IPL
കൊല്‍ക്കത്തയ്ക്ക് വന്‍ തിരിച്ചടി, മാച്ച് വിന്നറില്ല; ഈ അഡ്വാന്റേജ് മുതലാക്കാന്‍ സാധിച്ചാല്‍ രാജസ്ഥാന് ജയം സുനിശ്ചിതം
സ്പോര്‍ട്സ് ഡെസ്‌ക്
2025 Mar 26, 01:52 pm
Wednesday, 26th March 2025, 7:22 pm

ഐ.പി.എല്‍ 2025ല്‍ രാജസ്ഥാന്‍ റോയല്‍സ് – കൊല്‍ക്കത്ത മത്സരത്തില്‍ ടോസ് ഭാഗ്യം അജിന്‍ക്യ രഹാനെയ്ക്ക്. രാജസ്ഥാന്‍ റോയല്‍സിന്റെ രണ്ടാം ഹോം സ്‌റ്റേഡിയമായ ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തില്‍ നൈറ്റ് റൈഡേഴ്‌സ് ആദ്യം പന്തെറിയും.

എതിരാളികളുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ തോല്‍വി നേരിട്ടതിന് ശേഷമാണ് രാജസ്ഥാന്‍ സ്വന്തം മണ്ണില്‍ രണ്ടാം മത്സരത്തിനിറങ്ങുന്നത്.

രാജസ്ഥാനെ പോലെ സീസണില്‍ ആദ്യ മത്സരം പരാജയപ്പെട്ട കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് എതിരാളികള്‍. എല്ലാ ടീമുകളും തങ്ങളുടെ ആദ്യ മത്സരം കളിച്ചപ്പോള്‍ പോയിന്റ് പട്ടികയിലെ അവസാന രണ്ട് സ്ഥാനക്കാരാണ് ഈ മത്സരത്തില്‍ ഏറ്റുമുട്ടുന്നത്.

സൂപ്പര്‍ താരം സുനില്‍ നരെയ്ന്‍ ഇല്ലാതെയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് രാജസ്ഥാനെതിരെ ഇറങ്ങുന്നത്. നരെയ്‌ന് പകരക്കാരനായി ഇംഗ്ലണ്ട് ഓള്‍-റൗണ്ടര്‍ മോയിന്‍ അലിയാണ് കളത്തിലിറങ്ങുന്നത്.

സുനില്‍ നരെയ്‌ന്റെ അഭാവം രാജസ്ഥാന് വലിയ അഡ്വാന്റേജാണ് നല്‍കിയിരിക്കുന്നത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങുന്ന നരെയ്ന്‍ നൈറ്റ് റൈഡേഴ്‌സ് പാളയത്തിലെ പ്രധാനിയാണ്.

റോയല്‍ ചലഞ്ചേഴ്‌സിനെതിരായ മത്സരത്തില്‍ 26 പന്ത് നേരിട്ട് 44 റണ്‍സാണ് നരെയ്ന്‍ നേടിയത്. നാല് ഓവര്‍ പന്തെറിഞ്ഞ് 27 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റും താരം സ്വന്തമാക്കിയിരുന്നു.

മികച്ച ഫോമില്‍ തുടരുന്ന നരെയ്‌ന്റെ അഭാവം കൊല്‍ക്കത്തയ്ക്ക് തിരിച്ചടിയാണ്.

അതേസമയം, ആദ്യ മത്സരത്തില്‍ നിന്നും ഒരു മാറ്റവുമായാണ് രാജസ്ഥാന്‍ റോയല്‍സും കളത്തിലിറങ്ങുന്നത്. ഫസല്‍ഹഖ് ഫാറൂഖിക്ക് പകരം വാനിന്ദു ഹസരങ്ക രാജസ്ഥാനായി അരങ്ങേറ്റ മത്സരം കുറിക്കും.

രാജസ്ഥാന്‍ റോയല്‍സ് പ്ലെയിങ് ഇലവന്‍

യശസ്വി ജെയ്‌സ്വാള്‍, സഞ്ജു സാംസണ്‍, നിതീഷ് റാണ, റിയാന്‍ പരാഗ് (ക്യാപ്റ്റന്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), ഷിംറോണ്‍ ഹെറ്റ്‌മെയര്‍, വാനിന്ദു ഹസരങ്ക, ജോഫ്രാ ആര്‍ച്ചര്‍, മഹീഷ് തീക്ഷണ, തുഷാര്‍ ദേശ്പാണ്ഡെ, സന്ദീപ് ശര്‍മ.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലെയിങ് ഇലവന്‍

ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), വെങ്കിടേഷ് അയ്യര്‍, അജിന്‍ക്യ രഹാനെ (ക്യാപ്റ്റന്‍), റിങ്കു സിങ്, മോയിന്‍ അലി, ആന്ദ്രേ റസല്‍, രമണ്‍ദീപ് സിങ്, സ്പെന്‍സര്‍ ജോണ്‍സണ്‍, വൈഭവ് അറോറ, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി.

Content Highlight: IPL 2025: RR vs KKR: Kolkata Knight Riders won the toss and elect to bat first, Sunil Narine misses out