ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന പഞ്ചാബ് കിങ്സ് – ലഖ്നൗ സൂപ്പര്‍ ജയന്റ്സ് മത്സരത്തില്‍ പഞ്ചാബ് വിജയിച്ചിരുന്നു. ലഖ്നൗവിന്റെ സ്വന്തം തട്ടകമായ എകാന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ വിജയമാണ് പഞ്ചാബ് സ്വന്തമാക്കിയത്.
ലഖ്നൗ ഉയര്‍ത്തിയ 172 റണ്‍സിന്റെ വിജയലക്ഷ്യം 22 പന്ത് ബാക്കി നില്‍ക്കവെ പഞ്ചാബ് മറികടക്കുകയായിരുന്നു. പ്രഭ്സിമ്രാന്‍ സിങ്, ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍, നേഹല്‍ വധേര എന്നിവരുടെ മികച്ച പ്രകടനത്തിന്റെ കരുത്തിലാണ് പഞ്ചാബ് സീസണിലെ രണ്ടാം വിജയവും നേടിയത്.
A-𝐃𝐔𝐁! 🤌🏻 pic.twitter.com/K1bJBkSMu5
— Punjab Kings (@PunjabKingsIPL) April 1, 2025
പഞ്ചാബിനോടുള്ള തോല്‍വിയോടെ സീസണിലെ രണ്ടാം തോല്‍വിയും ഏറ്റുവാങ്ങിയിരിക്കുകയാണ് ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ്. നിക്കോളാസ് പൂരന്‍ (30 പന്തില്‍ 44), ആയുഷ് ബദോനി (33 പന്തില്‍ 41), അബ്ദുല്‍ സമദ് (12 പന്തില്‍ 27) എന്നിവരാണ് മത്സരത്തില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചത്.
സണ്‍റൈസേഴ്സ് ഹൈദരാബാദിനോട് മാത്രമാണ് ഈ സീസണില്‍ സൂപ്പര്‍ ജയന്റ്‌സിന് വിജയിക്കാനായത്. ആദ്യ മത്സരത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സിനെതിരെ 209 റണ്‍സെടുത്തിട്ടും ഒരു വിക്കറ്റിന്റെ തോല്‍വി ഏറ്റുവാങ്ങിയിരുന്നു.
രണ്ടാം തോല്‍വിക്ക് പിന്നാലെ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനെ വിമര്‍ശിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്. ലഖ്നൗ മികച്ച പ്രകടനം കാഴ്ച വെക്കുന്നില്ലയെന്നും അവരുടേത് ടൂര്‍ണമെന്റിലെ ഏറ്റവും ദുര്‍ബലമായ ബൗളിങ്ങാണെന്നും ഹര്‍ഭജന്‍ പറഞ്ഞു. റിഷബിന്റെ സംഘത്തിന് നിക്കോളാസ് പൂരന്‍ മാത്രമേയുള്ളൂവെന്നും അവരുടെ ഏറ്റവും മികച്ച ബൗളറായ ഷര്‍ദുല്‍ താക്കൂര്‍ ബൗളിങ്ങില്‍ മികച്ച പ്രകടനം കാഴ്ച വെച്ചില്ല എന്നും മുന്‍ സ്പിന്നര്‍ കൂട്ടിച്ചേര്‍ത്തു.
‘ലഖ്നൗ മികച്ച പ്രകടനം കാഴ്ച വെക്കുന്നില്ല. ടൂര്‍ണമെന്റിലെ ഏറ്റവും ദുര്‍ബലമായ ബൗളിങ്ങാണ് അവരുടേത്. അവര്‍ക്ക് നിക്കോളാസ് പൂരന്‍ മാത്രമേയുള്ളൂ. ഒരിക്കല്‍ അവരുടെ ഏറ്റവും മികച്ച ബൗളറായ ഷര്‍ദുല്‍ താക്കൂര്‍ അടി വാങ്ങുകയാണ്. അതോടെ ടീമിന് തിരിച്ചുവരവ് നടത്താന്‍ കഴിഞ്ഞില്ല.
താക്കൂര്‍ ബൗളിങ്ങില്‍ മികച്ച പ്രകടനം കാഴ്ച വെച്ചില്ല. അദ്ദേഹം ലഖ്നൗവിന്റെ പദ്ധതിയില്‍ പോലും ഉണ്ടായിരുന്നില്ല. പക്ഷേ മൊഹ്സിന്‍ ഖാന് പരിക്കേറ്റതാണ് ഓള്‍റൗണ്ടര്‍ക്ക് അവസരം നല്‍കിയത്,’ ഹര്‍ഭജന്‍ പറഞ്ഞു.
ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിന്റെ അടുത്ത മത്സരം ഏപ്രില്‍ അഞ്ചിനാണ്. മുന്‍ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സാണ് എതിരാളികള്‍. സൂപ്പര്‍ ജയന്റ്‌സിന്റെ ഹോം ഗ്രൗണ്ടായ എകാന ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം.
Content Highlight: IPL 2025: LSG vs PBKS: Former Indian Cricketer Harbhajan Singh Criticizes Lucknow Super Giants And Says They Have Only Nicholas Pooran