ട്രംപിനെ അറസ്റ്റ് ചെയ്യാന്‍ ഇന്റര്‍പോളിനോട് ഇറാന്‍
World News
ട്രംപിനെ അറസ്റ്റ് ചെയ്യാന്‍ ഇന്റര്‍പോളിനോട് ഇറാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 5th January 2021, 4:39 pm

ടെഹ്‌റാന്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അറസ്റ്റ് ചെയ്യാന്‍ ഇന്റര്‍പോളിനോട് ആവശ്യപ്പെട്ട് ഇറാന്‍. ട്രംപ് ഉള്‍പ്പെടെ 47 അമേരിക്കന്‍ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്നാണ് ഇറാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ജനറല്‍ ഖാസിം സുലൈമാനിയുടെ വധവുമായി ബന്ധപ്പെട്ടാണ് ഇറാന്‍ ട്രംപ് ഉള്‍പ്പെടെയുള്ള അമേരിക്കയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടത്.

ഇന്റര്‍നാഷണല്‍ പൊലീസ് ഓര്‍ഗനൈസേഷനോട് ഇവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുവെന്ന വാര്‍ത്ത ഇറാനിയന്‍ വക്താവ് ഗൊലാംഹുസൈന്‍ ഇസ്മയിലി സ്ഥിരീകരിച്ചു.

ഖാസിം സുലൈമാനിയുടെ വധത്തില്‍ പങ്കാളികളായവര്‍ക്കെല്ലാം അര്‍ഹമായ ശിക്ഷ ലഭിക്കുമെന്ന് ഉറപ്പുവരുത്താന്‍ ഇറാന്‍ ശ്രമിക്കുമെന്നും ഇസ്മയിലി പറഞ്ഞു.

ഇത് രണ്ടാംതവണയാണ് ഇന്റര്‍നാഷണല്‍ പൊലീസ് ഓര്‍ഗനൈസേഷനോട് ട്രംപിനെ അറസ്റ്റ് ചെയ്യാന്‍ ഇറാന്‍ ആവശ്യപ്പെടുന്നത്.

ജൂണ്‍ മാസത്തില്‍ ടെഹ്‌റാനിലെ പ്രോസിക്യൂട്ടര്‍ അലി അല്‍ക്വാഷ്മിര്‍ ട്രംപ് ഉള്‍പ്പെടെ പന്ത്രണ്ടോളം യു.എസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

അതേസമയം ഫ്രാന്‍സ് ആസ്ഥാനമായുള്ള ഇന്റര്‍പോള്‍ ഇറാന്റെ അപേക്ഷ നിരസിക്കുകയായിരുന്നു. ഖാസിം സുലൈമാനിയുടെ വധത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ വീ്ണ്ടും യു.എസ്് ഇറാന്‍ സംഘര്‍ഷാവസ്ഥ കനക്കുമോ എന്ന ആശങ്ക ഉയര്‍ന്നിരുന്നു.

ഇറാന്‍ കമാന്‍ഡര്‍ ജനറല്‍ ഖാസിം സുലൈമാനിയെ വധിച്ചതില്‍ ബ്രിട്ടീഷ് സെക്യൂരിറ്റി സ്ഥാപനത്തിനും ജര്‍മ്മന്‍ എയര്‍ബേസിനും പങ്കുണ്ടെന്ന ആരോപണവുമായി ഇറാന്‍ പ്രോസിക്യൂട്ടര്‍ രംഗത്തെത്തിയിരുന്നു. ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ച് ഒരു വര്‍ഷം പിന്നിടവെയാണ് ആരോപണവുമായി ഇറാന്‍ രംഗത്തെത്തിയത്.

ഇറാഖിലെ എയര്‍പോര്‍ട്ടില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെയാണ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ട ആക്രമണത്തില്‍ സുലൈമാനി കൊല്ലപ്പെടുന്നത്.

ഖാസിം സുലൈമാനിയുടെ വധത്തില്‍ ട്രംപിനെതിരെ ഇറാന്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ട്രംപിന് പുറമെ ഡ്രോണ്‍ ആക്രമണം നടത്തിയ 30 പേര്‍ക്കെതിരെയും ഇറാന്‍ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. യു.എസ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞാലും കേസുമായി മുന്നോട്ട് പോകുമെന്നും നേരത്തെ തന്നെ ഇറാന്‍ പറഞ്ഞിരുന്നു.

ഇറാനിലെ സായുധ സൈന്യമായ റെവല്യൂഷണറി ഗാര്‍ഡിന്റെ കമാന്‍ഡറായ ഖാസിം സുലൈമാനി ഇറാഖില്‍ വെച്ചാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിനൊപ്പം ഇറാഖിലെ ഇറാന്‍ പിന്തുണയുള്ള പോപുലര്‍ മൊബിലൈസേഷന്‍ ഫോഴ്‌സ് ധപി.എം.എഫ്പ ഡെപ്യൂട്ടി കമാന്‍ഡര്‍ അല്‍ മഹ്ദിയും കൊല്ലപ്പെട്ടിരുന്നു.

ആക്രമണത്തിനു പിന്നാലെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് സുലൈമാനിയെ വകവരുത്താന്‍ ഉത്തരവിട്ടതെന്ന് പെന്റഗണ്‍ അറിയിച്ചിരുന്നു.

2011 ല്‍ സിറിയന്‍ ഭരണാധികാരി ബാഷര്‍ അല്‍ അസദിന് സൈനിക പിന്തുണ നല്‍കല്‍, ഇറാഖിലെ ഷിയ സഖ്യവുമായി കൈകോര്‍ക്കല്‍, ലെബനനിലെ ഹിസ്‌ബൊള്ള സേനയുമായുള്ള സൗഹൃദം തുടങ്ങി തന്ത്രപ്രധാനമായ സൈനിക നീക്കങ്ങളുടെ അമരക്കാരനുമായിരുന്നു സുലൈമാനി.

ഇറാന്‍ സേനയായ ഖുദ്‌സ് ഫോഴ്‌സിന്റെ തലപ്പത്തേക്ക് 1998 ലാണ് സുലൈമാനി വരുന്നത്. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇറാന്റെ പശ്ചിമേഷ്യയിലുള്ള ദ്രുത വളര്‍ച്ചയില്‍ ഇസ്രഈലും സൗദി അറേബ്യയും ആശങ്കയിലായിരുന്നു.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ നിരവധി തവണ ഇദ്ദേഹത്തെ വകവരുത്താന്‍ നിരവധി തവണ ശ്രമങ്ങള്‍ നടന്നിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Iran issues Interpol notice for 48 US officials including Trump