പാശ്ചാത്യരെ ഒരിക്കലും വിശ്വസിക്കാന്‍ കൊള്ളില്ല എന്നാണ് ഉക്രൈന്‍ നല്‍കുന്ന പാഠം; ഇന്നലത്തെ അഫ്ഗാനിസ്ഥാനാണ് ഇന്നത്തെ ഉക്രൈന്‍; ആയത്തൊല്ല അലി ഖമനയി
World News
പാശ്ചാത്യരെ ഒരിക്കലും വിശ്വസിക്കാന്‍ കൊള്ളില്ല എന്നാണ് ഉക്രൈന്‍ നല്‍കുന്ന പാഠം; ഇന്നലത്തെ അഫ്ഗാനിസ്ഥാനാണ് ഇന്നത്തെ ഉക്രൈന്‍; ആയത്തൊല്ല അലി ഖമനയി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 2nd March 2022, 11:59 am

ടെഹ്‌റാന്‍: റഷ്യ- ഉക്രൈന്‍ സംഘര്‍ഷം കൂടുതല്‍ സങ്കീര്‍ണമായിക്കൊണ്ടിരിക്കെ വിഷയത്തില്‍ അമേരിക്കയെയും മറ്റ് പാശ്ചാത്യ രാജ്യങ്ങളെയും കുറ്റപ്പെടുത്തി ഇറാന്‍.

ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയാണ് അമേരിക്കക്കെതിരെ രൂക്ഷവിമര്‍ശമുന്നയിച്ചത്.

അമേരിക്കയിലേത് മാഫിയാ ഭരണകൂടമാണെന്നും ലോകത്ത് പ്രശ്‌നങ്ങളുണ്ടാക്കി അത് വിറ്റ് ജീവിക്കുകയാണ് യു.എസ് ചെയ്യുന്നതെന്നും ആയത്തുല്ല അലി ഖമനയി പറഞ്ഞു.

ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

”അമേരിക്കന്‍ ഭരണകൂടം ഒരു മാഫിയാ ഭരണകൂടമാണ്. രാഷ്ട്രീയപരമായും സാമ്പത്തികപരമായും അങ്ങനെ എല്ലാ മേഖലകളിലും മാഫിയകളാണ് ആ രാജ്യം നിയന്ത്രിക്കുന്നതും പ്രസിഡന്റിനെ അധികാരത്തിലെത്തിക്കുന്നതും.

ലോകത്ത് പ്രശ്‌നങ്ങളുണ്ടാക്കി സ്വന്തം ലാഭം വര്‍ധിപ്പിക്കാനാണ് അമേരിക്കയുടെ ശ്രമം,” ആയത്തൊല്ല ട്വീറ്റ് ചെയ്തു.

ഉക്രൈന്‍ യുദ്ധം അവസാനിക്കണമെന്നാണ് ഇറാന്റെ നിലപാടെന്നും എന്നാല്‍ ഉക്രൈന്‍ അമേരിക്കയുടെ അടിച്ചമര്‍ത്തല്‍-വിവേചന പോളിസികളുടെ ഇരയാണെന്നും ഇറാന്റെ പരമോന്നത നേതാവ് കൂട്ടിച്ചേര്‍ത്തു.

”ഉക്രൈനിലെ യുദ്ധം അവസാനിപ്പിക്കണമെന്നാണ് ഇറാന്റെ നിലപാട്. എന്നാല്‍ മൂലകാരണം മനസിലാക്കിയാലേ ഏത് പ്രശ്‌നത്തിനും പരിഹാരം കാണാന്‍ കഴിയുകയുള്ളൂ. അമേരിക്കന്‍ പോളിസികളാണ് ഉക്രൈന്‍ പ്രശ്‌നത്തിലെ മൂലകാരണം.

ആധുനികമായ അവഗണനയുടെയും വേര്‍തിരിവിന്റെയും വിവേചനത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും ലോകത്ത് വിവിധ തരത്തില്‍ അപകടങ്ങളുണ്ടാക്കുന്നതിന്റെയും നേര്‍ചിത്രമാണ് അമേരിക്ക.

ലോകത്ത് പ്രശ്‌നങ്ങളുണ്ടാക്കുക, അതിനെ വളര്‍ത്തിക്കൊണ്ടിരിക്കുക, അത് വിറ്റ് ജീവിക്കുക എന്നതാണ് പ്രാഥമികമായി അമേരിക്കന്‍ ഭരണകൂടം ചെയ്തുകൊണ്ടിരിക്കുന്നത്. അമേരിക്കയുടെ ഈ പോളിസിയുടെ മറ്റൊരു ഇരയാണ് ഉക്രൈന്‍.

ഉക്രൈനിന്റെ ഇപ്പോഴത്തെ അവസ്ഥ രണ്ട് പാഠങ്ങളാണ് നല്‍കുന്നത്. ഒന്ന്, അമേരിക്കയെയും യൂറോപ്പിനെയും ആശ്രയിച്ച് കഴിയുന്ന സര്‍ക്കാരുകള്‍ ഒരുകാര്യം മനസിലാക്കണം, അവര്‍ക്ക് ലഭിക്കുന്ന പിന്തുണ വെറും മായയാണ് എന്ന്. അത് യാഥാര്‍ത്ഥ്യമല്ല.

ഇന്നലത്തെ അഫ്ഗാനിസ്ഥാനാണ് ഇന്നത്തെ ഉക്രൈന്‍. രണ്ട് രാജ്യങ്ങളിലെയും പ്രസിഡന്റുമാര്‍ പറഞ്ഞിരുന്നത് അവര്‍ അമേരിക്കയെയും മറ്റ് പാശ്ചാത്യ സര്‍ക്കാരുകളെയും വിശ്വസിച്ചു, എന്നാല്‍ ഒടുക്കം ഒറ്റപ്പെട്ടു, എന്നാണ്.

ജനങ്ങളാണ് സര്‍ക്കാരുകളുടെ ഏറ്റവും വലിയ പിന്തുണ. ഉക്രൈനില്‍ നിന്നുള്ള രണ്ടാമത്തെ പാഠം ഇതാണ്. ഉക്രൈനിലെ ജനങ്ങള്‍ വിഷയത്തില്‍ ഇടപെട്ടിരുന്നെങ്കില്‍ അവിടത്തെ സര്‍ക്കാര്‍ ഈ അവസ്ഥയിലാകുമായിരുന്നില്ല.

ഉക്രൈനെ ഇന്നത്തെ അവസ്ഥയിലേക്ക് വലിച്ചിഴച്ചത് അമേരിക്കയാണ്. ഉക്രൈനിന്റെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെട്ടും, വര്‍ണവിപ്ലവങ്ങള്‍ സൃഷ്ടിച്ചും ഒരു സര്‍ക്കാരിനെ അട്ടിമറിച്ച് മറ്റൊന്നിനെ അധികാരത്തില്‍ കയറ്റിയും ഇന്നത്തെ അവസ്ഥയിലേക്ക് ഉക്രൈനെ എത്തിച്ചു,” കഴിഞ്ഞദിവസം പോസ്റ്റ് ചെയ്ത വിവിധ ട്വീറ്റുകളില്‍ ഖമനയി പറഞ്ഞു.

അതേസമയം റഷ്യ- ഉക്രൈന്‍ സംഘര്‍ഷം അയവില്ലാതെ തുടരുകയാണ്. ബെലാറസില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും ഇരുരാജ്യങ്ങളും തീരുമാനത്തിലെത്തിയിട്ടില്ല.

ഉക്രൈന്‍ നഗരമായ കാര്‍കീവില്‍ കഴിഞ്ഞദിവസം നടന്ന ഷെല്ലാക്രമണത്തില്‍ കര്‍ണാടക സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടിരുന്നു. ഇതോടെ ഇന്ത്യക്കാരെ ഉക്രൈനില്‍ നിന്നും ഒഴിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ ഗൗരവമായി എടുക്കേണ്ടതിനെക്കുറിച്ച് പ്രതികരണങ്ങളും പുറത്തുവരുന്നുണ്ട്.


Content Highlight: Iran supreme leader Ayatollah sayyid ali khamenei about Ukraine isuue and criticise America, Europe, western countries