IPL
എന്തുകൊണ്ട് സൂര്യയുടെ കരിയറിലെ ഏറ്റവും നിര്‍ണായക മത്സരത്തില്‍ രോഹിത് ശര്‍മ ടീമിലില്ല? വ്യക്തമാക്കി പാണ്ഡ്യ
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 04, 02:49 pm
Friday, 4th April 2025, 8:19 pm

ഐ.പി.എല്‍ 2025ലെ 16ാം മത്സരം ആരംഭിച്ചിരിക്കുകയാണ്. ലഖ്നൗവിലെ എകാന അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഹോം ടീമായ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് മുംബൈ ഇന്ത്യന്‍സിനെ നേരിടുകയാണ്. മത്സരത്തില്‍ ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് എതിരാളികളെ ബാറ്റിങ്ങിനയച്ചു.

സൂപ്പര്‍ താരവും മുന്‍ ക്യാപ്റ്റനുമായ രോഹിത് ശര്‍മയില്ലാതെയാണ് മുംബൈ ഇന്ത്യന്‍സ് ലഖ്നൗവിനെ നേരിടാനിറങ്ങയിരിക്കുന്നത്. മൂന്ന് വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് രോഹിത്തിന് ഒരു ഐ.പി.എല്‍ മത്സരം നഷ്ടപ്പെടുന്നത്.

 

നെറ്റ്സില്‍ പ്രാക്ടീസിനിടെ കാല്‍മുട്ടില്‍ പന്തടിച്ചുകൊണ്ട് പരിക്കേറ്റതിനാലാണ് രോഹിത് ടീമിന്റെ ഭാഗമാകാത്തത് എന്നാണ് മുംബൈ ഇന്ത്യന്‍സ് നല്‍കുന്ന വിശദീകരണം. പരിക്ക് ഗരുതരമല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

2021ല്‍ ദുബായില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ നടന്ന മത്സരത്തിലാണ് രോഹിത് ഇതിന് മുമ്പ് കളത്തിലിറങ്ങാതിരുന്നത്. 1,292 ദിവസങ്ങള്‍ക്ക് ശേഷം, കൃത്യമായി പറഞ്ഞാല്‍ മൂന്ന് വര്‍ഷവും ആറ് മാസവും 15 ദിവസത്തിനും ശേഷമാണ് രോഹിത്തിന് ഒരു ഐ.പി.എല്‍ മത്സരം നഷ്ടമാകുന്നത്.

സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവിനെ സംബന്ധച്ച് ഈ മത്സരം ഏറെ സ്‌പെഷ്യലാണ്. മുംബൈ ഇന്ത്യന്‍സിനായി 100ാം മത്സരത്തിനാണ് താരം കളത്തിലിറങ്ങുന്നത്. ഈ നേട്ടത്തിലെത്തുന്ന എട്ടാമത് താരമാണ് സൂര്യ.

കെയ്റോണ്‍ പൊള്ളാര്‍ഡ്, രോഹിത് ശര്‍മ, ഹര്‍ഭജന്‍ സിങ്, ലസിത് മലിംഗ, അംബാട്ടി റായിഡു, ജസ്പ്രീത് ബുംറ, ഹര്‍ദിക് പാണ്ഡ്യ എന്നിവരാണ് ഇതിന് മുന്‍പ് ഈ നേട്ടത്തിലെത്തിയ മുംബൈ താരങ്ങള്‍.

അതേസമയം, പവര്‍പ്ലേ അവസാനിക്കുമ്പോള്‍ ഒറ്റ വിക്കറ്റും നഷ്ടപ്പെടാതെ 69 റണ്‍സ് എന്ന നിലയിലാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. അര്‍ധ സെഞ്ച്വറി നേടിയ മിച്ചല്‍ മാര്‍ഷും ഏയ്ഡന്‍ മര്‍ക്രവുംമാണ് ക്രീസില്‍.

മാര്‍ഷ് 30 പന്തില്‍ 60 റണ്‍സും മര്‍ക്രം ആറ് പന്തില്‍ ഏഴ് റണ്‍സുമായാണ് ക്രീസില്‍ തുടരുന്നത്.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പ്ലെയിങ് ഇലവന്‍

മിച്ചല്‍ മാര്‍ഷ്, ഏയ്ഡന്‍ മര്‍ക്രം, നിക്കോളാസ് പൂരന്‍, റിഷബ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ആയുഷ് ബദോണി, ഡേവിഡ് മില്ലര്‍, ആബ്ദുള്‍ സമദ്, ഷര്‍ദുല്‍ താക്കൂര്‍, ദിഗ്വേഷ് സിങ്, ആകാശ് ദീപ്, ആവേശ് ഖാന്‍.

മുംബൈ ഇന്ത്യന്‍സ് പ്ലെയിങ് ഇലവന്‍

വില്‍ ജാക്‌സ്, റിയാന്‍ റിക്കല്‍ടണ്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, രാജ് ബാവ, മിച്ചല്‍ സാന്റ്‌നര്‍, ട്രെന്റ് ബോള്‍ട്ട്, അശ്വനി കുമാര്‍, ദീപക് ചഹര്‍, വിഘ്‌നേഷ് പുത്തൂര്‍.

 

Content highlight: IPL 2025: MI vs LSG: Hardik Pandya ecplains why Rohit Sharma is not included in playing eleven