ഇറാനില്‍ പുതിയ എണ്ണപ്പാടം കണ്ടു പിടിച്ചു; 'ഇറാനിയന്‍ ജനതയ്ക്കുള്ള ചെറിയൊരു സമ്മാനം', വൈറ്റ് ഹൗസിനെ അറിക്കുന്നെന്ന് ഹസ്സന്‍ റുഹാനി
World
ഇറാനില്‍ പുതിയ എണ്ണപ്പാടം കണ്ടു പിടിച്ചു; 'ഇറാനിയന്‍ ജനതയ്ക്കുള്ള ചെറിയൊരു സമ്മാനം', വൈറ്റ് ഹൗസിനെ അറിക്കുന്നെന്ന് ഹസ്സന്‍ റുഹാനി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 10th November 2019, 8:38 pm

തെഹറാന്‍:യു.എസിന്റെ വ്യാപാര വിലക്കുകള്‍ നിലനില്‍ക്കുന്നതിനിടയില്‍ ഇറാനില്‍ പുതിയ എണ്ണപ്പാടം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍. ഇറാനിയന്‍ പ്രസിഡന്റ് ഹസ്സന്‍ റുഹാനിയാണ് ടെലിവിഷന്‍ പ്രസംഗത്തിലൂടെ ഇക്കാര്യമറിയിച്ചിരിക്കുന്നത്. ക്രൂഡ് ഓയില്‍ കേന്ദ്രമായ ഖുസസ്ഥാന്‍ പ്രവിശ്യയിലാണ് പുതിയ എണ്ണപ്പാടം കണ്ടെത്തിയിരിക്കുന്നത്. 53 ബില്യണ്‍ ക്രൂഡ് ഓയില്‍ നിക്ഷേപമുള്ള എണ്ണപ്പാടമാണിത്. ഇതോടെ രാജ്യത്തെ ക്രൂഡ് ഓയില്‍ ശേഖരം മൂന്നിലൊന്നായി കൂടുമെന്നും റുഹാനി അറിയിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

80 മീറ്റര്‍ ആഴത്തിലും 2400 സ്‌ക്വയര്‍ കിലോമീറ്റര്‍ ദൂരത്തിലുമുള്ള എണ്ണപ്പാടം ഇറാനിലെ ഏറ്റവും വലിയ രണ്ടാമത്തെ എണ്ണപ്പാടമാകാന്‍ സാധ്യതയുണ്ട്.. അഹ്‌വാസിലുള്ള 65 ബാരല്‍ ബില്യണ്‍ ക്രൂഡ് ഓയില്‍ ശേഖരമുള്ള പാടമാണ് ഒന്നാമത്തേത്.

ഇറാനിയന്‍ ജനതയ്ക്ക് സര്‍ക്കാരിന്റെ ചെറിയ സമ്മാനം എന്നാണ് ഹസ്സന്‍ റുഹാനി ഇതേക്കുറിച്ച് പറഞ്ഞത്. ഇറാനിയന്‍ എണ്ണക്കച്ചവടത്തിന് വൈറ്റ് ഹൗസ് വിലക്കേര്‍പ്പെടുത്തിയ ദിവസങ്ങളില്‍ ഇറാനിയന്‍ എന്‍ജിനീയര്‍മാരും 53 ബില്യണ്‍ ബാരല്‍ ക്രൂഡ് ഓയില്‍ ശേഖരമുള്ള എണ്ണപ്പാടം കണ്ടുപിടിച്ചു എന്നും റുഹാനി കൂട്ടിച്ചേര്‍ത്തു.

ലോകത്തില്‍ എണ്ണ ശേഖരമുള്ള രാജ്യങ്ങളില്‍ നാലാം സ്ഥാനത്താണ് ഇറാന്‍.150 ബാരല്‍ ക്രൂഡ് ഓയില്‍ നിക്ഷേപമാണ് നിലവില്‍ രാജ്യത്തുള്ളത്. പ്രകൃതിവാതക ശേഖരത്തില്‍ രണ്ടാംസ്ഥാനത്തും ഇറാനാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

2018ല്‍ യു.എസ് ആണവകരാറില്‍ നിന്നു പിന്‍മാറിയ ശേഷം യു.എസ് ഇറാനു മേല്‍ നിരവധി വിലക്കുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. തര്‍ക്കം രൂക്ഷമായ ഘട്ടത്തില്‍ യുറേനിയം സംമ്പുഷ്ടീകരണത്തിനും ഇറാന്‍ മുതിര്‍ന്നിരുന്നു. ഈയടുത്ത് സൗദിയിലെ ആരാംകോ എണ്ണയുല്‍പാദന കേന്ദ്രത്തിലേക്കുണ്ടായ മിസൈലാക്രമണത്തിനു പിന്നില്‍ ഇറാനാണെന്ന് യു.എസും സൗദിയും ആരോപിച്ചിരുന്നു.