Sports News
ഇന്ത്യയ്ക്ക് ഒരു സൂപ്പര്‍സ്റ്റാര്‍ സംസ്‌കാരം ആവശ്യമില്ല; വിരാട് കോഹ്‌ലിക്കെതിരെ വിമര്‍ശനവുമായി ഇര്‍ഫാന്‍ പത്താന്‍
സ്പോര്‍ട്സ് ഡെസ്‌ക്
2025 Jan 05, 09:55 am
Sunday, 5th January 2025, 3:25 pm

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ സിഡ്‌നി ടെസ്റ്റിലും ഇന്ത്യ പരാജയപ്പെട്ടതോടെ പരമ്പരയില്‍ ഇന്ത്യ ഓസ്‌ട്രേലിയക്ക് മുമ്പില്‍ തലകുനിക്കുകയായിരുന്നു. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 3-1നാണ് ഓസീസ് വിജയം സ്വന്തമാക്കിയത്.

സിഡ്‌നി ടെസ്റ്റ് സ്‌കോര്‍

ഇന്ത്യ – 185 & 157

ഓസ്ട്രേലിയ – 181 & 162/4 (T: 162)

മത്സരത്തിലെ ആദ്യ ഇന്നിങ്‌സില്‍ 17 റണ്‍സിന് പുറത്തായ വിരാട് കോഹ്‌ലി രണ്ടാം ഇന്നിങ്‌സില്‍ ക്രിക്കറ്റ് ആരാധകരെ നിരാശപ്പെടുത്തിയാണ് പുറത്തായത്. മത്സരത്തില്‍ രണ്ടാം തവണയും സ്‌കോട്ട് ബോളണ്ടിന്റെ പന്തില്‍ എഡ്ജില്‍ കുരുങ്ങിയാണ് താരം പുറത്തായത്. 12 പന്തില്‍ നിന്ന് ഒരു ഫോര്‍ ഉള്‍പ്പെടെ വെറും ആറ് റണ്‍സാണ് താരം നേടിയത്. പരമ്പരയില്‍ വെറും 190 റണ്‍സാണ് വിരാടിന്റെ സമ്പാദ്യം.

23.75 എന്ന ആവറേജിലാണ് വിരാട് പരമ്പരയില്‍ സ്‌കോര്‍ നേടിയത്. ഇതോടെ വലിയ വിമര്‍ശനങ്ങള്‍ക്കും താരം വിധേയനായിരുന്നു. ഇപ്പോള്‍ വിരാടിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. ഇന്ത്യയ്ക്ക് ഒരു സൂപ്പര്‍ താരത്തെയല്ല ആവശ്യമെന്നും ടീമിന്റെ സംസ്‌കാരം നിലനിര്‍ത്തുന്ന താരത്തെയാണ് വേണ്ടതെന്നുമാണ് പത്താന്‍ പറഞ്ഞത്.

ഓഫ് സ്റ്റംപിന് പുറത്ത് വരുന്ന പന്തുകള്‍ കളിച്ച് എഡ്ജില്‍ കുരുങ്ങിയാണ് വിരാട് കൂടുതല്‍ തവണയും വിക്കറ്റ് നഷ്ടപ്പെടുത്തിയത്. മുന്‍ മത്സരങ്ങളില്‍ റണ്‍സ് നേടിയെങ്കിലും വിരാട് സമാനമായ രീതിയില്‍ പുറത്തായതിനെ പത്താന്‍ വിമര്‍ശിക്കുകയും ചെയ്തു.

‘ഇന്ത്യയ്ക്ക് ഒരു സൂപ്പര്‍ സ്റ്റാര്‍ സംസ്‌കാരം ആവശ്യമില്ല, ടീമിന് വേണ്ടി കളിക്കുന്ന താരത്തെയാണ് ടീമിന് ആവശ്യം ആവശ്യമാണ്. വിരാട് കോഹ്‌ലി അവസാനമായി ആഭ്യന്തര ക്രിക്കറ്റില്‍ മത്സരിച്ചത് എപ്പോഴാണെന്ന് ഓര്‍മയുണ്ടോ? ഏകദേശം ഒരു പതിറ്റാണ്ടായി. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പോലും ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചു. സച്ചിന് ആഭ്യന്തര മത്സരങ്ങള്‍ കളിക്കേണ്ട ആവശ്യമില്ല, പക്ഷേ അദ്ദേഹം അതിന് സമയം നല്‍കി.

റെഡ് ബോള്‍ ക്രിക്കറ്റില്‍ എന്താണ് വേണ്ടതെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. വിരാട് ഏറ്റവും സ്ഥിരതയാര്‍ന്ന റണ്‍ നേടുന്നവരില്‍ ഒരാളായതിനാല്‍ റണ്‍സ് നേടുന്നതിനെക്കുറിച്ച് നിങ്ങള്‍ക്ക് അവനെ പഠിപ്പിക്കേണ്ടതില്ല. കഴിഞ്ഞ ഏതാനും മത്സരങ്ങളിലെ ആദ്യ ഇന്നിങ്സുകളില്‍ വിരാടിന്റെ ശരാശരി 15 ആണ്, കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ അദ്ദേഹത്തിന്റെ ശരാശരി 30ന് താഴെയാണ്.

നിങ്ങള്‍ ഒരു യുവ ക്രിക്കറ്റ് താരത്തെ തെരെഞ്ഞെടുത്ത് തയ്യാറാക്കുകയാണെങ്കില്‍, അയാള്‍ ഏകദേശം 25-30 ശരാശരിയില്‍ റണ്‍സ് നേടും. വിരാട് കോഹ്‌ലി ഒരുപാട് റണ്‍സ് നേടിയതിനാല്‍ ഞങ്ങള്‍ അദ്ദേഹത്തെ തരംതാഴ്ത്തുന്നില്ല, പക്ഷേ നിങ്ങളെ എല്ലാ തവണയും സമാനമായ രീതിയിലാണ് പുറത്താകുന്നത്. നിങ്ങള്‍ക്ക് സമാനമായ ഒരു തെറ്റ് ആവര്‍ത്തിക്കാന്‍ കഴിയില്ല,’ ഇര്‍ഫാന്‍ പത്താന്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.

 

Content Highlight: Irfan Pathan Criticize Virat Kohli