ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള മത്സരമാണ് നടക്കാനിരിക്കുന്നത്. മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. മുംബൈ ടൂര്‍ണമെന്റിലെ അഞ്ചാം മത്സരത്തിനും ബെംഗളൂരു നാലാം മത്സരത്തിനുമാണ് കളത്തിലിറങ്ങുന്നത്.
സീസണിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ ജയവും അവസാന മത്സരത്തില്‍ തോല്‍വിയും ഏറ്റുവാങ്ങിയാണ് ബെംഗളൂരു മുംബൈയിലെത്തുന്നത്. മുന്‍ ചാമ്പ്യന്‍മാരെ തോല്‍പ്പിച്ച് വിജയ വഴിയിലേക്ക് തിരിച്ചെത്തുകയാണ് റോയല്‍ ചലഞ്ചേഴ്‌സിന്റെ ലക്ഷ്യം.
അതേസമയം, നാല് മത്സരങ്ങളില്‍ മൂന്ന് തോല്‍വിയും ഒരു ജയവുമായാണ് മുംബൈ ഇന്ത്യന്‍സ് ഇന്ന് ആര്‍.സി.ബിയെ നേരിടാന്‍ ഒരുങ്ങുന്നത്. വിജയത്തോടൊപ്പം പോയിന്റ് ടേബിളില്‍ മുന്നേറുക എന്നതാകും ബ്ലൂ ആന്‍ഡ് ഗോള്‍ഡ് ടീം നോട്ടമിടുന്നത്.
ഐ.പി.എല്ലിലേക്ക് തിരിച്ചെത്തുന്ന ഇന്ത്യന്‍ സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറയായിരിക്കും ഇന്നത്തെ മത്സരത്തിന്റെ ശ്രദ്ധാകേന്ദ്രം. കഴിഞ്ഞ ദിവസം താരം മുംബൈ ക്യാമ്പില്‍ ചേരുകയും പരിശീലനത്തില്‍ ഇറങ്ങുകയും ചെയ്തിരുന്നു. മാസങ്ങള്‍ക്ക് ശേഷം ഫാസ്റ്റ് ബൗളറെ ഫീല്‍ഡില്‍ കാണുന്നതിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
ഈ വര്‍ഷമാദ്യം സിഡ്നിയില്‍ നടന്ന അവസാന ബോര്‍ഡര്‍ ഗവാസ്‌കര്‍ ടെസ്റ്റിലാണ് ബുംറയ്ക്ക് പരിക്കേറ്റത്. പുറം വേദനയെ തുടര്‍ന്ന് ചികിത്സ തേടിയ താരത്തിന് ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയും ഐ.പി.എല്ലിലെ ആദ്യ നാല് മത്സരങ്ങളും നഷ്ടമായിരുന്നു. ബി.സി.സി.ഐയുടെ മെഡിക്കല്‍ ടീമില്‍ നിന്ന് അനുമതി ലഭിച്ചതോടെയാണ് താരം ടീമിനൊപ്പം ചേര്‍ന്നത്.
ഇപ്പോള്‍ ഐ.പി.എല്ലിലേക്കുള്ള ബുംറയുടെ തിരിച്ച് വരവിനെ കുറിച്ചും മുംബൈ ഇന്ത്യന്‍സിനെതിരെ കളിയില്‍ താരത്തിന്റെ സാന്നിധ്യത്തെ കുറിച്ചും സംസാരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു താരം ടിം ഡേവിഡ്. ടൂര്‍ണമെന്റിലേക്ക് ബുംറ തിരിച്ച് വരുന്നത് മികച്ച കാര്യമാണെന്നും അവനുണ്ടെങ്കില്‍ കളി മികച്ചതായിരിക്കുമെന്നും താരം പറഞ്ഞു. ബുംറ ലോകത്തിലെ ഏറ്റവും മികച്ച ബൗളറാണെന്നും തങ്ങളുടെ ഓപ്പണിങ് ബാറ്റര്‍ താരത്തിന്റെ ആദ്യ പന്തില്‍ സിക്‌സോ ഫോറോ അടിക്കുമെന്നും ഡേവിഡ് കൂട്ടിച്ചേര്‍ത്തു.
‘ടൂര്‍ണമെന്റിലേക്ക് ബുംറ തിരിച്ച് വരുന്നത് മികച്ച കാര്യമാണ്. കാരണം അവനുണ്ടെങ്കില്‍ കളി മികച്ചതായിരിക്കും.
അതെ, ബുംറ ലോകത്തിലെ ഏറ്റവും മികച്ച ബൗളറാണ്. ആര്‍.സി.ബിയില്‍ ഞങ്ങള്‍ക്ക് വേണ്ട വെല്ലുവിളിയും അതാണ്. ഈ ടൂര്‍ണമെന്റില്‍ ഞങ്ങള്‍ക്ക് മുന്നോട്ട് പോകണമെങ്കില്‍, മികച്ച ടീമുകളെയും മികച്ച കളിക്കാരെയും തോല്‍പ്പിക്കേണ്ടതുണ്ട്.
അതിനാല്‍ മത്സരത്തിലെ ആദ്യ ഓവര്‍ ബുംറ എറിയുമെന്ന് പ്രതീക്ഷിക്കുന്നു. ഞങ്ങളുടെ ഓപ്പണിങ് ബാറ്റര്‍ താരത്തിന്റെ ആദ്യ പന്തില്‍ സിക്‌സോ ഫോറോ അടിക്കും. അത് ഒരു പ്രസ്താവനയായിരിക്കും,’ ഡേവിഡ് പറഞ്ഞു.
ബുംറ മാരകമായ യോര്‍ക്കറുകള്‍ എറിയുമെന്നും താരത്തിനെ നേരിടാനാണ് താന്‍ കാത്തിരിക്കുന്നതെന്നും ഡേവിഡ് കൂട്ടിച്ചേര്‍ത്തു.
‘ബുംറ മാരകമായ യോര്‍ക്കറുകള്‍ എറിയും. അതിനാല്‍ ഞാന്‍ അവനെതിരെ കൂടുതല്‍ ശ്രദ്ധാലുവാകും. അവന്‍ ഒരു മികച്ച ബൗളറാണ്. മികച്ച ടീമുകള്‍ക്കെതിരെയും കളിക്കാര്‍ക്കെതിരെയും വലിയ പ്രകടനങ്ങള്‍ നടത്തുമ്പോള്‍, ഒരു കളിക്കാരനെന്ന നിലയില്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന ഏറ്റവും മികച്ച അനുഭവങ്ങളാണിവ. അതിനാല്‍ മികച്ച കളിക്കാരാല്‍ വെല്ലുവിളിക്കപ്പെടാന്‍ ആഗ്രഹിക്കുന്നു. അതിനായാണ് ഞാന്‍ കാത്തിരിക്കുന്നത്,’ ഡേവിഡ് പറഞ്ഞു.
Content Highlight: IPL 2025: RCB vs MI: Royal Challengers Bengaluru Batter Tim David Says Their Opening Batter Will Hit Six Or For Against Jasprit Bumrah In The Clash Against Mumbai Indians