിന്തുണച്ച് ഇസ്രഈൽ മന്ത്രിമാർ
World News
ഗസയിൽ അധികാരികൾ അടക്കമുള്ളവരുടെ കുടിയേറ്റം; പിന്തുണച്ച് ഇസ്രഈൽ മന്ത്രിമാർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 29th January 2024, 8:18 am

 

ടെൽ അവീവ്: ഗസയിലെ ഇസ്രഈലി പുനരധിവാസത്തെ പിന്തുണച്ച് ഇസ്രഈൽ മന്ത്രിമാർ. ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ലിക്കിഡ് പാർട്ടിയിലെ മന്ത്രിമാരുൾപ്പെടെ ആയിരക്കണക്കിന് ആളുകളാണ് ഗസയിൽ ഇസ്രഈലികളെ പുനരധിവസിപ്പിക്കാൻ ആഹ്വാനം ചെയ്ത സമ്മേളനത്തിൽ പങ്കെടുത്തത്.

ഗസയിലെ ഇസ്രഈലി സെറ്റിൽമെൻ്റുകൾ പുനർനിർമിക്കുന്നതിനെക്കുറിച്ചും ഗസയിൽ നിന്ന് ഫലസ്തീനികളെ കുടിയിറക്കുന്നതിനെ കുറിച്ചുമായിരുന്നു സമ്മേളനത്തിലെ ചർച്ച. കുറഞ്ഞത് 12 ഇസ്രഈലി മന്ത്രിമാരെങ്കിലും പങ്കെടുത്തതായി ഇസ്രഈലിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ദേശീയ സുരക്ഷാ മന്ത്രി ബെൻ-ഗ്വിർ, ധനകാര്യ മന്ത്രി ബെസാലെൽ സ്മോട്രിച്ച് എന്നിവർ സമ്മേളനത്തിൽ നൃത്തം ചെയ്യുന്ന വീഡിയോ
നോർവീജിയൻ അഭയാർത്ഥി കൗൺസിലിൻ്റെ പ്രത്യേക ഉപദേഷ്ടാവായ ഇറ്റായ് എപ്സ്റ്റെയ്ൻ പുറത്തുവിട്ടു.

അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ സമീപകാല ഉത്തരവ് ധിക്കരിക്കുന്നതിന്റെ ഏറ്റവും വ്യക്തമായ തെളിവാണ് സമ്മേളനത്തിലെ മന്ത്രിമാരുടെ പങ്കാളിത്തവും പിന്തുണയും എന്ന് മനുഷ്യവകാശ പ്രവർത്തകർ പറഞ്ഞു. വംശഹത്യ തടയണമെന്നും അതിന് പ്രേരിപ്പിക്കുന്നവർക്കെതിരെ ശക്തമായ ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നും അന്താരാഷ്ട്ര നീതിന്യായ കോടതി ഈയിടെ പറഞ്ഞിരുന്നു.

നശിപ്പിക്കപ്പെട്ട ഫലസ്തീൻ മേഖലകളിൽ 15 ഇസ്രഈലി സെറ്റിൽമെൻ്റുകൾ പുനഃസ്ഥാപിക്കുന്നതിനും പുതിയ ആറെണ്ണം കൂട്ടിച്ചേർക്കുന്നതിനെ കുറിച്ചുമുള്ള ഒരു പദ്ധതി സമ്മേളനത്തിൽ അവതരിപ്പിച്ചതായി എപ്സ്റ്റെയ്ൻ പറഞ്ഞു.

38 വർഷത്തെ അധിനിവേശത്തിന് ശേഷം 2005ൽ ഗസയിൽ നിന്ന് സൈന്യത്തെയും കുടിയേറ്റക്കാരെയും ഇസ്രഈൽ പിൻവലിച്ചിരുന്നു. ഫലസ്തീനിൽ വീണ്ടും സ്ഥിരമായ സാന്നിധ്യം നിലനിർത്താൻ ഉദ്ദേശിക്കുന്നില്ലെന്നും എന്നാൽ അനിശ്ചിതകാലത്തേക്ക് സുരക്ഷാ നിയന്ത്രണം നിലനിർത്തുമെന്നും നേരത്തെ ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞിരുന്നു.

ഗസ ഭരിക്കേണ്ടത് ഫലസ്തീൻ ജനതയാണെന്നാണ് അമേരിക്ക അടക്കമുള്ള രാജ്യങ്ങളുടെ അഭിപ്രായം. ഗസയ്ക്ക് പുറത്ത് ഫലസ്തീനികളെ പുനരധിവസിപ്പിക്കുന്നതിന് വേണ്ടി വാദിച്ച സ്മോട്രിച്ചിൻ്റെയും ബെൻ-ഗ്വിറിൻ്റെയും പ്രസ്താവനകൾക്കെതിരെ നേരത്തെ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് മുന്നറിയിപ്പ് നൽകിയിരുന്നു.

വെസ്റ്റ് ബാങ്ക് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ജൂതന്മാർക്ക് മാത്രമായി സെറ്റിൽമെൻ്റ് വിപുലീകരിക്കണം എന്ന് ആവശ്യപ്പെടുന്ന വലതുപക്ഷ സംഘടനയായ നഹാലയാണ് സമ്മേളനം സംഘടിപ്പിച്ചത്.

Content Higlight: Israeli ministers attend ‘Return to Gaza Conference’, speak in support of resettlement