കുറച്ചുനാളുകള്‍ക്ക് മുമ്പേ ഐ.പി.എല്ലിന്റെ ദൈര്‍ഘ്യം നീട്ടുന്നതിനെ സംബന്ധിച്ച് ബി.സി.സി.സി.ഐ സെക്രട്ടറിയായ ജയ് ഷാ പറഞ്ഞിരുന്നു. എന്നാല്‍ പല അന്താരാഷ്ട്ര ടീമുകളും ഇത് എതിര്‍ത്തിരുന്നു. ഐ.പി.എല്‍ വിന്‍ഡോയുടെ സമയത്ത് മറ്റു അന്താരാഷ്ട്ര മത്സരങ്ങള്‍ നടത്താന്‍ സാധിക്കാത്തതാണ് ഇതിന് കാരണം.
എന്നാല്‍ ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഐ.പി.എല്ലിന്റെ സമയത്ത് ഭാവിയില്‍ മറ്റ് അന്താരാഷ്ട്ര മത്സരമൊന്നും നടക്കില്ലെന്നാണ്. ഒരുപാട് അന്താരാഷ്ട്ര താരങ്ങള്‍ക്ക് ഐ.പി.എല്ലില്‍ ഒരുപാട് അവസരങ്ങള്‍ ലഭിക്കും.
രണ്ടരമാസത്തില്‍ കൂടുതലുള്ള ഐ.പി.എല്‍ നടത്തിപ്പിനാണ് ഐ.സി.സി അംഗീകാരം നല്‍കിയത്. എല്ലാ വര്‍ഷവും ഐ.പി.എല്‍ മത്സരങ്ങള്‍ മാര്‍ച്ച് അവസാനം തുടങ്ങി മെയ് അവസാനമാണ് തീരാറുള്ളത്. എന്നാല്‍ ഇനി മുതല്‍ ഇതിന്റെ കൂടെ രണ്ടാഴ്ച്ച കൂടെ കൂട്ടും.
ഇ.എസ്.പി.എന്‍ ക്രിക്കറ്റിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഐ.സി.സിയുടെ പുതിയ ഫ്യൂച്ചര്‍ ടൂര്‍സ് പ്രോഗ്രാമിന്റെ ഡോക്യുമെന്റ് പ്രകാരം ഷെഡ്യൂള്‍ മാറ്റങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നുണ്ട്. ഐ.പി.എല്ലിന്റെ രണ്ടാഴ്ചത്തെ വിപുലീകരണം സംബന്ധിച്ച ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായുടെ പ്രസ്താവനയെ ഈ പതിപ്പ് പിന്തുണയ്ക്കുന്നു. ഐ.പി.എല്‍ വിപുലീകരിക്കുന്ന നാല് വര്‍ഷത്തിനിടയില്‍, നിരവധി അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിട്ടില്ല.
ഇതിന്റെ ഭാഗമായി ഐ.പി.എല്ലില്‍ കൂടുതല്‍ ടീമുകളും മത്സരങ്ങളും ഉടലെടുക്കും. 2014 മുതല്‍ 2021 വരെ എട്ട് ടീമുകളായിരുന്നു ഐ.പി.എല്ലില്‍ മാറ്റുരച്ചത്. എന്നാല്‍ ഈ വര്‍ഷം അത് പത്തായി ഉയര്‍ന്നിരുന്നു. ഇതോടെ 60 മത്സരങ്ങളില്‍ നിന്നും 74 മത്സരത്തിലേക്കാണ് ഐ.പി.എല്‍ മാറിയത്.
ഇനിയുള്ള വര്‍ഷങ്ങളില്‍ മത്സരങ്ങളുടെ ഏകദേശം കണക്കുകള്‍ ബി.സി.സി.ഐ തയ്യാറാക്കിയിട്ടുണ്ട്. 2027 വരെയുള്ള പുതിയ സൈക്കിളില്‍ 2026 വരെയുള്ള വര്‍ഷങ്ങളില്‍ 74 മത്സരങ്ങളും അവസാന വര്‍ഷമായ 2027ല്‍ 94 മത്സരങ്ങളുമായിരിക്കും നടക്കുക.
കഴിഞ്ഞ സീസണില്‍ രണ്ട് പുതിയ ടീമുകള്‍ എത്തിയപ്പോള്‍ ഐ.പി.എല്ലിന് ആവേശം കുടിയിരുന്നു. പുതിയ ടീമായ ഗുജറാത്ത് ടൈറ്റന്‍സായിരുന്നു കപ്പ് നേടിയത്.