IPL
ഡി.എസ്.പി സിറാജിന്റെ നൂറാം അറസ്റ്റ്; സ്വന്തം കരിയര്‍ തിരുത്തിക്കുറിച്ച് മുഹമ്മദ് സിറാജ്
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 06, 03:23 pm
Sunday, 6th April 2025, 8:53 pm

ഐ.പി.എല്‍ 2025ലെ 19ാം മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടുകയാണ്. ഹൈദരാബാദിന്റെ ഹോം ഗ്രൗണ്ടായ ഉപ്പലിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയമാണ് മത്സരത്തിന് വേദിയാകുന്നത്.

ടോസ് നേടിയ ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ശുഭ്മന്‍ ഗില്‍ ഫീല്‍ഡിങ് തെരഞ്ഞെടുത്തു.

മത്സരത്തിന്റെ ആദ്യ ഓവറില്‍ തന്നെ സണ്‍റൈസേഴ്‌സിന് തിരിച്ചടിയേറ്റിരുന്നു. സൂപ്പര്‍ താരം ട്രാവിസ് ഹെഡിനെ മടക്കി മുഹമ്മദ് സിറാജാണ് ഓറഞ്ച് ആര്‍മിയെ സമ്മര്‍ദത്തിലേക്ക് തള്ളിയിട്ടത്.

ആദ്യ ഓവറിലെ അവസാന പന്തില്‍ സായ് സുദര്‍ശന് ക്യാച്ച് നല്‍കി മടങ്ങുമ്പോള്‍ അഞ്ച് പന്തില്‍ എട്ട് റണ്‍സായിരുന്നു ഹെഡിന്റെ സമ്പാദ്യം. ഐ.പി.എല്‍ കരിയറിലെ 99ാം വിക്കറ്റാണ് സിറാജ് സ്വന്തമാക്കിയത്.

അധികം വൈകാതെ സിറാജ് തന്റെ നൂറാം ഐ.പി.എല്‍ വിക്കറ്റും നേടി. യുവതാരം അഭിഷേക് ശര്‍മയെ രാഹുല്‍ തെവാട്ടിയയുടെ കൈകളിലെത്തിച്ചാണ് സിറാജ് മടക്കിയത്.

ഐ.പി.എല്ലില്‍ നൂറ് വിക്കറ്റ് പൂര്‍ത്തിയാക്കുന്ന 25ാം താരമെന്ന റെക്കോഡ് നേട്ടത്തോടെയാണ് സിറാജ് അഭിഷേകിന്റെ വിക്കറ്റ് ആഘോഷമാക്കിയത്. ഈ നേട്ടത്തിലെത്തുന്ന 19ാം ഇന്ത്യന്‍ താരവും 12ാം ഇന്ത്യന്‍ പേസറുമാണ് സിറാജ്.

 

കരിയറിലെ 96ാം ഇന്നിങ്‌സിലാണ് സിറാജ് ഈ നേട്ടത്തിലെത്തിയത്. ഗുജറാത്ത് ടൈറ്റന്‍സിന് പുറമെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകള്‍ക്ക് വേണ്ടിയാണ് താരം കളത്തിലിറങ്ങിയത്.

അതേസമയം, നിലവില്‍ 15 ഓവര്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 105 എന്ന നിലയിലാണ് സണ്‍റൈസേഴ്‌സ്. മൂന്ന് പന്തില്‍ രണ്ട് റണ്‍സുമായി അനികേത് വര്‍മയും 33 പന്തില്‍ 31 റണ്‍സുമായി നിതീഷ് കുമാര്‍ റെഡ്ഡിയുമാണ് ക്രീസില്‍.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്ലെയിങ് ഇലവന്‍

അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ്, ഇഷാന്‍ കിഷന്‍, നിതീഷ് കുമാര്‍ റെഡ്ഡി, ഹെന്‌റിക് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), അനികേത് വര്‍മ, കാമിന്ദു മെന്‍ഡിസ്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), സീഷന്‍ അന്‍സാരി, ജയ്‌ദേവ് ഉനദ്കട്, മുഹമ്മദ് ഷമി.

ഗുജറാത്ത് ടൈറ്റന്‍സ് പ്ലെയിങ് ഇലവന്‍

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), സായ് സുദര്‍ശന്‍, ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), ഷാരൂഖ് ഖാന്‍, രാഹുല്‍ തേവാട്ടിയ, വാഷിങ്ടണ്‍ സുന്ദര്‍, റാഷിദ് ഖാന്‍, രവിശ്രീനിവാസന്‍ സായ് കിഷോര്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഇഷാന്ത് ശര്‍മ.

 

Content Highlight: IPL 2025: GT vs SRH: Mohammed Siraj completes 100 IPL wickets