World News
ഹമാസ് അനുകൂല ഗ്രൂപ്പുകള്‍ക്ക് ധനസഹായം നല്‍കി ജൂത ശതകോടീശ്വരന്‍; സോറോസിനെതിരെ ഇസ്രഈല്‍ അംബാസിഡര്‍
വാഷിങ്ടണ്‍: ഹമാസ് അനുകൂല ഗ്രൂപ്പുകള്‍ക്ക് ധനസഹായം നല്‍കിയതിനെതിരെ ജൂത ശതകോടീശ്വരനും ലിബറല്‍ വിഷയങ്ങളുടെ ബാങ്ക്‌റോളറുമായ ജോര്‍ജ്ജ് സോറോസിനെതിരെ യു.എന്നിലെ ഇസ്രഈല്‍ അംബാസിഡര്‍ ഗിലാഡ് എര്‍ദാന്‍. ചില ഫണ്ടിങ് ഗ്രൂപ്പുകള്‍ ഇസ്രഈലിന്റെ നാശത്തിനായി പ്രവര്‍ത്തിക്കുന്നുവെന്ന് ഗിലാഡ് എര്‍ദാന്‍ പറഞ്ഞു.
ജൂത ശതകോടീശ്വരന്റെ പെരുമാറ്റം ലജ്ജാകരമാണെന്നും പക്ഷേ അതില്‍ അതിശയിക്കാനില്ലെന്നും ഇസ്രഈല്‍ പ്രതിനിധി പറഞ്ഞു. ഹമാസ് നടത്തിയ പ്രത്യാക്രമണത്തെ പരസ്യമായി പ്രോത്സാഹിപ്പിച്ച സംഘടനകള്‍ക്ക് സോറോസിന്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍സ് 15 മില്യണ്‍ ഡോളര്‍ സംഭാവന നല്‍കിയെന്ന റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയാണ് ഗിലാഡ് എര്‍ദാന്‍ ആരോപണം ഉയര്‍ത്തിയത്.
ഇസ്രഈലിനെ വര്‍ഷങ്ങളായി ഒറ്റപ്പെടുത്താന്‍ ആഗ്രഹിക്കുന്ന ബി.ഡി.എസിനെ പിന്തുണക്കുന്ന സംഘടനകള്‍ക്ക് സോറോസ് പിന്തുണ നല്‍കുകയും പണം കൈമാറുകയും ചെയ്തിട്ടുണ്ടെന്ന് എര്‍ദാന്‍ പറഞ്ഞു. ഈ ഗ്രൂപ്പുകള്‍ സമാധാനത്തെക്കുറിച്ചും ഇസ്രഈല്‍-ഫലസ്തീന്‍ വിഷയത്തില്‍ എങ്ങനെയാണ് പരിഹാരം കാണേണ്ടതെന്നതിനെ കുറിച്ചും ചിന്തിച്ചിട്ടില്ലായെന്നും അദ്ദേഹം വിമര്‍ശിച്ചു.
ഹംഗേറിയന്‍-അമേരിക്കന്‍ ശതകോടീശ്വരന്മാര്‍ ഇസ്രഈലിന് വിരുദ്ധമായും ഫലസ്തീന്‍ അനുകൂല ഗ്രൂപ്പുകളെ പിന്തുണച്ചുകൊണ്ടുമാണ് പ്രവര്‍ത്തിക്കുന്നതെന്നും പ്രതിനിധി പറഞ്ഞു. ബഹിഷ്‌കരണം, വിഭജനം, ഉപരോധം (ബി.ഡി.എസ്), ധനസഹായം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ അതിലുള്‍പ്പെടുന്നുണ്ടെന്ന് എര്‍ദാന്‍ ചൂണ്ടിക്കാട്ടി.
അതേസമയം 2016 മുതലുള്ള ഹമാസിന്റെ പ്രത്യാക്രമണത്തെ പ്രോത്സാഹിപ്പിക്കുകയും ഫലസ്തീന്‍ അനുകൂല പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്ത ഗ്രൂപ്പുകള്‍ക്ക് ഫൗണ്ടേഷന്‍ 15 മില്യണിലധികം ഡോളര്‍ നല്‍കിയിട്ടുണ്ടെന്ന് ഡെയ്ലി ടാബ്ലോയിഡ് കണ്ടെത്തിയതായി റിപ്പോര്‍ട്ട് ഉണ്ട്.
ഹമാസിന്റെ പ്രത്യാക്രമണത്തെ ന്യായീകരിക്കുന്ന റൈറ്റ്‌സ് അഡ്വക്കസി ഗ്രൂപ്പായ ടൈഡ്‌സ് സെന്ററിന് സോറോസിന്റെ നെറ്റ്വര്‍ക്ക് 13.7 മില്യണ്‍ ഡോളര്‍ സംഭാവന നല്‍കിയതായി റിപ്പോര്‍ട്ട് പറയുന്നു.