Advertisement
IPL
മുംബൈ ഇന്ത്യന്‍സ് താരത്തിന് ഒരു വര്‍ഷത്തെ വിലക്ക്; പി.എസ്.എല്ലില്‍ നിന്ന് പിന്‍മാറിയതിന് നോട്ടീസ്!
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 11, 10:05 am
Friday, 11th April 2025, 3:35 pm

പാകിസ്ഥാന്‍ പ്രീമിയര്‍ ലീഗില്‍ പെഷവാര്‍ സാല്‍മിയുടെ സൗത്ത് ആഫ്രിക്കന്‍ താരം കോര്‍ബിന്‍ ബോഷിന് വിലക്ക്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്നതിന് വേണ്ടി താരം 2025 സീസണില്‍ പാകിസ്ഥാന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് പിന്‍മാറുകയായിരുന്നു.

പി.എസ്.എല്ലില്‍ ഡയമണ്ട് ഡ്രാഫ്റ്റായി തെരഞ്ഞടുത്തിട്ടും അവസരം ഒഴിവാക്കിയാണ് പ്രോട്ടിയാസ് താരം ഐ.പി.എല്ലില്‍ കളിക്കാന്‍ എത്തിയത്. ഇതോടെ താരത്തിന് പി.സി.ബി നോട്ടീസ് അയക്കുകയായിരുന്നു. 2025ലെ ഐ.പി.എല്ലില്‍ പരിക്കേറ്റ ലിസാദ് വില്യംസിന് പകരക്കാരനായി മുംബൈ ഇന്ത്യന്‍സ് കോര്‍ബിനെ വിളിച്ചിരുന്നു.

കോര്‍ബിന്‍ ബോഷ് പറഞ്ഞത്

‘പി.എസ്.എല്ലില്‍ നിന്ന് പിന്മാറാനുള്ള എന്റെ തീരുമാനത്തില്‍ ഞാന്‍ അഗാധമായി ഖേദിക്കുന്നു, പാകിസ്ഥാന്‍ ജനതയോടും പെഷവാര്‍ സാല്‍മിയുടെ ആരാധകരോടും ക്രിക്കറ്റ് സമൂഹത്തോടും ഞാന്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു. എന്റെ പ്രവൃത്തികള്‍ മൂലമുണ്ടായ നിരാശ ഞാന്‍ പൂര്‍ണമായി മനസിലാക്കുന്നു.

പെഷവാര്‍ സാല്‍മിയുടെ വിശ്വസ്തരായ ആരാധകരോട്, നിങ്ങളെ നിരാശപ്പെടുത്തിയതില്‍ ഞാന്‍ ശരിക്കും ഖേദിക്കുന്നു. എന്റെ പ്രവൃത്തികളുടെ പൂര്‍ണ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു, പെനാല്‍റ്റി പിഴയും പി.എസ്.എല്ലില്‍ നിന്നുള്ള ഒരു വര്‍ഷത്തെ വിലക്കും ഉള്‍പ്പെടെയുള്ള അനന്തരഫലങ്ങള്‍ ഞാന്‍ സ്വീകരിക്കുന്നു,’ ബോഷ് ഒരു പ്രസ്താവനയില്‍ പറഞ്ഞു.

നിലവില്‍ ഐ.പി.എല്ലില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് ഒരു വിജയവും നാല് തോല്‍വിയും ഉള്‍പ്പെടെ വെറും രണ്ട് പോയിന്റാണ് മുംബൈക്കുള്ളത്. നിലവില്‍ എട്ടാം സ്ഥാനത്താണ് മുംബൈ. അവസാന മത്സരത്തില്‍ ബെംഗളൂരുവിനോട് പരാജയപ്പെട്ടതോടെ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയും സംഘവും സമ്മര്‍ദത്തിലാണ്.

Content Highlight: IPL 2025: South African player Corbin Boshin banned One Year from Pakistan Premier League