ട്യൂമറിന് പിന്നാലെ വന്‍കുടലില്‍ അണുബാധ; ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍ ഐ.സി.യുവില്‍
Bollywood movies
ട്യൂമറിന് പിന്നാലെ വന്‍കുടലില്‍ അണുബാധ; ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍ ഐ.സി.യുവില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 28th April 2020, 8:22 pm

മുംബൈ: ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ട്. വന്‍കുടലില്‍ അണുബാധയെത്തുടര്‍ന്നാണ് ഇദ്ദേഹത്തെ മുംബൈയിലെ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

‘ഇര്‍ഫാന്‍ ഖാനെ വന്‍കുടലിലെ അണുബാധയെത്തുടര്‍ന്ന് കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എല്ലാ വിവരങ്ങളും ഞങ്ങള്‍ അപ്പോള്‍ത്തന്നെ അറിയിക്കും. അദ്ദേഹമിപ്പോള്‍ ഡോക്ടറുടെ നിരീക്ഷണത്തിലാണ്. ഇതുവരെ പോരാടാന്‍ അദ്ദേഹത്തിന്റെ കരുത്തും ധൈര്യവും ആത്മവിശ്വാസവും സഹായിച്ചു. ഇച്ഛാശക്തിയിലൂടെയും പ്രാര്‍ത്ഥനകളിലൂടെയും അദ്ദേഹം വേഗം സുഖം പ്രാപിക്കട്ടെ’, അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു.

ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ചൊവ്വാഴ്ചയാണ് ഇര്‍ഫാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഐ.സി.യുവിലേക്ക് മാറ്റുകയായിരുന്നു.

2018ല്‍ ഇര്‍ഫാന് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ ബാധിച്ചിരുന്നു. തുടര്‍ന്ന് ഇതിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ഇദ്ദേഹം വിദേശത്തായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ഇദ്ദേഹം സിനിമാരംഗത്തും സജീവമല്ല.

ഈ ആഴ്ച ആദ്യമാണ് ഇര്‍ഫാന്റെ അമ്മ സയീദ ബീദം അന്തരിച്ചത്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കാരണം ഇര്‍ഫാന് ശവസംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.