World News
2,000ലധികം ഖബറുകള്‍ തകര്‍ത്ത് ഇസ്രഈല്‍; യുദ്ധശേഷം മൃതദേഹങ്ങള്‍ ഔപചാരികമായി ഖബറടക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ ഫലസ്തീനികള്‍
ഗസ: ഗസയില്‍ ഇസ്രഈല്‍ യുദ്ധം തുടരുന്നതിനിടയില്‍ വ്യാപകമായി ഫലസ്തീനികളുടെ ഖബറുകള്‍ നശിപ്പിച്ച് ഇസ്രഈലി സൈന്യം. ഗസയിലുടനീളമുള്ള 2,000ലധികം ഖബറുകള്‍ ഇസ്രഈല്‍ സൈന്യം നശിപ്പിച്ചതായി ഫലസ്തീന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
ഇസ്രഈല്‍ സൈനികര്‍ കുഴിച്ചെടുത്ത മൃതദേഹങ്ങള്‍ നിലവില്‍ നഗരത്തിലെ ആശുപത്രികളിലെയും സ്‌കൂളുകളിലെയും ഭൂമിയില്‍ സംസ്‌കരിക്കുകയാണെന്നും മന്ത്രാലയം അറിയിച്ചു. 2,000ലധികം ഖബറുകള്‍ സൈന്യം തകര്‍ത്തതായി ഗസയിലെ മതകാര്യ മന്ത്രാലയവും വ്യക്തമാക്കി.
ഇസ്രഈലി സൈന്യം ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് ഖബറുകളില്‍ നിന്ന് മൃതദേഹങ്ങള്‍ പുറത്തെടുക്കുകയാണെന്നും ശവശരീരങ്ങള്‍ ചെളി നിറഞ്ഞ മണ്ണിന് മുകളില്‍ ഉപേക്ഷിക്കുകയാണെന്നും വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിയുടെ ഫോട്ടോഗ്രാഫര്‍ പറഞ്ഞു.
സൈന്യത്തിന്റെ നിരന്തരമായ ആക്രമണത്തെ തുടര്‍ന്ന് ഔപചാരികമായ സെമിത്തേരികളിലേക്ക് എത്താന്‍ കഴിയാതെ താത്കാലിക ഖബറുകളില്‍ തങ്ങളുടെ സഹോദരങ്ങളെ സംസ്‌കരിക്കേണ്ടി വരുന്നുവെന്നും ഫലസ്തീനികള്‍ അന്താരാഷ്ട്ര മാധ്യമങ്ങളോട് പ്രതികരിച്ചു.
50ലധികം ആളുകളെ ഗസയിലെ ഒരു സ്‌കൂള്‍ മൈതാനത്ത് മാത്രമായി സംസ്‌കരിച്ചിട്ടുണ്ടെന്നും ഓരോ ഖബറിലും മൂന്നോ നാലോ മൃതദേഹങ്ങളുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഖബറടക്കപ്പെട്ട വ്യക്തികളുടെ പേരുകള്‍ അടുത്തുള്ള ഇഷ്ടികകളിലും ഭിത്തികളിലുമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഫലസ്തീനികള്‍ അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി.
ഗസയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ ഷിഫയുടെ മൈതാനത്ത് സംസ്‌കരിച്ച മൃതദേഹങ്ങളുടെ മുകളില്‍ കല്ലുകളും ചെടികളുടെ ശാഖകളും വെച്ച് ഖബറുകള്‍ വേര്‍തിരിക്കപ്പെട്ടിട്ടുണ്ട്. യുദ്ധം അവസാനിക്കുന്നതോടെ ഇവിടങ്ങളില്‍ സംസ്‌കരിച്ച മൃതദേഹങ്ങള്‍ ഔപചാരികമായി ഖബറടക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഫലസ്തീനികള്‍ പറയുന്നു.
നിലവിലെ കണക്കുകള്‍ ഗസയിലെ ഇസ്രഈല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ ഫലസ്തീനികളുടെ മരണസംഖ്യ 26,637 ആയി വര്‍ധിച്ചുവെന്നും 65,387 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും വ്യക്തമാക്കുന്നു.
Content Highlight: Israel destroys more than 2,000 graves in Gaza