ഓണ്‍ലൈന്‍ ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങിന് നാളെ മുതല്‍ ചിലവേറും; സര്‍വീസ് ചാര്‍ജ് പുനസ്ഥാപിച്ച് ഐ.ആര്‍.സി.ടി.സി
ന്യൂദല്‍ഹി: ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവരില്‍ നിന്നും നാളെ മുതല്‍ (സെപ്റ്റംബര്‍ 1) സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ ഐ.ആര്‍.സി.ടി.സി (ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍ ) തീരുമാനം.
സര്‍വീസ് ചാര്‍ജില്‍ ഐ.ആര്‍.സി.ടി.സി നല്‍കിപ്പോന്ന ഇളവാണ് നിര്‍ത്തലാക്കിയത്. ഐ.ആര്‍.സി.ടി.സി പുറപ്പെടുവിച്ച ഓഗസ്റ്റ് 30 ലെ ഉത്തരവ് പ്രകാരം നോണ്‍ എ.സി ക്ലാസുകളിലെ ടിക്കറ്റിന് 15 രൂപയും എസി ക്ലാസുകള്‍ക്ക് 30 രൂപയും (ഫസ്റ്റ് ക്ലാസ് ഉള്‍പ്പെടെ) സര്‍വീസ് ചാര്‍ജ് ഈടാക്കും. ഇതിന് പുറമെ ജി.എസ്.ടിയും ചുമത്തും.
ഡിജിറ്റല്‍ പണമിടപാടു പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മൂന്നുവര്‍ഷം മുമ്പാണ് ഐ.ആര്‍.സി.ടി.സി ഓണ്‍ലൈന്‍ ബുക്കിങ്ങിനു സര്‍വീസ് ചാര്‍ജ് ഒഴിവാക്കിയത്.
എന്നാല്‍ ഈ മാസം ആദ്യമാണ് ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങിന് സര്‍വീസ് ചാര്‍ജ് ഈടാക്കണമെന്ന നിര്‍ദേശം റെയില്‍വേ ബോര്‍ഡ് നല്‍കിയത്.
ഓഗസ്റ്റ് 30 ന് അയച്ച കത്തില്‍ സര്‍വീസ് ചാര്‍ജ് പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ച നടത്തിയെന്നും ചാര്‍ജ് പുനസ്ഥാപിക്കാന്‍ അതോറിറ്റി തീരുമാനിച്ചെന്നുമാണ് അറിയിച്ചത്. സര്‍വീസ് ചാര്‍ജ് ഈടാക്കേണ്ടതില്ലെന്ന തീരുമാനം താത്ക്കാലികമായി കൈക്കൊണ്ടതായിരുന്നെന്നുമാണ് പറയുന്നത്.
സര്‍വീസ് ചാര്‍ജ് റദ്ദാക്കിയതിലൂടെ ഇന്റര്‍നെറ്റ് ബുക്കിങ്ങിലൂടെയുള്ള വരുമാനത്തില്‍ 2016-2017 സാമ്പത്തികവര്‍ഷം 26 ശതമാനം കുറവുണ്ടായെന്നും ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു.