ടെഹ്‌റാന്‍: ജെ.പി.സി.ഒ.എ കരാറിലേക്ക് തിരികെയെത്താനും ഇറാനുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം നീക്കാനും ഫെബ്രുവരി 21ന് അപ്പുറം സമയം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് അനുവദിക്കില്ലെന്ന് ഇറാന്‍.
നിര്‍ദേശം അമേരിക്ക അംഗീകരിച്ചില്ലെങ്കില്‍ ഐക്യരാഷ്ട്രസഭയുടെ ഉദ്യോഗസ്ഥര്‍ക്ക് ഇറാന്റെ ആണവ സൈറ്റുകള്‍ പരിശോധിക്കാന്‍ അനുമതി നല്‍കില്ലെന്നും ഇറാന്റെ മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇതിനുപുറമെ യുറേനിയം സമ്പൂഷ്ടീകരണം വര്‍ദ്ധിപ്പിക്കാനും തീരുമാനമെടുക്കുമെന്ന് ഇറാന്‍ അറിയിച്ചു.
”ഞങ്ങള്‍ സമയം നിശ്ചയിച്ചുകഴിഞ്ഞു. അമേരിക്ക ഇറാനുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിച്ചാല്‍ എല്ലാ വിഭാഗത്തിനും ഗുണം ചെയ്യുന്ന ജെ.പി.സി.ഒ.എ കരാറിലേക്ക് തിരികെ പേകാന്‍ ഇറാന്‍ തയ്യാറാണ്,” ഐക്യരാഷ്ട്രസഭയിലേക്കുള്ള ഇറാന്റെ അംബാസിഡര്‍ മജീദ് തക്ത് -റാവാഞ്ചി പറഞ്ഞു.
നേരത്തെ യു.എസ് ആണവകരാറില്‍ നിന്ന് പുറത്തുപോയതിന് പിന്നാലെ ഇറാന്‍ യുറേനിയം സമ്പൂഷ്ടീകരണം 20 ശതമാനം വര്‍ദ്ധിപ്പിച്ചിരുന്നു. ഇറാന്റെ ആണവശാസ്ത്രജ്ഞനായ ഫക്രീസാദിയുടെ കൊലപാതകത്തിന് പിന്നാലെയും യുറേനിയും സമ്പുഷ്ടീകരണം കൂട്ടുമെന്ന് ഇറാന്‍ അറിയിച്ചിരുന്നു. ഉപരോധം അവസാനിപ്പിക്കാത്ത പക്ഷം യുറേനിയം സമ്പൂഷ്ടീകരണം ഇനിയും കൂട്ടുമെന്നാണ് ഇറാന്‍ പറയുന്നത്.
2015ലെ ആണവകരാറിലെ വ്യവസ്ഥകള്‍ പൂര്‍ണമായും പാലിക്കുന്നതുവരെ ഇറാനേര്‍പ്പെടുത്തിയ ഉപരോധം നീക്കില്ലെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ പറഞ്ഞിരുന്നു.
ജൂണില്‍ ഇറാനില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ ഇറാന്‍ ആണവകരാറിലെ വ്യവസ്ഥകള്‍ പൂര്‍ണമായും പാലിക്കുന്നതില്‍ ഇനിയും സമയമെടുത്തേക്കാമെന്ന് ബ്ലിങ്കണ്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.
ഇതിന് പിന്നാലെ ബൈഡന്‍ അധികാരത്തില്‍ എത്തിയാല്‍ ഉടന്‍ ഉപരോധം നീങ്ങുമെന്ന് പ്രതീക്ഷിച്ച ഇറാനില്‍ നിന്ന് വലിയ എതിര്‍പ്പുകളാണ് രൂപപ്പെട്ട് വന്നത്.
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉപയോഗിച്ച് പരാജയപ്പെട്ട അതേ തന്ത്രം തന്നെയാണ് ബൈഡനും ഉപയോഗിക്കുന്നത് എന്ന് ബ്ലിങ്കന്റെ പ്രസ്താവനയ്ക്ക് പിന്നാലെ അഭിപ്രായങ്ങള്‍ ഇറാനില്‍ നിന്ന് ഉയര്‍ന്നിരുന്നു.
ഇത്തരത്തിലുള്ള സമീപനങ്ങള്‍ ശരിയായിരുന്നുവെങ്കില്‍ ഇറാനില്‍ നിന്ന് ഒരു ഫോണ്‍ കോളിന് കാത്തുകാത്തിരുന്ന് ട്രംപിന് അധികാരമൊഴിയേണ്ടി വരില്ലായിരുന്നുവെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനിയുടെ ഉപദേഷ്ടാവ് പ്രതികരിച്ചു.
അമേരിക്ക ഇറാനുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിച്ചാല്‍ ഉടന്‍ കരാറിലേക്ക് തിരികെ മടങ്ങാന്‍ തയ്യാറാണെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി ജാവേദ് സരിഫ് നിരവധി തവണ ആവര്‍ത്തിച്ചിരുന്നു.
നിലവിലെ കരാര്‍ വ്യവസ്ഥകളില്‍ വീണ്ടും ചര്‍ച്ചകള്‍ക്ക് ഇറാന്‍ തയ്യാറല്ലെന്നും സരിഫ് പറഞ്ഞിരുന്നു. ഇറാന്റെ മിസൈല്‍ പദ്ധതികളിലും ചര്‍ച്ചകള്‍ നടക്കില്ലെന്നും സരിഫ് കൂട്ടിച്ചേര്‍ത്തിരുന്നു.
2015ല്‍ ഒബാമയുടെ ഭരണകാലത്ത് ജോ ബൈഡന്‍ വൈസ് പ്രസിഡന്റായിരിക്കുന്ന കാലത്താണ് അമേരിക്കയും ഇറാനും തമ്മില്‍ ആണവകരാറില്‍ ഏര്‍പ്പെടുന്നത്.
ജോയിന്റ് കോപ്രഹന്‍സീവ് പ്ലാന്‍ ഓഫ് ആക്ഷന്‍ (ജെ.സി.പി.ഒ.എ) എന്ന് വിളിച്ച കരാറില്‍ നിന്ന് 2018ല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്‍വാങ്ങുകയായിരുന്നു. ഇതിന് പിന്നാലെ ഇറാന് അമേരിക്ക ഉപരോധവും ഏര്‍പ്പെടുത്തിയിരുന്നു.