ഒരു ഐ.പി.എസ് ഓഫീസര്‍ പോയപ്പോള്‍ മറ്റൊരു ഐ.പി.എസ് ഓഫീസര്‍; ഇത് ജാര്‍ഖണ്ഡ് കോണ്‍ഗ്രസ് പരീക്ഷണം
Jharkhand
ഒരു ഐ.പി.എസ് ഓഫീസര്‍ പോയപ്പോള്‍ മറ്റൊരു ഐ.പി.എസ് ഓഫീസര്‍; ഇത് ജാര്‍ഖണ്ഡ് കോണ്‍ഗ്രസ് പരീക്ഷണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 28th August 2019, 8:26 pm

നിയമസഭ തെരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കേ പുതിയ പരീക്ഷണവുമായി ജാര്‍ഖണ്ഡ് കോണ്‍ഗ്രസ്. ഒരു മുന്‍ ഐ.പി.എസ് ഓഫീസര്‍ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറിയപ്പോള്‍ മറ്റൊരു മുന്‍ ഐ.പി.എസ് ഓഫീസറെ തന്നെ തല്‍സ്ഥാനത്തേക്ക് നിയമിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്.

മുന്‍ ഐ.പി.എസ് ഓഫീസറും മുന്‍ കേന്ദ്രമന്ത്രിയുമായ രാമേശ്വര്‍ ഒറോണിനെയാണ് പുതിയ സംസ്ഥാന അദ്ധ്യക്ഷനായി കോണ്‍ഗ്രസ് തെരഞ്ഞെടുത്തത്. നേരത്തെ മുന്‍ ഐ.പി.എസ് ഓഫീസറായിരുന്ന അജോയ് കുമാര്‍ ആയിരുന്നു അദ്ധ്യക്ഷന്‍.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിനുണ്ടായ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് അജോയ് കുമാര്‍ രാജിവെച്ചത്. പാര്‍ട്ടിക്കകത്ത് നിലനില്‍ക്കുന്ന ഗ്രൂപ്പ് വഴക്കും അജോയ് കുമാറിന്റെ രാജിക്ക് വഴിവെച്ചു.

രാമേശ്വര്‍ ഒറോണിന്റെ അദ്ധ്യക്ഷനായുള്ള വരവ് അപ്രതീക്ഷിതമായാണ്. നേരത്തെ ചര്‍ച്ചകളിലുണ്ടായിരുന്ന മുതിര്‍ന്ന നേതാക്കളുടെ പേരുകളെല്ലാം വെട്ടിയാണ് സാധ്യത പട്ടികയില്‍ ഇല്ലാതിരുന്ന രാമേശ്വറിന്റെ വരവ്. പുതിയ മുഖം അന്വേഷിച്ചുള്ള കോണ്‍ഗ്രസിന്റെ നീക്കമാണ് രാമേശ്വറില്‍ അവസാനിച്ചത്.