'ഇസ്രഈൽ സൈനികർക്ക് പൂർണ പിന്തുണ'; ആഹാരത്തിന് കാത്തുനിന്ന ഫലസ്തീനികളെ കൂട്ടക്കൊല ചെയ്തതിൽ അഭിനന്ദനവുമായി ഇസ്രഈൽ മന്ത്രി
World News
'ഇസ്രഈൽ സൈനികർക്ക് പൂർണ പിന്തുണ'; ആഹാരത്തിന് കാത്തുനിന്ന ഫലസ്തീനികളെ കൂട്ടക്കൊല ചെയ്തതിൽ അഭിനന്ദനവുമായി ഇസ്രഈൽ മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 1st March 2024, 3:35 pm

ടെൽ അവീവ്: ഗസയിൽ ആഹാരത്തിനായി കാത്ത് നിന്ന് നൂറിലധികം ഫലസ്തീനികളെ വെടിവെച്ചു കൊലപ്പെടുത്തിയ ഇസ്രഈൽ സേനയുടെ നടപടിയെ അഭിനന്ദിച്ച് ഇസ്രഈൽ ദേശീയ സുരക്ഷാ മന്ത്രി ഇതാമർ ബെൻ ഗ്വിർ.

ഗസയിലേക്ക് മാനുഷിക സഹായം എത്തിക്കുന്നത് തടയണമെന്നും അത് ഇസ്രഈൽ സൈനികർക്ക് അപകടമാണെന്നും ബെൻ ഗ്വിർ ആവർത്തിച്ചു.

‘ഗസയിൽ ധീര പോരാട്ടം നയിക്കുന്ന നമ്മുടെ പോരാളികൾക്ക് നമ്മൾ പൂർണ പിന്തുണ നൽകണം. അവരെ ഉപദ്രവിക്കാൻ ശ്രമിച്ച ഗസയിലെ ആൾക്കൂട്ടത്തിനെതിരെ അവർ മികച്ച രീതിയിൽ പ്രവർത്തിച്ചു,’ ബെൻ ഗ്വിർ പറഞ്ഞു.

ഗസ നഗരത്തിൽ ഭക്ഷണത്തിനായി ട്രക്കുകൾക്ക് ചുറ്റും കാത്തുനിന്ന ഫലസ്തീനികൾക്ക് നേരെ ഇസ്രഈൽ സൈന്യം വെടിവെക്കുകയും 112 പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. നൂറിലധികമാളുകൾക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.

സംഭവത്തെ തുടർന്ന് അന്താരാഷ്ട്ര സംഘടനകളും രാജ്യങ്ങളും ഇസ്രഈലിനെ ശക്തമായി അപലപിച്ചിരുന്നു.

അതേസമയം വിതരണം ചെയ്യാൻ എത്തിച്ച സാധനങ്ങൾ തട്ടിപ്പറിക്കാൻ ട്രക്കുകൾക്ക് ചുറ്റും കൂടിയതിനെ തുടർന്ന് ഉന്തലിലും തള്ളലിലും ട്രക്കുകൾ കയറിയിറങ്ങിയുമാണ് ഫലസ്തീനികൾ കൊല്ലപ്പെട്ടതെന്നായിരുന്നു ഇസ്രഈൽ സേനയുടെ വാദം.
ട്രക്കുകൾക്ക് ചുറ്റും ഫലസ്തീനികൾ കൂട്ടം കൂടുന്നതിന്റെ ഏരിയൽ ഫൂട്ടേജും അവർ പുറത്തുവിട്ടു.

എന്നാൽ വീഡിയോ ഫൂട്ടേജിൽ വെടിയുതിർക്കുന്നത് വളരെ വ്യക്തമാണ്. സേന ഫലസ്തീനികൾക്കെതിരെ വെടിവെച്ചുവെന്നും കൂട്ടംകൂടി നിന്ന് ജനങ്ങൾ ഒരു ഭീഷണിയാണെന്ന് സൈനികർക്ക് തോന്നിയെന്നും വാർത്താ ഏജൻസിയായ എ.എഫ്.പിക്ക് ഇസ്രഈൽ വൃത്തങ്ങളിൽ നിന്ന് വിവരം ലഭിച്ചിരുന്നു.

ഒക്ടോബർ ഏഴ് മുതലുള്ള ആക്രമണങ്ങളിൽ 30,035 ഫലസ്തീനികളാണ് ഗസയിൽ ഇതുവരെ കൊല്ലപ്പെട്ടത്. 70,457 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

CONTENT HIGHLIGHT: Israeli minister hails soldiers who killed over 100 aid-seekers in Gaza