ശ്രീലങ്കയിലെ ഭീകരാക്രമണം; സ്‌ഫോടനപരമ്പരയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഐ.എസ്.ഐ.എസ്
World Cinema
ശ്രീലങ്കയിലെ ഭീകരാക്രമണം; സ്‌ഫോടനപരമ്പരയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഐ.എസ്.ഐ.എസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 23rd April 2019, 5:32 pm

ന്യൂദല്‍ഹി: 31 വിദേശികളടക്കം മുന്നൂറിലധികം പേരുടെ ജീവനെടുത്ത ശ്രീലങ്കയിലെ കൃസ്ത്യന്‍ ദേവാലയങ്ങളിലും ഹോട്ടലുകളിലുമായി നടന്ന സ്‌ഫോടന പരമ്പരകളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഐ.എസ്.ഐ.എസ്. എന്നാല്‍ ഭീകരാക്രമണം നടത്തിയത് തങ്ങളാണെന്നതിന് ഐ.എസ് തെളിവുകളൊന്നും നല്‍കിയില്ലെന്നും ശ്രീലങ്കന്‍ വാര്‍ത്താ ഏജന്‍സിയായ അമാഖ് റിപ്പോര്‍ട്ടു ചെയ്യുന്നു

‘യു.എസിലേയും ശ്രീലങ്കയിലേയും ക്രിസ്ത്യാനികളെ ലക്ഷ്യം വെച്ച് ആക്രമണം നടത്തിയത് ഇസ്‌ലാമിക് സ്റ്റേറ്റിന്റെ സൈന്യമാണെന്ന് സുരക്ഷാ ഏജന്‍സി വൃത്തങ്ങള്‍ അമാഖ് ഏജന്‍സിയോടു പറഞ്ഞു’- അമാഖ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്യുന്നു.

നാഷണല്‍ തൗഹീദ് ജമാഅത്ത് എന്ന പ്രാദേശിക സംഘടനയാണ് ആക്രമണത്തിന് പിന്നില്‍ എന്നായിരുന്നു ശ്രീലങ്കന്‍ സര്‍ക്കാറിന്റെ പ്രാഥമിക നിഗമനം. ഏഴു സുയിസൈഡ് ബോംബര്‍മാര്‍ മൂന്ന് കൃസ്ത്യന്‍ ദേവാലയങ്ങളും മൂന്ന് ഹോട്ടലുകളും കേന്ദ്രീകരിച്ച് ഞായറാഴ്ചയായിരുന്നു ആക്രമണം നടത്തിയത്.

ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ മുസ് ലിംങ്ങള്‍ക്കെതിരെയുണ്ടായ ഭീകരാക്രമണത്തിനുള്ള മറുപടിയാണ് ശ്രീലങ്കയിലേതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ നിന്നും മനസ്സിലാക്കിയത്. പാര്‍ലമെന്റിലെ അടിയന്തര സമയത്ത് സംസാരിക്കവെ പ്രതിരോധ സഹമന്ത്രി റുവാന്‍ വിജെവര്‍ധനെ പറഞ്ഞു.

എന്നാല്‍ ഇസ്‌ലാമിക് സ്റ്റേറ്റ് ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തെക്കുറിച്ച് പരാമര്‍ശങ്ങളൊന്നും നടത്തിയിട്ടില്ല.

സ്ഫോടനപരമ്പരയില്‍ എട്ട് ഇന്ത്യക്കാരും കൊല്ലപ്പെട്ടിരുന്നു. സ്ഫോടനത്തില്‍ കാസര്‍കോട് സ്വദേശിയായ റസീനയും കൊല്ലപ്പെട്ടിരുന്നു. ഇവര്‍ക്കു ശ്രീലങ്കന്‍ പൗരത്വമുണ്ട്.

സ്ഫോടനപരമ്പരയെത്തുടര്‍ന്ന് ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ അടിയന്തരാവസ്ഥ നിലവില്‍ വന്നിരുന്നു.

Image Credits: AP