IPL
ഇന്നലെ മഴ പെയ്തപ്പോള്‍ അനുഭവിച്ചത് ഞങ്ങളോ ടൈറ്റന്‍സോ അല്ല, അവര്‍ക്ക് വേണ്ടിയാണ് കളിക്കുന്നത്; ആദ്യ പന്തെറിയും മുമ്പേ ഹൃദയം കീഴടക്കി ധോണി
സ്പോര്‍ട്സ് ഡെസ്‌ക്
2023 May 29, 02:02 pm
Monday, 29th May 2023, 7:32 pm

 

ഐ.പി.എല്‍ 2023 ഫൈനല്‍ മത്സരത്തിന് ആരംഭം. മത്സരത്തില്‍ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എം.എസ്. ധോണി ഫീല്‍ഡിങ് തെരഞ്ഞെടുത്തു. മഴപ്പേടി പൂര്‍ണമായും ഒഴിയാത്തതിനാല്‍ ചെയ്‌സിങ് തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് ധോണി പറഞ്ഞത്.

കഴിഞ്ഞ ദിവസം മഴ പെയ്തപ്പോള്‍ ഏറ്റവുമധികം അനുഭവിക്കേണ്ടി വന്നത് ആരാധകര്‍ക്കാണെന്നും അവര്‍ക്ക് വേണ്ടിയാണ് തങ്ങള്‍ ഇരുവരും കളത്തിലിറങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘മഴ പെയ്‌തേക്കുമെന്ന പ്രവചനമുള്ളതിനാല്‍ ഞങ്ങള്‍ ആദ്യം ബൗള്‍ ചെയ്യുകയാണ്. ഞങ്ങളിന്നലെ ഡ്രസ്സിങ് റൂമിലായിരുന്നു. ഒരു കളിക്കാരനെന്ന നിലയില്‍ എല്ലാ മത്സരവും കളിക്കണമെന്നാണ് നമ്മള്‍ ആഗ്രഹിക്കുന്നത്.

കഴിഞ്ഞ ദിവസം കാണികള്‍ക്കാണ് ഏറ്റവുമധികം കഷ്ടപ്പാട് അനുഭവിക്കേണ്ടി വന്നത്. അവരെ എന്റര്‍ടെയ്ന്‍ ചെയ്യാന്‍ സാധിക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. കുറേ നാളുകളായി പിച്ച് അണ്ടര്‍ കവറിലായിരുന്നു, എന്നാല്‍ ടൂര്‍ണമെന്റിലുടനീളം പിച്ച് മികച്ച ഔട്ടിങ്ങാണ് നല്‍കിയത്.

ഞങ്ങള്‍ കളിക്കുന്നത് 20 ഓവര്‍ ഗെയിം ആണെന്നത് ഏറെ സന്തോഷം നല്‍കുന്നുണ്ട്. ടൂര്‍ണമെന്റിനോട് ഇത്തരത്തില്‍ നീതി പുലര്‍ത്താന്‍ സാധിക്കുമെന്നാണ് കരുതുന്നത്,’ ധോണി പറഞ്ഞു.

കഴിഞ്ഞ മത്സരം കളിച്ച അതേ ടീമുമായാണ് തങ്ങള്‍ കളത്തിലിറങ്ങുന്നതെന്നും ധോണി അറിയിച്ചു.

ടോസ് ലഭിച്ചാല്‍ തങ്ങളും ഫീല്‍ഡിങ് തന്നെ തെരഞ്ഞെടുക്കുമായിരുന്നുവെന്നും എന്നാല്‍ ടോസ് നഷ്ടപ്പെട്ടതില്‍ വിഷമമില്ലെന്നുമായിരുന്നു ഹര്‍ദിക് പാണ്ഡ്യ പറഞ്ഞത്.

തങ്ങളും അതേ ടീമിനെ തന്നെയാണ് കളത്തിലിറക്കുന്നതെന്നും പാണ്ഡ്യ പറഞ്ഞു.

ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്റ്റാര്‍ട്ടിങ് ഇലവന്‍

ഋതുരാജ് ഗെയ്ക്വാദ്, ഡെവോണ്‍ കോണ്‍വേ, അജിന്‍ക്യ രഹാനെ, മോയിന്‍ അലി, അംബാട്ടി റായിഡു, രവീന്ദ്ര ജഡേജ, എം.എസ്. ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ദീപക് ചഹര്‍, മതീശ പതിരാന, തുഷാര്‍ ദേശ്പാണ്ഡേ, മഹീഷ് തീക്ഷണ.

ഗുജറാത്ത് ടൈറ്റന്‍സ് സ്റ്റാര്‍ട്ടിങ് ഇലവന്‍

വൃദ്ധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), ശുഭ്മന്‍ ഗില്‍, സായ് സുദര്‍ശന്‍, വിജയ് ശങ്കര്‍, ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാട്ടിയ, മോഹിത് ശര്‍മ, റാഷിദ് ഖാന്‍, നൂര്‍ അഹമ്മദ്, മുഹമ്മദ് ഷമി.

 

Content highlight: IPL Final, CSK won the toss and elect to field first