Advertisement
Karnata Election
എസ്.എം കൃഷ്ണ കോണ്‍ഗ്രസിലേക്ക് മടങ്ങി വരുന്നെന്ന് റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Apr 10, 11:58 am
Tuesday, 10th April 2018, 5:28 pm

ബെംഗളൂരു: കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന മുന്‍ കോണ്‍ഗ്രസ് നേതാവും വിദേശകാര്യ മന്ത്രിയുമായിരുന്ന എസ്.എം.കൃഷ്ണ ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലേക്ക് മടങ്ങി വരുന്നതായി റിപ്പോര്‍ട്ടുകള്‍. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസില്‍ എത്തിച്ചേരുമെന്നാണ് സൂചന. മകള്‍ ഷാംഭവി കൃഷ്ണയെ രാജരാജേശ്വരിനഗര മണ്ഡലത്തില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിപ്പിക്കാനും നീക്കങ്ങള്‍ നടക്കുന്നുണ്ട്.

കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ജി.പരമേശ്വരയും മന്ത്രി ഡി.കെ.ശിവകുമാറും കൃഷ്ണ പാര്‍ട്ടിയിലേക്കെത്തുന്നതിനെ സ്വാഗതം ചെയ്തിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുമായി കോണ്‍ഗ്രസ് നേതൃത്വം ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു.

മുന്‍ കര്‍ണാടക മുഖ്യമന്ത്രി കൂടിയായ എസ്.എം.കൃഷ്ണ ഒരു വര്‍ഷം മുമ്പാണ് കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത്. എന്നാല്‍ ബി.ജെ.പിയില്‍ വേണ്ടത്ര പരിഗണന ലഭിക്കാത്തതിനെതുടര്‍ന്നാണ് പുതിയ തീരുമാനം എന്നാണ് സൂചന.


Read Also : സ്വതന്ത്രചിന്താഗതിക്കാര്‍ക്ക് കൂട്ടമായി താമസിക്കാനായി നിലമ്പൂരില്‍ അവരുടെ ഒരു ഗ്രാമം. ഫ്രീതിങ്കേഴ്‌സ് വാലി


രാഹുല്‍ ഗാന്ധിക്കെതിരേ രൂക്ഷ വിമര്‍ശനം നടത്തിയാണ് കൃഷ്ണ 2017-ല്‍ കോണ്‍ഗ്രസ് വിട്ടത്. രാഹുല്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ ബഹുമാനിക്കുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രധാന പരാതി. ദല്‍ഹിയില്‍ ബി.ജെ.പി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷാ നേരിട്ടായിരുന്നു അദ്ദേഹത്തിന് അംഗത്വം നല്‍കി സ്വീകരിച്ചത്.

ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നെങ്കിലും ചുരുക്കം പാര്‍ട്ടി പരിപാടികളില്‍ മാത്രമെ അദ്ദേഹം പങ്കെടുത്തിരുന്നുള്ളൂ. കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലും ബി.ജെ.പി നേതൃത്വം കൃഷ്ണയെ പങ്കെടുപ്പിച്ചിരുന്നില്ല.


Read Also : വി.ടി ബല്‍റാമിനെതിരെ അക്രമമെന്ന് പ്രചാരണം; പ്രചരിപ്പിച്ചത് അമിത വേഗത്തില്‍ വന്ന് പൊലീസുകാരനെ ഇടിച്ച് കണ്ണാടി പൊട്ടിയ ബല്‍റാമിന്റെ വാഹനത്തിന്റെ ചിത്രം; വാഹനം നിര്‍ത്താതെ ബല്‍റാം


പ്രബലരായ വൊക്കലിഗ സമുദായത്തില്‍ നിന്നുള്ള കൃഷ്ണ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുവേണ്ടി പ്രചാരണരംഗത്തു സജീവമായിരുന്നു. എന്നാല്‍, കോണ്‍ഗ്രസ് അധികാരത്തിലേറിയെങ്കിലും അതിനുശേഷം സംസ്ഥാന രാഷ്ട്രീയത്തില്‍ പരിഗണനയൊന്നും ലഭിച്ചിരുന്നില്ല. പാര്‍ട്ടിയില്‍ ഇനി പഴയ പ്രതാപം തിരിച്ചുകിട്ടില്ലെന്നു ബോധ്യമായതോടെയാണ് ബി.ജെ.പിയിലേക്ക് അദ്ദേഹം കൂടുമാറിയത്.

85 കാരനായ കൃഷ്ണ 1968ല്‍ മണ്ഡ്യയെ പ്രതിനിധീകരിച്ചാണ് ആദ്യമായി ലോക്‌സഭാംഗമായത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ 1999ല്‍ കോണ്‍ഗ്രസ് കര്‍ണാടകയില്‍ അധികാരത്തിലേറുകയായിരുന്നു. 2004 വരെ മുഖ്യമന്ത്രിയായി തുടര്‍ന്നു. 2004 മുതല്‍ 2008 വരെ മഹാരാഷ്ട്ര ഗവര്‍ണറായി സേവനം അനുഷ്ഠിച്ചു. തുടര്‍ന്ന് മന്‍മോഹന്‍ സിങ് സര്‍ക്കാരില്‍ വിദേശകാര്യ മന്ത്രിയായ അദ്ദേഹം 2012 വരെ തുടര്‍ന്നു. കേന്ദ്ര മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതു മുതല്‍ എസ്.എം. കൃഷ്ണ സംസ്ഥാന കോണ്‍ഗ്രസുമായി പലകാര്യങ്ങളിലും അത്ര പൊരുത്തത്തിലായിരുന്നില്ല