ഇസ്രഈല്‍ വ്യോമാക്രമണം; ഇറാനിലെ രഹസ്യ ആണവായുധകേന്ദ്രം തകര്‍ന്നതായി റിപ്പോര്‍ട്ട്
World News
ഇസ്രഈല്‍ വ്യോമാക്രമണം; ഇറാനിലെ രഹസ്യ ആണവായുധകേന്ദ്രം തകര്‍ന്നതായി റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 16th November 2024, 8:44 pm

ടെഹ്റാന്‍: ഇസ്രഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്റെ രഹസ്യ ആണവായുധ പരീക്ഷണശാല പൂര്‍ണമായും തകര്‍ന്നതായി റിപ്പോര്‍ട്ട്. പ്രവര്‍ത്തനരഹിതമെന്ന് കരുതിയിരുന്ന ഇറാനിലെ പരീക്ഷണശാലയാണ് ഇസ്രഈലിന്റെ ആക്രമണത്തില്‍ തകര്‍ന്നത്. യു.എസ് മാധ്യമമായ ആക്സിയോസ് ആണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.

പര്‍ച്ചിന്‍ മിലിട്ടറി കോംപ്ലക്സിലാണ് രഹസ്യ പരീക്ഷണശാല പ്രവര്‍ത്തിച്ചിരുന്നത്. ഇസ്രഈലിന്റെ ആക്രമണത്തോടെ ഇറാന്റെ ഒരു വര്‍ഷത്തേക്കുള്ള ആണവായുധ പദ്ധതി തിരിച്ചടി നേരിട്ടതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

എന്നാല്‍ ഇസ്രഈലിന്റെ ആക്രമണം ഇറാന്‍ നിഷേധിച്ചു. ഇറാന്‍ ആണവായുധങ്ങള്‍ നിര്‍മിക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.

അതേസമയം രഹസ്യ കേന്ദ്രത്തിനെതിരായ ആക്രമണം യു.എസും ഇസ്രഈലും സ്ഥിരീകരിച്ചിട്ടുണ്ട്. ആണവപരീക്ഷണം ഉള്‍പ്പെടെയുള്ള നീക്കങ്ങള്‍ ഉണ്ടാകുന്നുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് യു.എസ് ഇറാന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇതിനുപിന്നാലെയാണ് ഇറാന് നേരെ ഇസ്രഈലിന്റെ ആക്രമണം ഉണ്ടായത്. കഴിഞ്ഞ ദിവസം പുറത്തുവന്ന ഹൈ റെസല്യൂഷന്‍ ഉപഗ്രഹ ചിത്രങ്ങള്‍ ആക്രമണം നടന്നുവെന്നതിന് തെളിവാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ഇന്റര്‍നാഷണല്‍ അറ്റോമിക് എനര്‍ജിയുടെ ഭാഗത്ത് നിന്ന് ഇറാനെതിരെ നടപടിയുണ്ടാകുമെന്നും വിവരമുണ്ട്. കഴിഞ്ഞ മാസമാണ് ഇറാനിലെ രഹസ്യ പരീക്ഷണശാലയ്ക്ക് നേരെ ആക്രമണമുണ്ടായത്.

ഇസ്രഈല്‍ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ മൂന്ന് യു.എസ്-ഇസ്രഈല്‍ ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആക്സിയോസ് റിപ്പോര്‍ട്ട്.

ആണവായുധത്തില്‍ യുറേനിയത്തിന് ചുറ്റും പ്ലാസ്റ്റിക് സ്‌ഫോടകവസ്തുക്കള്‍ രൂപകല്‍പന ചെയ്യാന്‍ ഉപയോഗിച്ചിരുന്ന അത്യാധുനിക ഉപകരണങ്ങള്‍ ഇസ്രഈല്‍ നശിപ്പിച്ചതായാണ് വിവരം.

തലേഗാന്‍ 2നെ ലക്ഷ്യമിട്ടാണ് ഇസ്രഈല്‍ ഒക്ടോബര്‍ 25ന് ഇറാനില്‍ ആക്രമണം നടത്തിയത്. 2003ല്‍ ഇറാന്‍ ആണവപരീക്ഷണം മരവിപ്പിക്കുന്നതുവരെ തലേഗാന്‍ 2 രാജ്യത്തെ ആണവപദ്ധതിയുടെ ഭാഗമായിരുന്നു.

Content Highlight: Iran’s secret nuclear weapons testing facility has reportedly been completely destroyed in an Israeli airstrike