ഫോര്‍മാറ്റ് മാറിയോ, എന്റെ പൊന്നു വിരാടേ ഇത് ടി-20യാണ്; ഫിഫ്റ്റിയിലും നാണംകെട്ട ഇരട്ട റെക്കോഡുമായി വിരാട്
IPL
ഫോര്‍മാറ്റ് മാറിയോ, എന്റെ പൊന്നു വിരാടേ ഇത് ടി-20യാണ്; ഫിഫ്റ്റിയിലും നാണംകെട്ട ഇരട്ട റെക്കോഡുമായി വിരാട്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 25th April 2024, 10:14 pm

ഐ.പി.എല്‍ 2024ലെ 41ാം മത്സരത്തില്‍ സണ്‍റൈസേഴ്‌സിനെ അവരുടെ തട്ടകത്തിലെത്തി നേരിടുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ഉപ്പലിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ സന്ദര്‍ശകര്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ആര്‍.സി.ബി നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സ് നേടി. വിരാട് കോഹ്‌ലിയുടെയും രജത് പാടിദാറിന്റെയും അര്‍ധ സെഞ്ച്വറി കരുത്തിലാണ് ആര്‍.സി.ബി മികച്ച സ്‌കോര്‍ നേടിയത്.

വിരാട് 43 പന്തില്‍ 51 റണ്‍സ് നേടിയപ്പോള്‍ 20 പന്തില്‍ 50 റണ്‍സ് നേടിയാണ് പാടിദാര്‍ വെടിക്കെട്ട് നടത്തിയത്.

ഈ സെന്‍സിബിള്‍ ഇന്നിങ്‌സിന് പിന്നാലെ രണ്ട് മോശം റെക്കോഡുകളാണ് വിരാടിനെ തേടിയെത്തിയത്.

ഐ.പി.എല്ലില്‍ 120ലോ അതില്‍ കുറവോ സ്‌ട്രൈക്ക് റേറ്റില്‍ ഏറ്റവുമധികം 50+ സ്‌കോര്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ വിരാട് ഒന്നാമതെത്തിയിരിക്കുകയാണ്. ഈ മത്സരത്തില്‍ 118.60 ആണ് താരത്തിന്റെ പ്രഹര ശേഷി.

ഐ.പി.എല്ലില്‍ 120ഓ അതില്‍ കുറവോ സ്‌ട്രൈക്ക് റേറ്റില്‍ ഏറ്റവുമധികം 50+ റണ്‍സ് നേടിയ താരങ്ങള്‍

വിരാട് കോഹ്‌ലി – 7 തവണ

ശിഖര്‍ ധവാന്‍ – 7 തവണ

ഡേവിഡ് വാര്‍ണര്‍ – 7 തവണ

ഗൗതം ഗംഭീര്‍ – 5 തവണ

ജാക് കാല്ലിസ് – 5 തവണ

കെ.എല്‍. രാഹുല്‍ – 5 തവണ

 

ഇതിന് പുറമെ ഈ സീസണില്‍ മിഡില്‍ ഓര്‍ഡറില്‍ ഏറ്റവും മോശം സ്‌ട്രൈക്ക് റേറ്റുള്ള ബാറ്റര്‍മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തും വിരാടിന്റെ പേരെഴുതിച്ചേര്‍ക്കപ്പെട്ടു.

ഐ.പി.എല്‍ 2024ലെ മിഡില്‍ ഓവറുകളില്‍ ഏറ്റവും മോശം സ്‌ട്രൈക്ക് റേറ്റ് (മിനിമം 100 റണ്‍സ്)

(താരം – സ്‌ട്രൈക്ക് റേറ്റ് എന്നീ ക്രമത്തില്‍)

ശ്രേയസ് അയ്യര്‍ – 119.09

വിരാട് കോഹ് ലി – 123.28*

ഏയ്ഡന്‍ മര്‍ക്രം – 126.74

സായ് സുദര്‍ശന്‍ – 130.49

കെ.എല്‍. രാഹുല്‍ – 133.33

ഋതുരാജ് ഗെയ്ക്വാദ് – 136.11

അതേസമയം, ആര്‍.സി.ബി ഉയര്‍ത്തിയ 207 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഹൈദരാബാദിന് പവര്‍പ്ലേയില്‍ തന്നെ നാല് വിക്കറ്റ് നഷ്ടമായിരിക്കുകയാണ്.

നിലവില്‍ ആറ് ഓവര്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റിന് 64 എന്ന നിലയിലാണ് സണ്‍റൈസേഴ്‌സ്. രണ്ട് പന്തില്‍ മൂന്ന് റണ്‍സുമായി ഷഹബാസ് അഹമ്മദും എട്ട് പന്തില്‍ പത്ത് റണ്‍സുമായി നിതീഷ് കുമാര്‍ റെഡ്ഡിയുമാണ് ക്രീസില്‍.

സണ്‍റൈസേഴ്‌സ് ഹൈദരബാദ് പ്ലെയിങ് ഇലവന്‍:

അഭിഷേക് ശര്‍മ, ഏയ്ഡന്‍ മര്‍ക്രം, ഹെന്റിക് ക്ലാസന്‍, അബ്ദുള്‍ സമദ്, ഷഹബാസ് അഹമ്മദ്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍, ജയദേവ് ഉനദ്കട്, മായങ്ക് മാര്‍ക്കണ്ഡേ

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പ്ലെയിങ് ഇലവന്‍:

ഫാഫ് ഡു പ്ലെസി (ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, വില്‍ ജാക്സ്, രജത് പാടിദാര്‍, കാമറൂണ്‍ ഗ്രീന്‍, ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), മഹിപാല്‍ ലോംറോര്‍, ലോക്കി ഫെര്‍ഗൂസന്‍, കരണ്‍ ശര്‍മ, മുഹമ്മദ് സിറാജ്, യാഷ് ദയാല്‍.

 

 

Content Highlight: IPL 2024: RCB vs SRH: Virat Kohli created 2 worst records