”ഇന്ന് വെള്ളിയാഴ്ച, പെഷവാറിലെ ഷിയ പള്ളിയില്‍ ആക്രമണം നടത്തുന്നതില്‍ ഒരു ഇസ് ലാമിക് സ്റ്റേറ്റ് ഫൈറ്റര്‍ വിജയിച്ചു,” എന്ന് വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനില്‍, ഐ.എസിന്റെ പ്രൊപ്പഗാണ്ട വെബ്‌സൈറ്റായ അമഖ് ന്യൂസ് ഏജന്‍സിയിലൂടെ സംഘം വ്യക്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, വെള്ളിയാഴ്ച നടന്ന സ്‌ഫോടനത്തെ അപലപിച്ച് ഇറാനും രംഗത്തെത്തിയിട്ടുണ്ട്.
ജനങ്ങള്‍ക്കിടയില്‍ വിഭാഗീയത സൃഷ്ടിക്കാന്‍ ഉദ്ദേശിച്ചാണ് ആക്രമണം നടത്തിയതെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് സയീദ് ഖതിബ്‌സാദെഹ് പ്രതികരിച്ചു.
കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്തിയ ഇറാന്‍ വക്താവ് പരിക്കേറ്റവര്‍ പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചതായി ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഇത്തരം ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ തടയണമെന്നും ഇപ്പോഴത്തെ സ്‌ഫോടനത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഖതിബ്‌സാദെഹ് കൂട്ടിച്ചേര്‍ത്തു.
സംഭവം ചാവേറാക്രമണമായിരുന്നെന്നും രണ്ട് പേരാണ് സ്‌ഫോടനം നടത്തിയതെന്നുമാണ് പെഷവാര്‍ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചത്. സ്ഫോടനത്തെ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അപലപിച്ചു.
സുന്നി മുസ്‌ലിങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള പാകിസ്ഥാനില്‍ ന്യൂനപക്ഷമായ ഷിയാ മുസ്‌ലിങ്ങള്‍ക്കെതിരെയും അവരുടെ പള്ളികളിലും മുമ്പും നിരവധി ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്.
പാകിസ്ഥാനിലെ ജനസംഖ്യയുടെ 15 മുതല്‍ 20 ശതമാനം വരെയാണ് ഷിയ മുസ്‌ലിങ്ങള്‍.
Content Highlight: ISIS claims Shia mosque attack in Pakistan’s Peshawar, Iran condemns the attack