IPL
മറ്റാരേക്കാളും എനിക്ക് ഇവിടെ നന്നായി അറിയാം; തുറന്ന് പറഞ്ഞ് രാഹുല്‍
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 11, 03:14 am
Friday, 11th April 2025, 8:44 am

ഐ.പി.എല്ലില്‍ അപരാജിതരായി കുതിക്കുകയാണ് അക്‌സറിന്റെ ദല്‍ഹി ക്യാപിറ്റല്‍സ്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ക്യാപിറ്റല്‍സ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെയും വിജയം സ്വന്തമാക്കിയിരിക്കുകയാണ്.

റോയല്‍ ചലഞ്ചേഴ്സിന്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിന്റെ വിജയമാണ് ക്യാപ്പിറ്റല്‍സ് സ്വന്തമാക്കിയത്. ഇതോടെ ഐ.പി.എല്ലില്‍ തുടര്‍ച്ചയായ നാല് വിജയങ്ങള്‍ നേടാനും ദല്‍ഹിക്ക് സാധിച്ചു.

റോയല്‍ ചലഞ്ചേഴ്സ് ഉയര്‍ത്തിയ 164 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ക്യാപ്പിറ്റല്‍സ് 13 പന്ത് ബാക്കി നില്‍ക്കെ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയം പിടിച്ചെടക്കുകയായിരുന്നു. തകര്‍പ്പന്‍ പ്രകടനവുമായി തിളങ്ങിയ സൂപ്പര്‍ താരം കെ.എല്‍. രാഹുലിന്റെ കരുത്തിലാണ് ക്യാപ്പിറ്റല്‍സ് വിജയം സ്വന്തമാക്കിയത്.

53 പന്തില്‍ പുറത്താകാതെ 93 റണ്‍സാണ് രാഹുല്‍ നേടിയത്. ഏഴ് ഫോറും ആറ് സിക്സറും അടക്കം 175.47 എന്ന തകര്‍പ്പന്‍ സ്ട്രൈക്ക് റേറ്റിലാണ് രാഹുല്‍ സ്‌കോര്‍ ചെയ്തത്. ഒരുവേള 28 പന്തില്‍ 29 റണ്‍സ് എന്ന നിലയില്‍ നിന്നുമാണ് രാഹുല്‍ ബീസ്റ്റ് മോഡിലേക്ക് ഗിയര്‍ മാറ്റിയത്.

ഇപ്പോള്‍ മത്സരത്തിലെ തന്റെ പ്രകടനത്തെ കുറിച്ച് സംസാരിക്കുകയാണ് ദല്‍ഹി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ.എല്‍. രാഹുല്‍. മത്സരത്തില്‍ സാഹചര്യങ്ങള്‍ മനസിലാക്കിയതിന് ശേഷമാണ് താന്‍ ഷോട്ടുകള്‍ കളിച്ചതെന്നും ഏതൊക്കെ മേഖലകളാണ് ലക്ഷ്യമിടേണ്ടതെന്ന് തനിക്കറിയാമായിരുന്നുവെന്നും താരം പറഞ്ഞു.

 

‘ഇതൊരു ബുദ്ധിമുട്ടുള്ള വിക്കറ്റായിരുന്നു. സഹായിച്ചത് വിക്കറ്റ് കീപ്പിങ് ആയിരുന്നു. മത്സരത്തില്‍ സാഹചര്യങ്ങള്‍ മനസിലാക്കിയതിന് ശേഷമാണ് ഞാന്‍ ഷോട്ടുകള്‍ കളിച്ചത്. ഏതൊക്കെ മേഖലകളാണ് ലക്ഷ്യമിടേണ്ടതെന്ന് എനിക്കറിയാമായിരുന്നു.

ആര്‍.സി.ബി ബാറ്റര്‍മാര്‍ വരുത്തിയ പിഴവുകളെക്കുറിച്ചും ഫോറുകളും സിക്‌സറുകളും അടിക്കാന്‍ അവര്‍ തെരഞ്ഞെടുത്ത മേഖലകളെയും കുറിച്ചും എനിക്ക് അറിയാമായിരുന്നു,’ രാഹുല്‍ പറഞ്ഞു.

ബെംഗളൂരു ചിന്നസ്വാമിയുമായുള്ള തന്റെ ബന്ധത്തെ കുറിച്ചും രാഹുല്‍ സംസാരിച്ചു. ഇത് തന്റെ ഹോം ഗ്രൗണ്ടാണെന്നും മറ്റാരേക്കാളും എനിക്ക് ഇവിടെ നന്നായി അറിയാമെന്നും രാഹുല്‍ പറഞ്ഞു. പരിശീലനത്തില്‍ മണിക്കൂറുകളോളം ചെലവഴിക്കുന്നതിനേക്കാള്‍ തനിക്ക് വ്യത്യസ്ത വിക്കറ്റുകളില്‍ വൈദഗ്ധ്യം നേടുന്നതിലാണ് താത്പര്യമെന്നും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കൂട്ടിച്ചേര്‍ത്തു.

‘ഇത് എന്റെ ഗ്രൗണ്ടാണ്, ഇതാണ് എന്റെ വീട്. മറ്റാരേക്കാളും എനിക്ക് ഇവിടെ നന്നായി അറിയാം. സാഹചര്യത്തിനും വേദികള്‍ക്കും അനുസൃതമായാണ് ഞാന്‍ പരിശീലിക്കാറുള്ളത്.

പരിശീലന സെഷനുകളില്‍ മണിക്കൂറുകളോളം ചെലവഴിക്കുന്നതില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. വ്യത്യസ്ത വിക്കറ്റുകളില്‍ കളിക്കുന്നതില്‍ എനിക്ക് വൈദഗ്ധ്യം നേടണം,’ രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

സീസണില്‍ തന്റെ പുതിയ ടീമില്‍ മികച്ച പ്രകടനമാണ് കെ.എല്‍. രാഹുല്‍ നടത്തുന്നത്. മൂന്ന് മത്സരങ്ങളില്‍ രണ്ട് അര്‍ധ സെഞ്ച്വറിയുമായി 185 റണ്‍സെടുത്തിട്ടുണ്ട്. 92.50 ശരാശരിയും 169.72 സ്‌ട്രൈക്ക് റേറ്റുമാണ് താരത്തിന്റെ പേരിലുള്ളത്. വ്യക്തിപരമായ കാരണങ്ങളാല്‍ ആദ്യ മത്സരത്തില്‍ ടീമിനോടൊപ്പം ഇല്ലാതിരുന്ന താരം രണ്ടാം മത്സരത്തിലാണ് ദല്‍ഹിക്കായി കളത്തിലിറങ്ങിയത്.

Content Highlight: IPL 2025: DC vs RCB: Delhi Capitals Super Hero KL Rahul Speaks About His Performance Against Royal Challengers Bengaluru