IPL
അങ്ങനെയെങ്കില്‍ ഇത് ഐ.പി.എല്ലിന്റെ 16 വര്‍ഷത്തിനിടെയിലെ ആദ്യ സംഭവമാകും; ചരിത്ര മുഹൂര്‍ത്തത്തെ കുറിച്ച് ഇര്‍ഫാന്‍ പത്താന്‍
സ്പോര്‍ട്സ് ഡെസ്‌ക്
2023 May 06, 05:31 pm
Saturday, 6th May 2023, 11:01 pm

ഐ.പി.എല്ലിന്റെ 16 വര്‍ഷത്തിനിടെ നിരവധി സഹോദരങ്ങള്‍ പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ട്. പത്താന്‍ സഹോദരന്‍മാരും ഹസി സഹോദരന്‍മാരും പല കാലങ്ങളില്‍ പല ടീമുകള്‍ക്ക് വേണ്ടി പരസ്പരം കൊമ്പുകോര്‍ത്തവരാണ്.

എന്നാല്‍ ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഇതുവരെ നടക്കാത്ത ഒരു സംഭവത്തിന് മെയ് ഏഴ്, ഞായറാഴ്ച സാക്ഷ്യം വഹിക്കുമെന്ന് പറയുകയാണ് ഇന്ത്യന്‍ ഇതിഹാസതാരം ഇര്‍ഫാന്‍ പത്താന്‍.

ഐ.പി.എല്ലില്‍ സഹോദരങ്ങള്‍ വിവിധ ടീമുകള്‍ക്കായി പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ടെന്നും എന്നാല്‍ ക്യാപ്റ്റന്റെ റോളില്‍ രണ്ട് സഹോദരന്‍മാര്‍ ഏറ്റുമുട്ടുന്ന സംഭവം ഇതാദ്യമായിരിക്കുമെന്നും പത്താന്‍ പറഞ്ഞു.

മെയ് ഏഴിന് നടക്കുന്ന ഗുജറാത്ത് ടൈറ്റന്‍സ് – ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പോരാട്ടത്തിലാണ് ഇത്തരമൊരു അപൂര്‍വ സംഭവത്തിന് കളമൊരുങ്ങുന്നത്. ഗുജറാത്ത് നായകന്‍ ഹര്‍ദിക് പാണ്ഡ്യയും സൂപ്പര്‍ ജയന്റ്‌സ് നായകന്‍ ക്രുണാല്‍ പാണ്ഡ്യയുമാണ് ഏറ്റുമുട്ടാനൊരുങ്ങുന്നത്.

കെ.എല്‍. രാഹുലിന് പരിക്കേറ്റ് പുറത്താകേണ്ടി വന്നതോടെയാണ് ക്രുണാലിനെ തേടി ക്യാപ്റ്റന്‍സിയെത്തിയത്. ചെന്നൈക്കെതിരായ മത്സരത്തില്‍ താരം ക്യാപ്റ്റന്റെ റോളിലെത്തിയെങ്കിലും മത്സരം മഴ കൊണ്ടുപോവുകയായിരുന്നു.

രാഹുലിന് ഐ.പി.എല്‍ പൂര്‍ണമായും നഷ്ടമായതിനാല്‍ തുടര്‍ന്നുള്ള മത്സരങ്ങളില്‍ ക്രുണാല്‍ തന്നെയാകും ലഖ്‌നൗവിനെ നയിക്കുക. ഇതിന് പിന്നാലെയാണ് പത്താന്‍ ഈ മത്സരത്തെ കുറിച്ചുള്ള തന്റെ എക്‌സൈറ്റ്‌മെന്റ് വ്യക്തമാക്കിയത്.

സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ക്രിക്കറ്റ് ലൈവിനിടെയായിരുന്നു പത്താന്‍ ഇക്കാര്യം പറഞ്ഞത്.

‘ഐ.പി.എല്‍ ഇതാദ്യമായിട്ടാണ് ക്യാപ്റ്റന്റെ റോളിലെത്തുന്ന രണ്ട് സഹോദരങ്ങള്‍ തമ്മിലുള്ള പോരാട്ടത്തിന് സാക്ഷിയാകുന്നത്. രണ്ട് പാണ്ഡ്യകളുടെയും (ഹര്‍ദിക്, ക്രുണാല്‍) മുന്നേറ്റത്തില്‍ ക്രിക്കറ്റ് ലോകം ഏറെ സന്തോഷിക്കുന്നുണ്ടെങ്കിലും സ്വന്തം തട്ടകത്തില്‍ കളിക്കുമ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സ് നായകനായ ഹര്‍ദിക്കിന് ജയിക്കാനുള്ള ആവേശം അധികമായിരിക്കും. അപ്പോള്‍ ക്രുണാല്‍ സഹോദരനായിരിക്കില്ല, എതിര്‍ ടീമിലെ അംഗം മാത്രമായിരിക്കും,’ പത്താന്‍ പറഞ്ഞു.

 

 

ഞായറാഴ്ച ഉച്ചയ്ക്ക് 3.30ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ വെച്ചാണ് മത്സരം നടക്കുന്നത്.

നിലവില്‍ പത്ത് മത്സരത്തില്‍ നിന്നും ഏഴ് ജയവും മൂന്ന് തോല്‍വിയുമായി 14 പോയിന്റോടെ പോയിന്റ് പട്ടികയില്‍ ഒന്നാമതാണ് ടൈറ്റന്‍സ്. പത്ത് മത്സരത്തില്‍ നിന്നും 11 പോയിന്റുമായി മൂന്നാമതാണ് ലഖ്‌നൗ.

 

Content highlight: Irfan Pathan about Hardik Pandya and Krunal Pandya