ബാഗ്ദാദ്: വിവാഹ നിയമങ്ങള്‍ വീണ്ടും പരിഷ്‌ക്കരിക്കാനൊരുങ്ങി ഇറാഖ്. ഒമ്പത് വയസ് പ്രായമുള്ള പെണ്‍കുട്ടികളെ വിവാഹം കഴിക്കാന്‍ പുരുഷന്മാര്‍ക്ക് അനുമതി നല്‍കുന്ന ഭേദഗതി വിവാഹ നിയമത്തില്‍ കൊണ്ടുവരാനാണ് ഇറാഖ് ശ്രമിക്കുന്നത്. ഇതിന് പുറമെ വിവാഹമോചനം, കുട്ടികളുടെ സംരക്ഷണം, അനന്തരാവകാശം എന്നിവയില്‍ സ്ത്രീകള്‍ക്കുള്ള അവകാശങ്ങള്‍ ഇല്ലാതാക്കാനും പുതിയ ഭേദഗതി വഴി സാധിക്കും.
കുടുംബകാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള അവകാശം മത അധികാരികള്‍ക്കും സിവില്‍ ജുഡീഷ്യറിക്കും നല്‍കാന്‍ പൗരന്മാര്‍ക്ക് അനുവാദം നല്‍കുന്ന നിയമങ്ങളും പരിഗണനയിലുണ്ടെന്ന് ടെലഗ്രാഫ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
പെണ്‍കുട്ടികളെ സദാചാരപരമായ ബന്ധങ്ങളില്‍ നിന്ന് സംരക്ഷിക്കാനാണ് ഷിയാ പാര്‍ട്ടികളുടെ നേതൃത്വത്തിലുള്ള യാഥാസ്ഥിതിക സര്‍ക്കാര്‍ ഇത്തരത്തിലൊരു തീരുമാനമെടുത്തതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഈ നിയമത്തിലെ രണ്ടാമത്തെ ഭേദഗതി സെപ്റ്റംബര്‍ 16ന് പാസാക്കിയിരുന്നു.
‘ലോ 188’ എന്ന് പേരിട്ടിരിക്കുന്ന പുതിയ നിയമം ആദ്യമായി 1959ല്‍ അവതരിപ്പിച്ചപ്പോള്‍ പശ്ചിമേഷ്യയിലെ ഏറ്റവും പുരോഗമനപരമായ നിയമങ്ങളിലൊന്നായിരുന്നു ഇതെന്നും സര്‍ക്കാര്‍ വക റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നുണ്ട്.
പുതിയ നിയമ ഭേദഗതി ഇസ്‌ലാമിക് ശരീഅത്ത് നിയമത്തിന്റെ കര്‍ശനമായ വ്യാഖ്യാനത്തിന് അനുസൃതമാണെന്നും പെണ്‍കുട്ടികളുടെ സംരക്ഷണമാണ് പുതിയ ഭേദഗതി ലക്ഷ്യമിടുന്നുതെന്നും സഖ്യ സര്‍ക്കാര്‍ പറഞ്ഞതായാണ് വിവരം. ഭേദഗതിക്കെതിരെ ഇറാഖി വനിതാ ഗ്രൂപ്പുകള്‍ എതിര്‍പ്പ് അറിയിച്ചെങ്കിലും പാര്‍ലമെന്ററി ഭൂരിപക്ഷത്തോടെ സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തുമെന്നാണ് സൂചന.
പെണ്‍കുട്ടിയുടെ പിതാവിന്റെ സമ്മതത്തോടെയാണ് വിവാഹം നടത്തുന്നതെങ്കില്‍, മതനേതാക്കന്മാര്‍ക്ക് ശൈശവ വിവാഹം നടത്തുന്നതിന് രാജ്യത്തെ നിയമത്തില്‍ നിലവില്‍ അവസരങ്ങളുണ്ട്. ഈ സാഹചര്യത്തിലാണ് ഒമ്പത് വയസുള്ള പെണ്‍കുട്ടികളെപ്പോലും ശൈശവ വിവാഹത്തിലേക്കു നയിക്കുന്ന പുതിയ ഭേദഗതി നടപ്പിലാക്കുന്നത്.