ടെഹ്‌റാന്‍: ക്യൂബയെ ഭീകരവാദരാഷ്ട്രമാക്കി പ്രഖ്യാപിച്ച അമേരിക്കയുടെ തീരുമാനത്തെ വിമര്‍ശിച്ച് ഇറാന്‍. ഇറാനും അല്‍ഖ്വയ്ദയുമായി ബന്ധമുണ്ടെന്ന് പ്രഖ്യാപിച്ച് ക്യൂബയെ ഭീകരവാദരാഷ്ട്രമാക്കിയ അമേരിക്കയുടെ നടപടി തങ്ങള്‍ യുദ്ധക്കൊതിയരാണെന്ന് വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നതാണെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി ജവാദ് സരിഫ് പറഞ്ഞു. യു.എസ്.സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയെ മിസ്റ്റര്‍ നുണയന്‍, ചതിയന്‍, കള്ളന്‍ എന്ന് വിളിച്ചായിരുന്നു സരിഫിന്റെ പ്രതികരണം.
” ക്യൂബയ്ക്ക് ഇറാനും അല്‍ഖ്വയ്ദയുമായി ബന്ധമുണ്ടെന്ന കെട്ടിച്ചമച്ച കഥകള്‍ പുറത്തുവിട്ട് മിസ്റ്റര്‍ ” നുണയന്‍, ചതിയന്‍, കള്ളന്‍” യുദ്ധകാഹളം മുഴക്കി തന്റെ ദുരന്തപൂർണമായ കരിയർ അവസാനിപ്പിക്കുകയാണ്,” സരിഫ് പറഞ്ഞു.
ട്രംപ് സര്‍ക്കാര്‍ അധികാരമൊഴിയാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെയാണ് ക്യൂബയെ ഭീകരവാദ രാഷ്ട്രങ്ങളുടെ പട്ടികയില്‍ പെടുത്തിയത്. ഇറാനുമായി ക്യൂബയ്ക്ക് ബന്ധമുണ്ടെന്നും, തീവ്രവാദ ഗ്രൂപ്പായ അല്‍ഖ്വയ്ദയുടെ പുതിയ താവളമാണ് ഇറാനെന്നും ഇതിന് പിന്നാലെ മൈക്ക് പോംപിയോ പറഞ്ഞിരുന്നു. അല്‍ഖ്വയ്ദയ്ക്ക് എല്ലാ പിന്തുണയും നല്‍കുന്നത് സൗദി സര്‍ക്കാരാണെന്നും ജവാദ് സരിഫ് പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം.
ഇറാന് അല്‍ഖ്വയ്ദയുമായി ബന്ധമുണ്ടെന്ന അമേരിക്കയുടെ ആരോപണം റഷ്യയും നിഷേധിച്ചിരുന്നു.
അഞ്ച് വര്‍ഷത്തിന് ശേഷമാണ് ക്യൂബയെ ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രമായി അമേരിക്ക വീണ്ടും പ്രഖ്യാപിച്ചത്.
തീവ്രവാദ സംഘടനകള്‍ക്ക് ക്യൂബ സഹായം നല്‍കുന്നു എന്നാരോപിച്ചാണ് നടപടി. അധികാരം ഒഴിയാന്‍ ഒമ്പത് ദിവസം മാത്രം ബാക്കിനില്‍ക്കെയാണ് ട്രംപ് ഭരണകൂടം ക്യൂബയ്ക്ക് മേല്‍ പ്രതികാര നടപടി സ്വീകരിച്ചത്. ഈ നടപടി ക്യൂബയ്ക്ക് ശക്തമായ താക്കീതാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞിരുന്നു.