എതിർഭാഗവും സംസ്ഥാനവും തമ്മിൽ ധാരണയുണ്ടോ? വിചാരണയിൽ അഡ്വക്കേറ്റ് ജനറലിന്റെ സാന്നിധ്യം ചോദ്യം ചെയ്ത് മസ്ജിദ് കമ്മിറ്റി
national news
എതിർഭാഗവും സംസ്ഥാനവും തമ്മിൽ ധാരണയുണ്ടോ? വിചാരണയിൽ അഡ്വക്കേറ്റ് ജനറലിന്റെ സാന്നിധ്യം ചോദ്യം ചെയ്ത് മസ്ജിദ് കമ്മിറ്റി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 7th February 2024, 4:47 pm

അലഹബാദ്: ഗ്യാൻവാപി മസ്ജിദിലെ വിചാരണ ഫെബ്രുവരി 12ലേക്ക് മാറ്റി അലഹബാദ് ഹൈക്കോടതി.

ഗ്യാൻവാപി മസ്ജിദിലെ നിലവറയിൽ പൂജ നടത്താൻ ഹിന്ദുക്കൾക്ക് അനുമതി നൽകിയ കോടതി വിധിക്കെതിരെ അൻജുമാൻ ഇൻതസാമിയ പള്ളി കമ്മിറ്റി നൽകിയ ഹരജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് രോഹിത് രഞ്ജൻ അഗ്രവാൾ.

1993 മുതൽ വർഷത്തിലൊരിക്കൽ പള്ളിയുടെ നിലവറയിൽ പൂജകൾ നടത്തിയിട്ടുണ്ടെന്ന് ഹിന്ദുക്കൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വിഷ്ണു ശങ്കർ ജയ്ൻ പറഞ്ഞു.

എന്നാൽ നിലവറ മുമ്പ് സ്റ്റോർ റൂമായാണ് ഉപയോഗിച്ചിരുന്നത് എന്നും അവിടെ മതപരമായ ആചാരങ്ങൾ നടത്തിയിട്ടില്ലെന്നും പള്ളി കമ്മിറ്റിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ എസ്.എഫ്.എ നഖ്‌വി പറഞ്ഞു. വ്യാസ് തെഹ്‌ഖാനയിൽ നമസ്കരിച്ചിട്ടില്ലെങ്കിലും അത് പള്ളിയുടെ കൈവശമായിരുന്നു എന്നും 1993 മുതൽ അത് സി.ആർ.പി.എഫിന്റെ കൈവശമാണെന്നും നഖ്‌വി പറഞ്ഞു.

1968 മുതൽ നിലവറകളിൽ പൂജ നടന്നിട്ടില്ല എന്നിരിക്കെ എങ്ങനെയാണ് 1993 വരെ പൂജ നടന്നുവെന്ന് അവകാശ അവകാശപ്പെടാനാകുമെന്നും നഖ്‌വി ചോദിച്ചു.

അതേസമയം നിലവറ വ്യാസ് കുടുംബത്തിന്റെ കൈവശമായിരുന്നു എന്നും ഇവിടെ പൂജകൾ നടന്നിരുന്നുവെന്നും വിഷ്ണു ശങ്കർ ജയ്ൻ പറഞ്ഞു. 1700 മുതൽ വ്യാസ് തെഹ്‌ഖാന വ്യാസ് കുടുംബത്തിന്റെ കൈവശം ഉണ്ടായിരുന്നു എന്നത് സം ബന്ധിച്ച രേഖകൾ ഹാജരാക്കിയിട്ടുണ്ടെന്നായിരുന്നു ശങ്കർ ജയ്നിന്റെ വാദം.

1993ൽ കമ്പിവേലികൾ കെട്ടിയപ്പോൾ വ്യാസ് കുടുംബം പൂജ ചെയ്യാനുള്ള അവകാശം വേണ്ടെന്ന് വെച്ചതാണെന്ന് നഖ്‌വി ചൂണ്ടിക്കാട്ടി.

മുസ്‌ലിങ്ങൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ അഡ്വക്കേറ്റ് ജനറലിന്റെ സാന്നിധ്യവും ചോദ്യം ചെയ്തു. സംസ്ഥാന സർക്കാർ കക്ഷി അല്ല എന്നിരിക്കെ എന്തിനാണ് അഡ്വക്കറ്റ് ജനറൽ കോടതിയിലിരിക്കുന്നത് എന്ന് മസ്ജിദ് കമ്മിറ്റി ചോദിച്ചു. ഇതിനർത്ഥം ഹിന്ദു വിഭാഗത്തിനും സംസ്ഥാനത്തിനും ഇടയിൽ എന്തെങ്കിലും ധാരണയുണ്ടെന്നാണ് എന്നും അദ്ദേഹം ആരോപിച്ചു.

എന്നാൽ അദ്ദേഹം കോടതിയിലെ ഉദ്യോഗസ്ഥനാണെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി.

അതേസമയം ഇരു വിഭാഗങ്ങളും തെളിവുകൾ ഒന്നും ഹാജരാക്കിയിട്ടില്ലെന്നും കൈവശാവകാശം തെളിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

തുടർച്ചയായി വിഷയത്തിൽ ഹരജികൾ നൽകുന്നതിന് അലഹബാദ് ഹൈക്കോടതി കഴിഞ്ഞദിവസം വിമർശിച്ചിരുന്നു.

പല ഹരജികളും പബ്ലിസിറ്റിക്ക് വേണ്ടിയുള്ളതാണ് എന്നായിരുന്നു ജസ്റ്റിസ് രോഹിത് രഞ്ജൻ അഗ്രവാളിന്റെ വിമർശനം.

Content Highlight: Is there something between Hindu Plaintiff and State?  Asks Gyanvapi Masjid committee